ഐപിഎൽ മത്സരത്തിനിടെ ലഹരി മരുന്ന് ഉപയോഗിച്ചുവെന്ന ബിജെപി ആരോപണം തമിഴ്‌നാട് മന്ത്രി ഡി. ശരത്കുമാർ നിഷേധിച്ചു.
ചെന്നൈ: ലഹരി മരുന്ന് ഉപയോഗിച്ചുവെന്ന ബിജെപി ഉയർത്തിയ ആരോപണം നിഷേധിച്ച് തമിഴ്‌നാട് മന്ത്രിയും ടി വി കെ നേതാവുമായ ഡി. ശരത്കുമാർ. പ്രചരിക്കുന്ന ദൃശ്യങ്ങൾ ലഹരി മരുന്നിന്റേതല്ലെന്നും മകൾക്ക് നൽകാനുള്ള മരുന്ന് പൊടിച്ചതാണെന്നുമുള്ള വിശദീകരണവുമായി മന്ത്രി ശരത്കുമാർ രംഗത്തെത്തി. ഭാര്യക്കും മകൾക്കുമൊപ്പം പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു മന്ത്രിയുടെ വിശദീകരണം. രണ്ട് വർഷം മുൻപ് നടന്ന ഐ പി എൽ മത്സരത്തിനിടെ കുട്ടി മരുന്ന് കഴിക്കാൻ മടി കാണിച്ചപ്പോൾ ഗുളിക പൊടിച്ച് ദ്രാവകത്തിൽ കലർത്തി നൽകാൻ ഭാര്യ ആവശ്യപ്പെട്ടുവെന്നും, താൻ അത് ചെയ്യുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നതെന്നും തന്നെ അപകീർത്തിപ്പെടുത്താൻ വീഡിയോ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, അതേസമയം മന്ത്രിയുടെ ഈ വിശദീകരണത്തെ തള്ളി ബിജെപി നേതാവ് വിനോജ് പി. സെൽവം രംഗത്തെത്തി. പുറത്തുവന്ന ഗ്യാലറി ദൃശ്യങ്ങളിൽ എവിടെയും മന്ത്രിയുടെ മകളില്ലെന്നും അതിനാൽ മരുന്നിന്റെ കഥ വിശ്വസിക്കാനാകില്ലെന്നും വിനോജ് ചൂണ്ടിക്കാട്ടുന്നു. കേസിൽ കൃത്യമായ അന്വേഷണം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബിജെപി നേതൃത്വം.
ഐപിഎൽ മത്സരത്തിനിടെ ഗ്യാലറിയിൽ ഇരുന്ന മന്ത്രി മൊബൈൽ ഫോൺ സ്‌ക്രീനിൽ വെള്ള നിറത്തിലുള്ള പൊടി നിരത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് സംഭവം വിവാദമായത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ബിജെപി ആവശ്യം.


