
അലിപുര്‍ ദുവാര്‍(പശ്ചിമബംഗാള്‍): മനുഷ്യനും വന്യജീവിയും തമ്മിലുള്ള ഏറ്റുമുട്ടലിന്‍റെ ഒടുവിലെ ഉദാഹരണമായി പശ്ചിമബംഗാളില്‍ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍. പാളം മുറിച്ച് കടക്കുകയായിരുന്ന കാട്ടാനയെ ട്രെയിന്‍ ഇടിച്ചു. ഗുരുതര പരിക്കേറ്റ് ഇഴഞ്ഞ് നീങ്ങുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സിലിഗുരി ദുബ്രി ഇന്‍റര്‍ സിറ്റി എക്സ്പ്രസാണ് പാളം മുറിച്ച് കടന്ന കാട്ടാനയെ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ആനയുടെ പിന്‍ കാലുകളും ട്രെയിനിന്‍റെ എഞ്ചിനും തകര്‍ന്നു.
പിന്‍കാലുകളില്‍ പരിക്കേറ്റ് നടക്കാനാവാതെ പാളത്തില്‍ നിന്ന് ഇഴഞ്ഞ് നീങ്ങുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ ട്രെയിനിലുള്ളവരാണ് ചിത്രീകരിച്ചത്. പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയിലാണ് ഇന്ന് രാവിലെ ദാരുണ സംഭവമുണ്ടായത്. വനത്തിലൂടെയുള്ള റെയില്‍വേ പാളം കാട്ടാന മുറിച്ച് കടക്കുന്നതിന് ഇടയിലാണ് അപകടമുണ്ടായത്.
ട്രെയിന്‍ ഇടിച്ച് കാട്ടാനകള്‍ക്ക് സ്ഥിരം മരണക്കെണിയാവുന്ന സ്ഥിരം പാതയായ ബാനര്‍ഹട്ട് നാഗ്രകട്ട പാതയിലാണ് ഈ അപകടവും നടന്നിരിക്കുന്നത്. നിരവധി ആനത്താരകളെ മുറിച്ച് കടന്നാണ് പശ്ചിമബംഗാളിലെ ദുവാറിലേക്കുള്ള ട്രെയിന്‍ ട്രാക്കുകള്‍ പോവുന്നത്.
ഈ പാതയിലെ ആദ്യ ട്രെയിന്‍ മുതല്‍ ഈ പാതയില്‍ അപകടങ്ങള്‍ പതിവ് കാഴ്ചയാണ്. വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടായത്. ആനയെ ഇടിച്ച ശേഷം നിര്‍ത്തിയിട്ട ട്രെയിനില്‍ നിന്ന് ഇറങ്ങി വന്ന ആളുകള്‍ എടുത്ത നാല്‍പ്പത്തഞ്ച് മിനിട്ടുള്ള വീഡിയോ സമൂഹമാധ്യമങ്ങളെ ഞെട്ടിക്കുന്നതാണ്. പാളത്തില്‍ നിന്ന് മുന്‍കാലുകളില്‍ ബലം നല്‍കി ചോരയൊലിപ്പിച്ച് ഇഴഞ്ഞ് നീങ്ങുന്ന കാട്ടാനയുടെ ദൃശ്യങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്.
കാട്ടാനകളെ നിരന്തരം അപകടത്തിലാക്കുന്നതായി കണ്ടെത്തിയതോടെ ഈ പാതയിലെ ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 25 കിലോമീറ്ററായി 2015-2016 കാലഘട്ടത്തില്‍ പരിമിതപ്പെടുത്തിയിരുന്നു. അപകടങ്ങള്‍ കുറയാന്‍ തുടങ്ങിയതോടെ വേഗപരിമിതി 50കിലോമീറ്ററായി ഉയര്‍ത്തിയിരുന്നു. ഇതിന് ശേഷവും അപകടങ്ങളില്‍ കുറവില്ലെന്നാണ് ദേശീയ മാധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.
2018 ജൂലൈയിലുണ്ടായ സമാന രീതിയിലുള്ള അപകടത്തിന് ശേഷം ഈ പാതയിലെ വേഗനിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് അലിപുര്‍ദുവാര്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ സി വി രാമന്‍ പറഞ്ഞിരുന്നു. ഈ നിയന്ത്രണങ്ങള്‍ ഇരുപത്തിനാല് മണിക്കൂറും കൃത്യമായി പിന്തുടരുമെന്ന് റെയില്‍വെയും വ്യക്തമാക്കിയിരുന്നു. 2004ലാണ് മീറ്റര്‍ ഗേജായിരുന്ന ഈ പാത ബ്രോഡ് ഗേജാക്കിയത്. പാത ബ്രോഡ് ഗേജ് ആയതാണ് ഇത്തരം അപകടങ്ങള്‍ പതിവായതിന് കാരണമായതായി പ്രദേശവാസികള്‍ ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam