
ആലപ്പുഴ: കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിത്വമാണ് ആലപ്പുഴ ജില്ലാ കളക്ടർ കൃഷ്ണ തേജ ഐഎഎസ്. കുട്ടികൾക്ക് ഇദ്ദേഹം കളക്ടർ മാമനാണ്. കഴിഞ്ഞ ദിവസം ഇദ്ദേഹം ആലപ്പുഴ ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിൽ ഹൃദ്യമായൊരു വീഡിയോ പങ്കുവെച്ചിരുന്നു. ഒപ്പം ഒരു കുറിപ്പും. തന്റെ കുഞ്ഞു സമ്പാദ്യവുമായി കളക്ടറെ കാണാനെത്തിയ നിധിൻ എന്ന മൂന്നാം ക്ലാസുകാരനെക്കുറിച്ചായിരുന്നു ആ വീഡിയോയും കുറിപ്പും.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
കഴിഞ്ഞ ദിവസം ഓഫീസിൽ വെച്ച് പൊതുജനങ്ങളെ കാണുന്നതിനിടയിലാണ് കയ്യിലൊരു കവറുമായി ഒരു മോന്‍ എന്റെ അടുത്തേക്ക് വന്നത്. എന്തെങ്കിലും അപേക്ഷയാണെന്ന് കരുതിയാണ് ഞാനത് തുറന്നത്. എന്നാല്‍ ആ കവറില്‍ കുറച്ച് പണമായിരുന്നു ഉണ്ടായിരുന്നത്. ഇത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി. ഇതെന്താണെന്ന് ഞാൻ ചോദിച്ചപ്പോൾ ആ മോൻ എന്നോട് പറഞ്ഞത് ഓണവും വിഷുവും ഒക്കെ അടിച്ച് പൊളിക്കാനായി സൂക്ഷിച്ച് വെച്ച പൈസയാണെന്നാണ്. നിർധനരായ കുഞ്ഞു മക്കൾക്ക് ബുക്കും പുസ്തകവും കളിപ്പാട്ടവുമൊക്കെ വാങ്ങി നൽകാനായി സംസ്ഥാന സര്‍ക്കാരിന്റെ ബാലനിധി പദ്ധതിയിലേക്ക് സംഭാവന നൽകാനായാണ് മൂന്നാം ക്ലാസുകാരനായ ഈ മോന്‍ പണവുമായി എന്റെ അടുത്തേക്ക് വന്നത്. ചില അനുഭവങ്ങൾ നമുക്ക് ഒരിക്കലും മറക്കാനാവില്ല. ഇത്തരത്തിൽ എന്റെ മനസ്സിൽ നിന്നും ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണിത്. നിധിന്‍ മോനും മാതാപിതാക്കള്‍ക്കും എന്റെ സ്‌നേഹാഭിനന്ദനങ്ങൾ!
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam