
റോസ്റ്റൗ: മുന്‍ ലോക ചാമ്പ്യന്മാരുടെ പ്രൗഡി കളത്തിലെടുക്കാതെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഉറുഗ്വെ ഒരുവിധം ജയിച്ച് കയറി. നൂറാം മത്സരം കളിക്കുന്ന സുവാരസ് ആദ്യ പകുതിയില്‍ നേടിയ ഒരു ഗോളിന്‍റെ ബലത്തിലാണ് ഏഷ്യന്‍ ശക്തികളായ സൗദി അറേബ്യയെ ലാറ്റിനമേരിക്കന്‍ വമ്പന്മാര്‍ കെട്ടുക്കെട്ടിച്ചത്. ഇതോടെ എ ഗ്രൂപ്പില്‍ നിന്ന് റഷ്യയും ഉറുഗ്വെയും പ്രീക്വാര്‍ട്ടറില്‍ എത്തി. സൗദിയും ഈജിപ്തും പുറത്തായി.
പതിഞ്ഞ തുടക്കമാണ് മത്സരത്തിന് ലഭിച്ചത്. ഇരു ടീമുകളും വാശി കൂടാതെ പന്ത് തട്ടിയപ്പോള്‍ റോസ്റ്റൗ അരീനയിലെ പോരാട്ടത്തിന് തീപിടിക്കാന്‍ ഒരു ഗോള്‍ പിറക്കേണ്ടി വന്നു. കഴിഞ്ഞ മത്സരത്തില്‍ ഈജിപ്തിനെതിരെ ഒരുവിധം ജയിച്ചു കയറിയ ലാറ്റിനമേരിക്കന്‍ ടീം ഇന്നും ലക്ഷ്യബോധമില്ലാതെയാണ് കളി തുടങ്ങിയത്. അവസരം മുതലെടുത്ത് സൗദി ചില നീക്കങ്ങള്‍ നടത്തി നോക്കിയെങ്കിലും ഉറുഗ്വെ പ്രതിരോധ നിരയെ പരീക്ഷിക്കുന്ന മുന്നേറ്റം ഒന്നും തന്നെ പിറന്നില്ല.
13-ാം മിനിറ്റില്‍ ഉറുഗ്വെയുടെ സൂപ്പര്‍ സ്ട്രെെക്കര്‍ എഡിസണ്‍ കവാനിക്ക് അവസരം ലഭിച്ചെങ്കിലും പിഎസ്ജി താരത്തിന്‍റെ വോളി വലിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. ആവേശമില്ലാതെ കളി മുന്നോട്ട് പോകുമ്പോഴാണ് 23-ാം മിനിറ്റില്‍ സുവാരസിന്‍റെ ഗോള്‍ പിറന്നത്. കാര്‍ലോസ് സാഞ്ചസ് തൊടുത്ത കോര്‍ണര്‍ എത്തിയത് ബോക്സിനുള്ളില്‍ കാത്തിരുന്ന സുവാരസിന്‍റെ കാല്‍പാകത്തിന്. തടസങ്ങള്‍ ഒന്നുമില്ലാതെ നിന്ന സുവാരസ് നിഷ്പ്രയാസം പന്ത് വലയിലാക്കി.
29-ാം മിനിറ്റില്‍ സൗദിക്കും ഗോള്‍ നേടാന്‍ അവസരമൊരുങ്ങിയതാണ്. പക്ഷേ, ഹതന്‍ ബെഹ്ബറിയുടെ ഷോട്ട് ഉറുഗ്വെയന്‍ ഗോള്‍കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേറയെ ശല്യപ്പെടുത്താതെ പുറത്ത് പോയി. രണ്ടാം പകുതിയിലും കളിക്ക് വലിയ ഊര്‍ജം ഒന്നും ലഭിച്ചില്ല. ഒരു ഗോളിന്‍റെ മേല്‍ക്കെെ ലഭിച്ച ഉറുഗ്വെ അതില്‍ പിടിച്ചു തുങ്ങാനുള്ള ശ്രമം നടത്തിയപ്പോള്‍ സൗദി സമനില നേടാന്‍ അവര്‍ക്ക് ആവും വിധമൊക്കെ ശ്രമിച്ചു. മുന്നേറ്റനിരയില്‍ ഇറങ്ങിയ ഫഹദ് മങ്ങിയപ്പോള്‍, മികച്ച നീക്കങ്ങള്‍ പോലും ഉറുഗ്വെ ബോക്സില്‍ എത്തിയപ്പോള്‍ പാളി.
51-ാം മിനിറ്റില്‍ സുവാരസ് എടുത്ത ഫ്രീകിക്ക് സൗദി മതിലില്‍ തട്ടിയെത്തിയെങ്കിലും ഗോള്‍കീപ്പര്‍ മുഹമ്മദ് അലോവിസ് കുത്തിയകറ്റി. ലോകകപ്പില്‍ ഒരു ഗോള്‍ ആദ്യം വഴങ്ങിയ കളികള്‍ ഒന്നും ഇതുവരെ ജയിച്ചിട്ടില്ലെന്ന ചരിത്രമാണ് ഈ കളിയിലും സൗദിയെ വേട്ടയാടിയത്. 62-ാം മിനിറ്റില്‍ ഉറുഗ്വെയ്ക്ക് രണ്ടാം ഗോള്‍ നേടാനുള്ള സുന്ദരമായ അവസരം ലഭിച്ചു. വളരെ വേഗം എടുത്ത ഫ്രീക്കിക്കിനൊപ്പം എഡിസണ്‍ കവാനി ഓടിയെത്തി.
ഒന്ന് നിലയുറപ്പിച്ച താരം ഓടിക്കയറിയ കാര്‍ലോസ് സാഞ്ചസിന് കൃത്യമായി പന്ത് എത്തിച്ചെങ്കിലും ഹെഡ്ഡര്‍ ഗോള്‍ പോസ്റ്റിന് മുകളിലൂടെ പറന്നു. മുന്നേറ്റ നിര താരങ്ങളെ മാറ്റി കളം പിടിക്കാനുള്ള ശ്രമമാണ് പിന്നീട് ഏഷ്യന്‍ ടീമിന്‍റെ പരിശീലകന്‍ പിസി യുവാന്‍ ആന്‍റോണിയോ നടത്തിയത്. എന്നാല്‍, അതിനും ഒരു ഗോള്‍ എന്ന സൗദിയുടെ സ്വപ്നത്തെ നിറവേറ്റാന്‍ കഴിഞ്ഞില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam