
ലഖ്നൗ: ബുലന്ദ്ഷഹർ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വിഷയം ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. ദില്ലിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറിന്റെ സഹോദരി, ആൺമക്കൾ, ഭാര്യ എന്നിവരും യോഗി ആദിത്യനാഥിനെ സന്ദർശിച്ചിരുന്നു.
പശുവിന്റേതെന്ന് കരുതപ്പെടുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ബുലന്ദ്ഷഹറിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഇതിനെത്തുടർന്ന് ഒന്നിച്ചു കൂടിയ ആൾക്കൂട്ടം പൊലീസ് സ്റ്റേഷൻ ആക്രമിക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു. സംഘർഷത്തോട് സർക്കാർ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ശക്തമായ വിമർശനം നിലനിൽക്കെയാണ് യോഗി-മോദി കൂടിക്കാഴ്ച നടത്തിയത്.
സംഘർഷത്തിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാറിന്റെ ഭാര്യയ്ക്ക് 40 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് യോഗി സർക്കാർ പ്രഖ്യാപിച്ചിരുന്നു. മാതാപിതാക്കൾക്ക് പത്ത് ലക്ഷം രൂപയും കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലിയും നൽകും. സിയാന പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്നു സുബോധ് കുമാർ. 2015ലെ അഖ്ലാഖ് വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു അദ്ദേഹം.
സംഭവം നടന്നു ദിവസങ്ങൾ പിന്നിട്ടിട്ടും കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാതെ ഗോവധത്തിന് പിന്നിലുള്ളവരെ എത്രയും പെട്ടെന്ന് കണ്ടെത്തുമെന്നുള്ള യോഗിയുടെ പ്രഖ്യാപനം വൻവിമർശനത്തിന് കാരണമായിത്തീർന്നിരുന്നു. അന്വേഷണത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് സുബോധ്കുമാറിന്റെ കുടുംബവും ആരോപണമുന്നയിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam