
ഇടുക്കി: മുല്ലപ്പരിയാർ വെള്ളം സംഭരിക്കുന്ന തമിഴ് നാട്ടിലെ വൈഗ അണക്കെട്ടിൽ നിന്നും കാർഷികാവശ്യങ്ങൾക്കായി വെള്ളം തുറന്നുവിട്ടു. 13 വര്‍ഷങ്ങൾക്കു ശേഷമാണ് കാലവര്‍ഷക്കാലത്ത് വൈഗയിൽ നിന്നും കൃഷിക്കായി വെള്ളം തുറന്നു വിടുന്നത്.
71 അടിയാണ് വൈഗ അണക്കെട്ടിൻറെ പരമാവധി സംഭരണ ശേഷി. മുല്ലപ്പരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തിയതോടെ ജൂൺ അവസാനം മുതല്‍ തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കൂട്ടിയിരുന്നു. വൈഗയിലെ ജലനിരപ്പ് 69 അടിയിൽ എത്തിയതിനെ തുടന്നാണ് 7 ഷട്ടറുകൾ ഉയർത്തി മധുര ഭാഗത്തേക്ക് വെള്ളം തുറന്നു വിട്ടത്.
സെക്കൻറിൽ 1130 ഘനയടി വെള്ളം വീതം 120 ദിവസത്തേക്കാണ് ഇപ്പോൾ തുറന്നു വിട്ടിരിക്കുന്നത്. സെക്കൻഡിൽ 3325 ഘന അടിവെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തുലാവർഷത്തിനു മുന്നോടിയായി സെപ്റ്റംബർ മാസത്തിലാണ് സാധാരണ വൈഗ അണക്കെട്ട് തുറക്കാറുള്ളത്. കാലവർഷക്കാലത്ത് 84 ലും 91 ലും 2005 ലും മാത്രമാണ് ഇതിനു മുമ്പ് വൈഗ തുറന്നിട്ടുള്ളതെന്ന് തമിഴ് നാട് ഉപമുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം തന്നെ വ്യക്തമാക്കി.
വെള്ളം തുറന്നു വിട്ടത് മധുര, ദിണ്ടിക്കൽ, രാമനാഥപുരം, ശിവഗംഗ ജില്ലകൾക്കാണ് ഏറെ ഗുണം ചെയ്യുന്നത്. ഇവിടങ്ങളിലെ 1,05,002 ഏക്കർ സ്ഥലത്ത് ഇത്തവണ ഒന്നാം ഘട്ട നെൽ കൃഷി നേരത്തെ തുടങ്ങാൻ കഴിയും. തുലാവർഷക്കാലത്ത് മുല്ലപ്പെരിയാറിൽ നിന്നും ലഭിക്കുന്ന അധിക ജലം ഉപയോഗിച്ച് കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് തമിഴകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam