ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിനം 'വന്ദേ ഭാരത് എക്സ്പ്രസ്' പെരുവഴിയിൽ; സാങ്കേതിക തകരാർ മൂലം യാത്ര മുടങ്ങി

By Web TeamFirst Published Feb 16, 2019, 9:37 AM IST
Highlights

തിരിച്ചുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വിചിത്രമായ ശബ്ദം കേട്ട് തുടങ്ങിയെന്നും പിന്നാലെ അവസാന നാല് ബോ​ഗികളുടെ ബ്രേക്കുകൾ ജാമാകുകയായിരുന്നുമെന്നാണ് റെയിൽവേ അധികൃത‌ർ പറയുന്നത്. ഇതോടെ ട്രെയിൻ നിർത്തേണ്ടി വരികയായിരുന്നു. ട്രെയിനിലെ യാത്രക്കാരെ മറ്റു രണ്ട് ട്രെയിനുകളിലായി ലക്ഷ്യ സ്ഥാനത്തെത്തിച്ചു.

ദില്ലി: ഫ്ലാ​ഗ് ഓഫ് ചെയ്തതിന്‍റെ അടുത്ത ദിവസം തന്നെ പെരുവഴിയിലായി വന്ദേ ഭാരത് എക്സ്പ്രസ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാ​ഗ് ഓഫ് ചെയ്ത ഇന്ത്യയിലെ എറ്റവും വേ​ഗമേറിയ തീവണ്ടിയായ വന്ദേ ഭാരത് എക്സപ്രസിനാണ് ഓടി തുടങ്ങിയതിന്‍റെ തൊട്ടടുത്ത ദിവസം വഴിയിൽ കിടക്കേണ്ടി വന്നത്. 

കന്നിയാത്രയ്ക്ക് ശേഷം വാരാണസിയിൽ നിന്ന് ദില്ലിയിലേക്ക് തിരിച്ചു വരുന്നതിനിടെയാണ് വന്ദേ ഭാരത് എക്സ്പ്രസ് തകരാറായത്. രാജ്യ തലസ്ഥാനത്ത് നിന്ന് ഇരുന്നൂറ് കിലോമീറ്റ‌‌ർ അകലെയാണ് വന്ദേ ഭാരത് ബ്രേക്ക് ഡൗൺ ആയത്. ഉത്ത‌ർ പ്രദേശിലെ തുണ്ട്ല സ്റ്റേഷനിൽ നിന്ന് പതിനഞ്ച് കിലോമീറ്റ‌‌ർ അകലെയായിരുന്നു സംഭവം. 

തിരിച്ചുള്ള യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വിചിത്രമായ ശബ്ദം കേട്ട് തുടങ്ങിയെന്നും പിന്നാലെ അവസാന നാല് ബോ​ഗികളുടെ ബ്രേക്കുകൾ ജാമാകുകയായിരുന്നുമെന്നാണ് റെയിൽവേ അധികൃത‌ർ പറയുന്നത്. ഇതോടെ ട്രെയിൻ നിർത്തേണ്ടി വരികയായിരുന്നു. ട്രെയിനിലെ യാത്രക്കാരെ മറ്റു രണ്ട് ട്രെയിനുകളിലായി ലക്ഷ്യ സ്ഥാനത്തെത്തിച്ചു. 

മെട്രോ ട്രെയിന്‍ മാതൃകയില്‍ എന്‍ജിനില്ലാത്ത ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ട്രെയിനാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ഏതാനും ആഴ്ചകൾക്ക് മുമ്പാണ്  ട്രെയിന്‍ 18 പുനര്‍നാമകരണം ചെയ്ത് വന്ദേ ഭാരത് എക്‌സ്‍പ്രസ്  എന്നാക്കിയത്. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാവുന്ന ട്രെയിൻ റായി ബറേലിയിലെ മോഡേൺ കോച്ച് ഫാക്ടറിയിലാണ് നി‌മ്മിച്ചത്. 97 കോടി രൂപ മുടക്കി 18 മാസം കൊണ്ടായിരുന്നു നി‌ർമ്മാണം.

അഭിമാന പദ്ധതി രണ്ടാം ദിനം തന്നെ പെരുവഴിയിലായത് റെയിൽവേയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്. 

click me!