മോദിയും വസുന്ധര രാജെയും വാഗ്ദാനങ്ങൾ പാലിച്ചില്ല; ഇത് മാറ്റത്തിനുള്ള സമയമെന്ന് പി ചിദംബരം

By Web TeamFirst Published Dec 2, 2018, 12:36 PM IST
Highlights

നോട്ട് നിരോധനവും ജിഎസ്ടിയും കാരണം ലക്ഷക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടമായത്. ചെറുകിട സംരംഭകരെ കട ബാധ്യതയിലേക്ക് തള്ളിയിടുകയാണ് സർക്കാർ‌ ചെയ്തത്-ചിദംബരം ആരോപിച്ചു. 

ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയ്ക്കുമെതിരെ ആരോപണമുന്നയിച്ച് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം. അധികാരത്തിൽ എത്തുന്നതിന് മുമ്പ് ഇരു സർക്കാരുകളും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും മാറ്റത്തിനുള്ള സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ജയ്പൂരിൽ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഞ്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദിയുടെ വാക്സാമര്‍ഥ്യത്തിലും മോഹന വാഗ്ദാനത്തിലും ജനങ്ങൾ അകപ്പെട്ടു പോകുകയായിരുന്നു. അതുകൊണ്ടാണ് വസുന്ധര രാജെയെ വിജയിപ്പിച്ച് അധികാരത്തിൽ കൊണ്ടു വന്നത്. എന്നാൽ, ആ മോഹന വാഗ്ദാനങ്ങൾ ഒന്നും തന്നെ രണ്ടു പേരും നടപ്പിലാക്കിയില്ല ചിദംബരം കുറ്റപ്പെടുത്തി.

സാമ്പത്തിക വളർച്ചയെ രണ്ടക്കമായി പരിപോഷിപ്പിക്കുമെന്ന് പറഞ്ഞ സർക്കരിന് അതിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ജനങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനോ തെഴിലവസരങ്ങൾ നൽകാനോ അവർക്ക് സാധിച്ചിട്ടില്ല. നോട്ട് നിരോധനവും ജിഎസ്ടിയും കാരണം ലക്ഷക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടമായത്. ചെറുകിട സംരംഭകരെ കട ബാധ്യതയിലേക്ക് തള്ളിയിടുകയാണ് സർക്കാർ‌ ചെയ്തത്-ചിദംബരം ആരോപിച്ചു. രാജസ്ഥനിലെ സ്ഥിതിയും മാറ്റൊന്നല്ല. സംസ്ഥാനത്തെ വിദ്യാഭ്യാസത്തിന്റെ നിലവാരം കൂപ്പുകുത്തിയതായും ആരോഗ്യമേഖല താറുമാറായെന്നും കുറ്റകൃത്യങ്ങൾ പെരുകിയെന്നും അദ്ദേഹം പറഞ്ഞു.

click me!