യുദ്ധം ക്രിക്കറ്റുകളിയല്ല; ചിന്തിച്ചെടുക്കേണ്ട തീരുമാനം ആണെന്ന് ലഫ്. ജനറൽ ശരത് ചന്ദ്

By Web TeamFirst Published Feb 17, 2019, 9:33 PM IST
Highlights

പുൽവാമ ഭീകരാക്രമണത്തിന് എതിരായി പാകിസ്ഥാന് തിരിച്ചടി നൽകണമെന്ന് തന്നെയാണ് രാഷ്ട്രത്തിന്‍റെ വികാരം. നേരത്തേ വിളിച്ചുപറഞ്ഞിട്ട് അടിക്കാൻ ചെന്നാൽ തിരിച്ച് അടികൊള്ളും. അതുകൊണ്ടാണ് തിരിച്ചടി തീരുമാനിക്കാൻ സേനയ്ക്ക് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകിയത്.

തിരുവനന്തപുരം:യുദ്ധത്തെക്കുറിച്ച് പറയാനെളുപ്പമാണ്, പക്ഷേ അത് ചിന്തിച്ചെടുക്കേണ്ട തീരുമാനമാണെന്ന് റിട്ടയേഡ് ലെഫ്റ്റനന്‍റ് ജനറൽ ശരത് ചന്ദ്. ജമ്മു കശ്മീർ മേഖലയിൽ പ്രധാന സൈനിക ചുമതലകൾ നിർവഹിച്ചിട്ടുള്ള സൈനിക ഓഫീസർ ആയിരുന്നു ശരത് ചന്ദ്. പുൽവാമ ഭീകരാക്രമണത്തിന് എതിരായി പാകിസ്ഥാന് തിരിച്ചടി നൽകണമെന്ന് തന്നെയാണ് രാഷ്ട്രത്തിന്‍റെ വികാരം. പക്ഷേ നേരത്തേ വിളിച്ചുപറഞ്ഞിട്ട് അടിക്കാൻ ചെന്നാൽ തിരിച്ച് അടികൊള്ളും. അതുകൊണ്ടാണ് നടപടി തീരുമാനിക്കാൻ സേനയ്ക്ക് സർക്കാർ പൂർണ്ണ സ്വാതന്ത്ര്യം നൽകിയത്. പക്ഷേ സർക്കാരിന്‍റെയും സേനാവിഭാഗങ്ങളുടേയും മേൽ മാധ്യമങ്ങളും ജനങ്ങളും സമ്മർദ്ദം ചെലുത്തരുത്. യുദ്ധം ക്രിക്കറ്റുകളിയല്ലെന്നും ലെഫ്. ജനറൽ ശരത് ചന്ദ് ന്യൂസ് അവർ ചർച്ചയിൽ പറഞ്ഞു. 

യുദ്ധം ചെറിയ കളിയല്ല

ഒരു സാമ്പ്രദായിക യുദ്ധം ചെറിയ കാര്യമല്ല. ജീവൻ പോലും കണക്കാക്കാതെയാണ് സൈന്യം മുന്നോട്ടുപോകുന്നത്. സൈന്യത്തിന് ജനങ്ങൾ നൽകുന്ന പിന്തുണ നിലനിൽക്കണം. ആർക്ക് എപ്പോൾ വെടി കിട്ടുമെന്നറിയില്ല, മുമ്പിൽ നിൽക്കുന്നവർക്ക് തന്നെ ആദ്യം വെടി കൊള്ളണമെന്നും ഇല്ല. ചില പ്രദേശങ്ങൾ മാത്രം കേന്ദ്രീകരിച്ചുള്ള യുദ്ധമാണ് സൈന്യം തെരഞ്ഞെടുക്കാൻ ഇടയുള്ള മറ്റൊരു വഴി. പക്ഷേ ആ തരത്തിലുള്ള 'ലിമിറ്റഡ് വാർ' കശ്മീരിൽ മാത്രമായി നിൽക്കും എന്ന് പറയാനാവില്ല. ശത്രുവിന് അത് പുറത്തേക്ക് വ്യാപിപ്പിക്കാനാകും. പുറത്തുള്ള ശക്തികളും അതിൽ പങ്കുചേരാൻ ഇടയുണ്ട്. സർജിക്കൽ സ്ട്രൈക്ക് മാതൃകയിലുള്ള 'സ്റ്റാൻഡ് ഓഫ് സ്ട്രൈക്ക്' ആക്രമണമാണ് മറ്റൊരു സാധ്യത. ഇതിൽ എന്തുവേണം എന്നതിൽ സൈന്യവും സർക്കാരും ചേർന്ന് തീരുമാനം എടുക്കട്ടെയെന്നും ലെഫ്. ജനറൽ ശരത് ചന്ദ് പറഞ്ഞു.

പുൽവാമയിൽ നടന്നത് പാകിസ്ഥാന്‍റെ പദ്ധതി തന്നെ

പുൽവാമയിൽ സൈനിക വാഹനവ്യൂഹത്തിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ചുകയറ്റിയ ചാവേറിന് ആക്രമണത്തിൽ വളരെ ചെറിയ പങ്കേയുള്ളൂവെന്ന് ശരത് ചന്ദ് പറയുന്നു. വളരെ സമയമെടുത്ത്, വളരെ വലിയ ആസൂത്രണം ഇതിന് പിന്നിൽ നടന്നിട്ടുണ്ട്. നൂറ് കിലോഗ്രാം ആർഡിഎക്സ് സംഭരിക്കുന്നത് പോലും ആ പ്രദേശത്ത് എളുപ്പമുള്ള കാര്യമല്ല. സ്ഫോടനത്തിന് ഉപയോഗിച്ച 350 കിലോഗ്രാം ആർഡിഎക്സ്  ചെറിയ അളവിൽ പലയിടത്തുനിന്നായി എത്തിച്ചതാകും. അതിനും വളരെ സമയം എടുത്തിട്ടുണ്ടാകും. ഇക്കാര്യത്തിൽ ഇന്‍റലിജൻസ് പിഴവ് ഉണ്ടായിട്ടുണ്ടെന്ന് ഉറപ്പാണ്. ഇത്രയും വലിയ അളവിൽ സ്ഫോടകവസ്തുക്കൾ കാറിൽ പുറത്തു കാണാത്ത രീതിയിൽ ഘടിപ്പിക്കുകയും അതിൽ ഡിറ്റണേറ്റർ പിടിപ്പിക്കുകയും ഒക്കെ ഒരു പ്രൊഫഷണലിന് മാത്രം ചെയ്യാനാകുന്ന കാര്യമാണ്. തെക്കൻ കശ്മീരിലെ തീവ്രവാദികൾക്ക് ഇത്ര വലിയ ഒരു ആക്രമണത്തെപ്പറ്റി ചിന്തിക്കാനോ ആസൂത്രണം ചെയ്യാനോ നടപ്പാക്കാനോ ഉള്ള കഴിവ് ഇന്നില്ല. അതുകൊണ്ട് ആക്രമണത്തിന്‍റെ ആസൂത്രണം പാകിസ്ഥാനിലാണ് ആസൂത്രണം നടന്നത് എന്നുറപ്പാണ്. ചാവേർ വാഹനം തയ്യാറാക്കുന്ന വിദഗ്ധർ പാകിസ്ഥാനിൽ നിന്ന് എത്തിയിട്ടുണ്ടാകുമെന്നാണ് താൻ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരികളുടെ ഹൃദയങ്ങളും മനസുകളും ജയിക്കണം

പക്ഷേ ആത്യന്തികമായി കശ്മീർ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അത് സൈന്യം തന്നെ പലവട്ടം ആവശ്യപ്പെട്ടിട്ടുള്ള കാര്യവുമാണ്. കശ്മീരിലെ സാധാരണക്കാരുടെ മനസുകളും ഹൃദയങ്ങളും നമുക്ക് നേടാനാകണം. കശ്മീരി യുവാക്കളുടെ തൊഴിലില്ലായ്മ വലിയ പ്രശ്നമാണ്. തൊഴിലില്ലാത്ത കശ്മീരി ചെറുപ്പക്കാരെ രാജ്യത്തിന്‍റെ മറ്റുഭാഗങ്ങൾ കൊണ്ടുവന്ന് കാണിക്കണം. അവർക്ക് തൊഴിൽ നൽകണം. അതിനുവേണ്ടി കോടിക്കണക്കിന് രൂപ സൈന്യം വഴി സർക്കാർ ഓപ്പറേഷൻ സംഭാവനയിലൂടെയും മറ്റും ഇതിനകം ചെലവിട്ടിട്ടുണ്ട്. പക്ഷേ കശ്മീരികളെ രാജ്യത്തിന്‍റെ പല ഭാഗത്തുമുള്ളവർ ഇപ്പോഴും വേർതിരിവോടെയാണ് കാണുന്നത്. വലതുപക്ഷ രാഷ്ട്രീയ കക്ഷികൾ മാത്രമാണ് അങ്ങനെ കാണുന്നതെന്ന് താൻ കരുതുന്നില്ല. ആ വേർതിരിവിനെതിരെ സർക്കാരും രാഷ്ട്രീയ പാർട്ടികളും മുൻകൈയ്യെടുക്കണമെന്നും ലെഫ്. ജനറൽ ശരത് ചന്ദ് ആവശ്യപ്പെട്ടു.

മാധ്യമങ്ങളിലെ ഇന്ത്യാവിരുദ്ധത തടയണം

കശ്മീർ താഴ്വരയിലെ മാധ്യമങ്ങളിൽ വലിയ തോതിൽ ഇന്ത്യാവിരുദ്ധ വാർത്തകൾ വരുന്നുണ്ട്. എത്രയൊക്കെ ശ്രമിച്ചാലും കശ്മീരി യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ മാധ്യമവാർത്തകൾക്കാകുന്നു. ഏറ്റവും പ്രചാരമുള്ള പത്രമായ ഗ്രേറ്റർ കശ്മീരിൽ ഒക്കെ ഇന്ത്യൻ സേനയെക്കുറിച്ചും സർക്കാരിനെക്കുറിച്ചുമുള്ള നല്ല വാർത്തകൾ വളരെക്കുറവാണ്. എഡിറ്റർമാർക്ക് താൽപ്പര്യമില്ലെങ്കിൽ പോലും മാധ്യമങ്ങളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും തീവ്രവാദികൾക്ക് കഴിയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും വലിയ ഇന്ത്യാ വിരുദ്ധതയാണ് നടക്കുന്നത്. കശ്മീർ പ്രശ്നത്തിന്‍റെ നിലനിൽക്കുന്ന പരിഹാരത്തിന് മാധ്യമങ്ങളുടെ സ്വഭാവം മാറേണ്ടത് അനിവാര്യമാണെന്നും അതിന് സർക്കാർ മുൻകൈയ്യെടുക്കണമെന്നും ശരത് ചന്ദ് പറഞ്ഞു.

click me!