
നോയിഡ: ഒരു 20 വയസുകാരന്‍റെ അക്കൗണ്ടിൽ കോടിക്കണക്കിന് രൂപ ക്രെഡിറ്റ് ചെയ്യപ്പെട്ടുവെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു. മരണപ്പെട്ട അമ്മയുടെ സേവിംഗ്സ് അക്കൗണ്ടിലേക്ക് അവിശ്വസനീയമായ തുക ക്രെഡിറ്റ് ചെയ്തതോടെ യുവാവ് താൽക്കാലികമായി ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളായി എന്നായിരുന്നു വാർത്തകൾ.
ഇത്തരം വാർത്തകൾ തള്ളിയാണ് ബാങ്ക് പ്രസ്താവനയിറക്കിയത്. "ഒരു ഉപഭോക്താവിന്‍റെ അക്കൗണ്ടിൽ അസാധാരണമാംവിധം വലിയ തുക കാണിച്ചു എന്ന മാധ്യമ റിപ്പോർട്ടുകൾ തെറ്റാണ്. ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, കൊട്ടകിന്‍റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷനോ നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകളോ ഉപയോഗിച്ച് ഉപഭോക്താക്കൾ അവരുടെ അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഞങ്ങളുടെ എല്ലാ സംവിധാനങ്ങളും സുരക്ഷിതമായും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് കൊട്ടക് മഹീന്ദ്ര ബാങ്ക് സ്ഥിരീകരിക്കുന്നു" ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ, അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യപ്പെട്ട തുക കാണിക്കുന്ന ഒരു സ്ക്രീൻഷോട്ട് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 100,13,56,00,00,00,00,00,00,01,00,23,56,00,00,00,00,299 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തതായി ഈ സ്ക്രീൻഷോട്ട് കാണിക്കുന്നു. "20 വയസുകാരനായ ദീപകിന്‍റെ കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടിലേക്ക് 36 അക്ക തുക ക്രെഡിറ്റ് ചെയ്യപ്പെട്ടു. ഈ തുക 100 ലക്ഷം കോടി രൂപയോളം വരും. എന്‍റെ കണക്ക് അൽപ്പം ദുർബലമാണ്. ബാക്കി ഗുണനവും ഹരണവും നിങ്ങൾക്ക് ചെയ്യാം. നിലവിൽ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുകയാണ്. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു" എന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്.
റിപ്പോർട്ടുകൾ പ്രകാരം, ഈ അക്കൗണ്ട് ദീപക്കിന്‍റെ അന്തരിച്ച അമ്മ ഗായത്രി ദേവിയുടേതായിരുന്നു. ഓഗസ്റ്റ് മൂന്നിന് ഈ വലിയ തുക ക്രെഡിറ്റ് ചെയ്യപ്പെട്ടതിനെക്കുറിച്ച് മകന് വിവരം ലഭിച്ചു. ഈ സ്ക്രീൻഷോട്ട് വൈറലായതിനെ തുടർന്നുണ്ടായ ശ്രദ്ധ കാരണം ദീപക് ഫോൺ ഓഫ് ചെയ്തിരിക്കുകയാണെന്നുമായിരുന്നു വാർത്തകൾ.