
ലക്നൗ: ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും മറ്റ് അനുബന്ധ അപകടങ്ങളിലുമായി 16 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഷാജഹാൻപുർ മേഖലയിലാണ് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. ഇവിടെ ഇടിമിന്നലേറ്റ് നാല് കുട്ടികളടക്കം ആറു പേർ മരിക്കുകയും ഏഴു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തു.
ഇതുകൂടാതെ സീതാപുർ ജില്ലയിൽ മൂന്നും ഔരിയ്യ, അമേധി എന്നിവിടങ്ങളിൽ രണ്ടു പേർ വീതവും ലഖിംപുരി ഖിരി, റായ്ബറേലി, ഉന്നോ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും മരിച്ചതായും റിപ്പോർട്ടുകളുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായും പരുക്കേറ്റവരെ വിദഗ്ധ ചികിത്സക്കായും ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനു നാല് ലക്ഷം രൂപയുടെ സഹായം കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.
മഴക്കെടുതിയിൽ ഇതുവരെ 461 വീടുകൾക്കു നാശിച്ചതായും 18 മൃഗങ്ങൾ ചത്തതായും ഉത്തർപ്രദേശ് ദുരിതാശ്വാസ കമ്മീഷണർ സഞ്ജയ് കുമാർ അറിയിച്ചു. കൂടാതെ സംസ്ഥാനത്തിന്റെ പലഭാഗത്തായി നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നതായി സഞ്ജയ് കുമാർ പറഞ്ഞു. ലലിത്പുർ ജില്ലയിലെ തൽപേത്ത് തെഹ്സിലിൽ ആറ് പേർ കുടുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചതായും സഞ്ജയ് കുമാർ കൂട്ടിച്ചേർത്തു. അതേസമയം, ഝാൻസിയിലെ എറക് അണക്കെട്ടിനു സമീപമുള്ള ദ്വീപിൽ കുടുങ്ങിയ എട്ട് മത്സ്യത്തൊഴിലാളികളെ വ്യോമസേന രക്ഷപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam