ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം; കാണാതായ 11 സൈനികരിൽ 2 പേരെ രക്ഷിച്ചതായി കരസേന; 9 പേർക്കായി തെരച്ചിൽ തുടരുന്നു

Published : Aug 05, 2025, 10:49 PM IST
uttarakhand

Synopsis

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തിൽ അകപ്പെട്ട 130 പേരെ രക്ഷപ്പെടുത്തിയതായും കരസേന അറിയിച്ചു.

ദില്ലി: ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തിൽ 11 സൈനികരെ കാണാതായെന്ന് കരസേന. രണ്ട് പേരെ രക്ഷിച്ചതായും 9 പേർക്കായി തെരച്ചിൽ തുടരുന്നതായും കരസേന ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ഉത്തരാഖണ്ഡ് മേഘവിസ്ഫോടനത്തിൽ അകപ്പെട്ട 130 പേരെ രക്ഷപ്പെടുത്തിയതായും കരസേന അറിയിച്ചു. കരസേന, ഐടിബിപി, എൻഡിആർഎഫ്, എസ്ഡിആർഎഫ് എന്നിവർ ചേർന്നാണ് ഇവരെ രക്ഷിച്ചത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

ഉച്ചക്ക് ഒന്നരയോടെയാണ് ഉത്തരകാശിയില്‍ നിന്ന് 76 കിലോമീറ്റര്‍ അകലെയുള്ള ധരാലി ഗ്രാമത്തില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്. ഘീര്‍ഗംഗ നദിയിലൂടെ കുതിച്ചെത്തിയ പ്രളയ ജലം ധരാളി ഗ്രാമത്തെ തുടച്ച് നീക്കി. റിസോര്‍ട്ടുകളും ഹോട്ടലുകളും നിലംപൊത്തി, നിരവധി വീടുകളും തകര്‍ന്നു. തകര്‍ന്ന് വീഴുന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ ജനങ്ങള്‍ പരിഭ്രാന്തരായി ഓടുന്നതും ചെളിയിൽ നിന്ന് കരകയറാൻ പാടുപെടുന്നതും ദൃശ്യങ്ങളില്‍ കാണാം. 

പ്രളയാവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡുകളടക്കം അപ്രത്യക്ഷമായത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി. ധരാലിയിലേക്കുള്ള പാലമടക്കം ഒലിച്ച് പോയതിനാല്‍ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്കെത്താൻ ബുദ്ധിമുട്ടുണ്ട്. നാല്‍പത് കെട്ടിടങ്ങളെങ്കിലും തകര്‍ന്നതായാണ് പ്രാഥമിക വിവരം. വ്യോമമാര്‍ഗമെത്തി കരസേനയും സംസ്ഥാന കേന്ദ്ര ദുരന്ത നിവാരണ സേനകളും രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. നിലവിൽ 150 ഓളം ജവാന്മാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. പ്രാദേശിക ഭരണകൂടത്തിന്റെ സഹായത്തോടെ എൻജിനീയറിങ് സാമഗ്രികൾ ദുരന്ത സ്ഥലത്തെത്തിക്കാനാണ് സേനയുടെ നീക്കം . ജനങ്ങളെ ഒഴിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്ന് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി വ്യക്തമാക്കി.

ധരാളി ഗ്രാമത്തില്‍ മേഘവിസ്ഫോടനമുണ്ടായതിന് പിന്നാലെ സുഖിയിലും തുടര്‍ ദുരന്തമുണ്ടായി. മലമുകളിലെ വനമേഖലയിലാണ് മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവുമുണ്ടായത്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉണ്ടായിരുന്നതൊഴിച്ചാൽ മറ്റു നിർദേശങ്ങൾ നൽകിയിരുന്നില്ല. വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് നേരിയ ആശ്വാസമായി.

 പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും സാഹചര്യം തുടർച്ചയായി വിലയിരുത്തുന്നുണ്ട്. മുഖ്യമന്ത്രി പുഷ്ക്കര്‍ സിംഗ് ധാമിയുമായി സംസാരിച്ച ഇരുവരും സാഹചര്യം വിലയിരുത്തി. രക്ഷാ പ്രവര്‍ത്തനത്തിന് വേണ്ടി വന്നാല്‍ കൂടുതല്‍ സേനയെ അയക്കാനും തീരുമാനമായിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരുണ സംഭവം പാലക്കാട് അട്ടപ്പാടിയിൽ