
ഉത്തരാഖണ്ഡ്: സംസ്ഥാനത്ത് പുതിയ കശാപ്പു ശാലകൾക്ക് അനുമതി നൽകില്ലെന്നും തെരുവിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾക്കായി ഗോശാലകൾ നിർമ്മിക്കുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത്. സംസ്ഥാനത്ത് ഗോവധം നിരോധിക്കാനാണ് സർക്കാരിന്റെ തീരുമാനം. അതോപോലെ കശാപ്പുശാലകളും നിർത്തലാക്കും. ''സംസ്ഥാനത്തെ ഗോസംരക്ഷണ നിയമ പ്രകാരമാണ് ഈ തീരുമാനം. 2021 ൽ ഹരിദ്വാറിൽ നടക്കാനിരിക്കുന്ന മഹാകുംഭ മേളയ്ക്ക് മുമ്പ് സംസ്ഥാനത്തെ തെരുവുകളിൽ അലഞ്ഞു തിരിയുന്ന പശുക്കൾക്കായി ഗോശാലകൾ നിർമ്മിക്കും. പശുക്കളെ സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ആവശ്യമാണ്.'' റാവത്ത് പറഞ്ഞു.
കഴിഞ്ഞ ഭരണകാലത്ത് കോൺഗ്രസ് അനുവദിച്ച എല്ലാ കശാപ്പുശാലകളുടെയും അനുമതി റദ്ദാക്കും. ഈ വിഷയത്തിൽ ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഡെറാഡൂൺ, ഹരിദ്വാർ, ഉദംസിംഗ് നഗർ എന്നിവിടങ്ങളിൽ പശുക്കളെ സംരക്ഷിക്കുന്നതിനായി പ്രത്യേക പൊലീസ് സേനയെ നിയോഗിക്കും. ബിജെപിയുടെ പ്രത്യയശാസ്ത്രം അനുസരിച്ച് പശുക്കളെ ഗോമാതാ സ്ഥാനം നൽകിയാണ് ആദരിക്കുന്നത്. മിക്ക രാജ്യങ്ങളിലും ഗോസംരക്ഷണ നിയമം നിലനിൽക്കുന്നുണ്ട്. 2021 ന് മുമ്പ് എല്ലാ പശുക്കൾക്കും ഗോശാല നിർമ്മിക്കുമെന്ന് റാവത്ത് ആവർത്തിച്ച് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam