ഇറാനിൽ തുടരുന്ന ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ 12,000 പേർ കൊല്ലപ്പെട്ടതായി ഇറാൻ ഇന്റർനാഷണൽ എന്ന വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ആധുനിക ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകം എന്നാണ് വെബ്സൈറ്റ് വിശേഷിപ്പിച്ചത്.
ടെഹ്റാൻ: ഇറാനിലെ പ്രക്ഷോഭം മൂന്നാം ആഴ്ചയിൽ എത്തിനിൽക്കുകയാണ്. ഇറാനിൽ സുരക്ഷാ സേനയുടെ ആക്രമണത്തിൽ കുറഞ്ഞത് 12000 പേർ കൊല്ലപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ ഇന്റർനാഷണൽ എന്ന വെബ്സൈറ്റ്. 'ആധുനിക ഇറാന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊലപാതകം' ആണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്നതെന്ന് വെബ്സൈറ്റ് ആരോപിക്കുന്നു. ഇതുവരെ പുറത്തുവന്നതിനേക്കാൾ ഏറെ കൂടുതലാണ് കണക്ക്. വിവിധ മനുഷ്യാവകാശ സംഘടനകൾ പുറത്തുവിട്ട കണക്ക് പ്രകാരം അറുനൂറോളം പേരാണ് കൊല്ലപ്പെട്ടത്.
ഇറാന്‍റെ ദേശീയ സെക്യൂരിറ്റി കൗൺസിൽ, ഇറാൻ പ്രസിഡന്‍റിന്‍റെ ഓഫീസ്, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് അംഗങ്ങൾ, മെഡിക്കൽ ഉദ്യോഗസ്ഥർ, ദൃക്‌സാക്ഷികൾ എന്നിവരിൽ നിന്നെല്ലാമാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് ഇറാൻ ഇന്‍റർനാഷണൽ പറഞ്ഞു. ഈ ഡാറ്റ പരിശോധിച്ച് സ്ഥിരീകരിച്ചതാണെന്നും വെബ്സൈറ്റ് അവകാശപ്പെട്ടു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുന്ന റെവല്യൂഷണറി ഗാർഡുകളും ബാസിജ് സേനകളുമാണ് കൂട്ടകൊലപാതകങ്ങൾ നടത്തിയതെന്നാണ് വെബ്സൈറ്റിൽ പറയുന്നത്. ജനുവരി 8, 9 തിയ്യതികളിൽ രാത്രിയിലാണ് മിക്ക കൊലപാതകങ്ങളും സംഭവിച്ചത്. ആസൂത്രിത അക്രമമാണ് നടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. 30 വയസ്സിന് താഴെയുള്ളവരാണ് കൊല്ലപ്പെട്ടവരിൽ മിക്കവരുമെന്ന് ഇറാൻ ഇന്റർനാഷണലിന്‍റെ റിപ്പോർട്ട് പറയുന്നു. അതേസമയം ഇറാനിലെ അധികൃതർ ഈ റിപ്പോർട്ടിനോട് പ്രതികരിച്ചിട്ടില്ല.
2022ന് ശേഷമുള്ള വൻ ഭരണകൂട വിരുദ്ധ പ്രക്ഷോഭം
2022ന് ശേഷം ഇറാൻ വീണ്ടും വൻ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിന് സാക്ഷ്യം വഹിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയും വർദ്ധിച്ചുവരുന്ന ജീവിത ചെലവുകളുമാണ് പ്രകോപനത്തിന് മുഖ്യ കാരണം. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്കെതിരെ തെരുവിൽ മുദ്രാവാക്യം വിളികളുയർന്നു. പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെട്ടതോടെ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ സർക്കാർ ഐക്യത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ടെഹ്‌റാന്റെ 'ശത്രുക്കൾ' ആണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ശത്രുക്കൾ നുഴഞ്ഞു കയറി കലാപം സൃഷ്ടിച്ചാൽ നേരിടുമെന്ന് ആയത്തുള്ള അലി ഖമനേയിയിയും ശക്തമായ താക്കീത് നൽകിയിട്ടുണ്ട്. അതിനിടെ ഇറാറിലെ പൗരോഹിത്യ ഭരണം അവസാനിപ്പിക്കാനുള്ള തുറന്ന ആഹ്വാനങ്ങളും പ്രതിഷേധത്തിൽ ഉയർന്നു. എന്നാൽ പല ദിവസങ്ങളിലും ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയതോടെ പ്രതിഷേധങ്ങളുടെ വ്യാപ്തിയും സംഘർഷവും സംബന്ധിച്ച കൃത്യമായ വിവരം ലഭ്യമല്ല.
2022ൽ 22 കാരിയായ മഹ്‌സ അമിനി കസ്റ്റഡിയിൽ കൊല്ലപ്പെട്ടതിനെത്തുടർന്ന് ഇറാനിലുടനീളം ബഹുജന പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് പറഞ്ഞായിരുന്നു അമിനിയെ കസ്റ്റഡിയിൽ എടുത്തത്. അമിനിയുടെ സംസ്കാര ചടങ്ങുകൾക്ക് ശേഷം, ഒരു കൂട്ടം സ്ത്രീകൾ സ്വന്തം ശിരോവസ്ത്രങ്ങൾ വലിച്ചുകീറിയതോടെയാണ് പ്രതിഷേധത്തിന്‍റെ തുടക്കം. തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം വ്യാപിച്ചു . പതിനായിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്തു, പ്രതിഷേധിച്ചവർക്കു നേരെ വെടിയുതിർത്തു. പ്രതിഷേധം കനത്തതോടെ 2022 ഡിസംബറിൽ സദാചാര പൊലീസിനെ പിൻവലിച്ചെങ്കിലും അടുത്ത വർഷം പുനസ്ഥാപിച്ചു. ഐക്യരാഷ്ട്രസഭാ പ്രതിനിധികൾ 2024ൽ നടത്തിയ അന്വേഷണത്തിൽ, പ്രക്ഷോഭകർക്കെതിരായ സർക്കാർ നടപടികൾ മാനവരാശിക്കെതിരായ കുറ്റകൃത്യങ്ങൾക്ക് തുല്യമാണെന്ന് കണ്ടെത്തി. അതേസമയം ഇറാൻ സർക്കാർ ഈ റിപ്പോർട്ട് പക്ഷപാതപരം ആണെന്ന് തള്ളിക്കളഞ്ഞു.
അതിനിടെ ഇറാനെതിരെ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാന്‍റെ വ്യാപാര പങ്കാളികൾക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ചു. ട്രംപ് നയതന്ത്രത്തിന് മുൻഗണന നൽകുന്നുവെന്ന് വൈറ്റ് ഹൗസ് പറയുന്നുവെങ്കിലും, സൈനിക നടപടിയുടെ സാധ്യത തള്ളിക്കളയുന്നില്ല. കഴിഞ്ഞ വർഷം ജൂണിൽ ഇറാനെതിരായ ഇസ്രായേലിന്‍റെ 12 ദിവസത്തെ യുദ്ധത്തിൽ യുഎസ് പങ്കുചേർന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ വീണ്ടുമൊരു ഇടപെടലിന് അമേരിക്ക തുനിയുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.


