
കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ അക്രമങ്ങളിൽ 150 ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈംമെമ്മോ തയ്യാറാക്കിയതിന് പിന്നാലെയാണ് അറസ്റ്റ്. അതിനിടെ പൊലീസിന്റെ പട്ടികയിൽ ഒരു പോലീസ് ഡ്രൈവറുടെ പടവും അബദ്ധത്തിൽ ഇടംപിടിച്ചിട്ടുണ്ട്.
പത്തനംതിട്ട പൊലീസ് രജിസ്ട്രർ ചെയ്ത 50 കേസുകളിലായാണ് 150 ഓളം പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരിൽ പലരെയും കോടതിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. പത്തനംതിട്ടക്ക് പുറമെ പാലക്കാട്, തൃശ്ശൂർ,എർണാകുളം കൊല്ലം , ആലപ്പുഴ,തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ളവരും പ്രതികളുടെ കൂട്ടത്തിലുണ്ട്. മറ്റ് ജില്ലകളിലായി 150 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈംമെമ്മോ ആയിരുന്നു പൊലീസ് തയ്യാറാക്കിയത്. 7 അൽബങ്ങളിലായി തയ്യാറാക്കിയ ഫോട്ടയിൽ നിന്ന് തിരിച്ചറിഞ്ഞവരെയാണ് ഇപ്പോൾ പിടികൂടിയത്. ഇക്കൂട്ടത്തിൽ പത്തനംതിട്ട എ.ആർ ക്യാംപിലെ ഡ്രൈവർ ഇബ്രാഹിംകുട്ടിയുടെ പടവും ഉൾപ്പെട്ടെങ്കിലും പൊലീസ് പിന്നീടിത് നീക്കം ചെയ്തു. വീഡിയോയെ ആസ്പദമാക്കി ആണ് ക്രൈംമെമ്മോ തയ്യാറാക്കിയതെന്നും യൂണിഫോം ധരിക്കാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരും ആൾക്കൂട്ടത്തിലുണ്ടായിരുന്നതിനാലാണ് തെറ്റ് പറ്റിയതെന്നുമാണ് പൊലീസ് വിശദീകരണം.
പ്രതികൾക്കെതിരെ പൊതുമുതൽ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുക, സ്ത്രീകളെ ആക്രമിക്കുക, കൊലപാതകശ്രമം സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്സെടുത്തിരിക്കുന്നത്. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.