
പഞ്ച്കുല: വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയച്ചെന്ന പരാതിയിൽ ഭാരതീയ ജനതാ യുവമോർച്ച നേതാവ് അറസ്റ്റിൽ. ഹരിയാന യുവമോർച്ച ഉപാധ്യക്ഷൻ അമിത് ഗുപ്തയാണ് അറസ്റ്റിലായത്. ഹരിയാന പ്രദേശ് മഹിളാ കോൺഗ്രസ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് രഞ്ജീതാ മേത്തയുടെ പരാതിയെ തുടർന്നാണ് അമിത് ഗുപ്തയെ അറസ്റ്റ് ചെയ്തത്. സംഭവം വിവാദമായതിനെ തുടർന്ന് ഇയാളെ പദവിയിൽനിന്നും പുറത്താക്കിയതായി ബിജെപി നേതൃത്വം അറിയിച്ചു.
മുതിർന്ന രാഷ്ട്രീയ നേതാക്കൾ, ഉദ്യോഗസ്ഥർ, മാധ്യമ പ്രവർത്തകർ എന്നിവരടങ്ങുന്ന പഞ്ച്കുല മന്തൻ എന്ന വാട്സാപ് ഗ്രൂപ്പിലേക്ക് 65 ഓളം അശ്ലീല വീഡിയോകളാണ് അമിത് അയച്ചതെന്ന് രഞ്ജീതയുടെ പരാതിയിൽ പറയുന്നു. പരാതിയിൽ പൊലീസ് അമിത് ഗുപ്തയെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തു. ഐടി ആക്ട് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ചു വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും അല്ലെങ്കിൽ ഒരു വർഷം തടവോ പിഴയോ അല്ലെങ്കിൽ ഇത് രണ്ടുമാകാമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ പറഞ്ഞു. വീഡിയോയെ പറ്റി സൈബർ ക്രൈം സെല്ല് അന്വേഷിക്കും. കൂടാതെ സംഭവത്തിൽ വീഡിയോ പങ്കുവയ്ക്കുന്ന സമയത്ത് പ്രതി ഉണ്ടായിരുന്ന സ്ഥലം, ഇന്റർനെറ്റ് ഉപയോഗം, ഫോണിലെ മറ്റ് പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഓഗസ്റ്റ് 29, 30 തീയതികളിലായിരുന്നു സംഭവം.
സംഭവത്തിൽ അമിത് ഗുപ്തയെ യുവമോർച്ച ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതായി പഞ്ച്കുല ബിജെപി അധ്യക്ഷൻ ദീപക് ശർമ അറിയിച്ചു. ഒരു കല്യാണത്തിൽ പങ്കെടുക്കാനായി പോയ അമിത് സുഹൃത്തുക്കളുടെ കൈയിൽ ഫോൺ നൽകിയിരുന്നു. തുടർന്ന് സുഹൃത്തുക്കൾ അബദ്ധത്തിൽ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് മറ്റൊരു സുഹൃത്ത് വിളിച്ചപ്പോഴാണ് അമിത് ഗുപ്ത അറിയുന്നതെന്നും ദീപക് ശർമ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam