
ലക്നൗ: ഹനുമാൻ ദളിതനെന്ന പരാമർശത്തിന് പിന്നാലെ രാമായണമെഴുതിയ വാത്മീകിയും ദളിതനായിരുന്നുവെന്ന വിവാദ വാചകങ്ങളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിലെ സാന്ത് സമാജ് പ്രസംഗമധ്യേയാണ് വാത്മീകി മഹർഷി ദളിതനായിരുന്നു എന്ന് യോഗി പറഞ്ഞത്. ശ്രീരാമനെ രാമായണത്തിലൂടെ നമുക്ക് പരിചയപ്പെടുത്തിയത് വാതമീകിയാണ്. എന്നാൽ, വാത്മീകിയുടെ സമുദായം തൊട്ടുകൂടാത്തവരായിരുന്നു എന്ന് നമ്മൾ മനസ്സിലാക്കണം. യോഗി ആദിത്യനാഥ് പറഞ്ഞു.
അവിടെ ഉണ്ടായിരുന്ന പുരോഹിതരും സന്യാസിമാരും യോഗിയുടെ പരാമർശത്തെ പ്രതിരോധിക്കുന്നുണ്ടായിരുന്നു. രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതനുൾപ്പെടെയുള്ളവർ യോഗിയുടെ പരാമർശത്തെ രൂക്ഷഭാഷയിൽ വിമർശിച്ചു. സാന്ത് സമാജ് സംഘടനയ്ക്കും ശ്രീരാമനും അപമാനകരമായ വാക്കുകളാണ് യോഗി പറഞ്ഞതെന്നായിരുന്നു രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതന്റെ വാക്കുകൾ. മഹർഷി വാത്മീകി രാമായണത്തിന്റെ കർത്താവാണെന്നും അദ്ദേഹത്തിന് ദളിത് വാത്മീകി സമുദായവുമായി ബന്ധമില്ലെന്നും പുരോഹിതർ വിശദീകരിക്കുകയുണ്ടായി.
ഹനുമാൻ ദളിത് വിഭാഗത്തിൽ പെട്ടയാളാണെന്ന് യോഗി മുമ്പ് പറഞ്ഞിരുന്നു. ആൾവാറിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് ക്യാംപെയിനിൽ നടത്തിയ ഈ പരാമർശം വിവാദത്തിന് കാരണമായിരുന്നു. ഹനുമാൻ വനത്തിനുള്ളിലാണ് താമസിച്ചിരുന്നതെന്നും കാട്ടാളനാണെന്നും യോഗി കൂട്ടിച്ചേർത്തിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam