'സംവരണം സാമ്പത്തിക പദ്ധതിയല്ല'; സാമ്പത്തിക സംവരണത്തില്‍ പാര്‍ട്ടി നിലപാട് തള്ളി വിഎസ്

By Web TeamFirst Published Jan 8, 2019, 12:05 PM IST
Highlights

മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.

തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങള്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം നല്‍കാനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ നീക്കത്തിനെതിരെ ഭരണ പരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. സാമ്പത്തിക സംവരണം കൊണ്ടുവരാന്‍ ഭരണഘടനാ ഭേദഗതിക്കൊരുങ്ങുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച സംസ്ഥാന സര്‍ക്കാരിന്‍റെയും, സിപിഎമ്മിന്‍റെയും നിലപാട് വിഎസ് തള്ളി.

രാജ്യവ്യാപകമായി ചർച്ച ചെയ്ത ശേഷമേ, മുന്നോക്കക്കാരായി വിളിക്കപ്പെടുന്ന വിഭാഗങ്ങളിലെ സാമൂഹ്യ പിന്നാക്കാവസ്ഥയുള്ളവരുടെ സംവരണ കാര്യത്തിൽ തീരുമാനമെടുക്കാവൂ എന്ന് വി എസ്  പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അടിച്ചമർത്തപ്പെട്ടവർക്ക് വിദ്യാഭ്യാസവും തൊഴിലും അപ്രാപ്യമാവുന്ന സാമൂഹ്യ അനീതിക്കെതിരെ അവശ്യമായ ഒരു ജനാധിപത്യ അവകാശമായാണ് സംവരണത്തെ കാണേണ്ടത്.  

സാമൂഹ്യനീതി നേടിയെടുക്കാനുള്ള ഉയർന്ന ലക്ഷ്യത്തെ, വ്യാപകവും സമഗ്രവുമായി ആശയരൂപീകരണം നടത്തിക്കൊണ്ടാണ് നേടിയെടുക്കേണ്ടത്. എന്നാൽ, ഇതൊന്നും ചെയ്യാതെ, സവര്‍ണ വോട്ടുകള്‍ പരമാവധി സ്വരൂപിക്കുക എന്ന ഏക ലക്ഷ്യവുമായി ബിജെപി മുന്നോട്ടുവെയ്ക്കുന്ന ആശയമാണ്, മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം എന്നത്.  

ഇന്ത്യന്‍ ജനാധിപത്യത്തില്‍, സംവരണം എന്ന ആശയത്തിന്‍റെ സത്ത ചോർത്തിക്കളയുന്ന തീരുമാനമാണ് ബിജെപി മന്ത്രിസഭ കൈക്കൊണ്ടിട്ടുള്ളത്. സംവരണം എന്നത് ഒരു സാമ്പത്തിക പദ്ധതിയല്ല.  അതുകൊണ്ടാണ്, ജനകീയ ജനാധിപത്യത്തിന്‍റെ സത്തയുമായി ഒരുതരത്തിലും യോജിച്ചു പോവാത്ത സാമ്പത്തിക സംവരണത്തെ സിപിഎം പിന്തുണക്കാതിരുന്നത്.  വാജ്പേയ് സര്‍ക്കാരിന്‍റെ കാലത്ത് ഇതുപോലൊരു ക്യാബിനറ്റ് തീരുമാനമുണ്ടായപ്പോൾ സിപിഎം അതിന്‍റെ പൊള്ളത്തരം തുറന്നുകാട്ടിയിട്ടുണ്ട്. 

ജാതി പിന്നോക്കാവസ്ഥപോലെ, സാമ്പത്തിക പിന്നോക്കാവസ്ഥ ശാശ്വതമല്ല.  സംവരണം പോലുള്ള കാര്യങ്ങളെ കേവലം വോട്ട് ബാങ്ക് രാഷ്ട്രീയമാക്കി തരം താഴത്താനുള്ള ബിജെപിയുടെ നീക്കം തുറന്നു കാട്ടപ്പെടണമെന്നും - വി എസ് പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്‍റെ മന്ത്രിസഭാ യോഗ തീരുമാനം വന്നതിന് പിന്നാലെ സാമ്പത്തിക സംവരണ നീക്കത്തെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവര്‍ സ്വാഗതം ചെയ്തിരുന്നു. സിപിഎമ്മാണ് ഈ നീക്കത്തിന് തുടക്കം കുറിച്ചതെന്നായിരുന്നു മന്ത്രി എകെ ബാലന്‍റെ പ്രതികരണം.

click me!