
ബംഗളൂരു: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബംഗളൂരുവിലെ ബേക്കറിക്ക് നേരെ വ്യാപക പ്രതിഷേധം. 'കറാച്ചി' എന്ന പേരുള്ള ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. കറാച്ചി എന്നത് പാക്കിസ്ഥാനിലെ ഒരു നഗരത്തിന്റെ പേരാണെന്നും രാജ്യസ്നേഹം വേണമെന്നും പറഞ്ഞ് നിരവധിയാളുകൾ കടയ്ക്ക് മുന്നിൽ തടിച്ച് കൂടുകയായിരുന്നു. ഇന്ദിരാനഗര്‍ 100 ഫീറ്റ് റോഡിലെ ബേക്കറിയില്‍ വെള്ളിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.
ബേക്കറി നടത്തുന്നത് പാക്കിസ്ഥാൻകാരാണെന്ന് കരുതിയാണ് പ്രതിഷേധക്കാരെത്തിയത്. ഇരുപതോളം പേര്‍ ബേക്കറിക്ക് മുമ്പിലെത്തി പ്രതിഷേധിച്ചെങ്കിലും കടയ്ക്ക് നേരെ ആക്രമണം നടത്തുകയോ നാശനഷ്ടങ്ങള്‍ വരുത്തുകയോ ചെയ്തിട്ടില്ല. പ്രതിഷേധം ശക്തമായതിനെ തുടർന്ന് ബേക്കറിക്ക് മുന്നിലെ കറാച്ചി എന്നെഴുതിയ ബോര്‍ഡ് ജീവനക്കാര്‍ നീക്കി. കൂടാതെ ബേക്കറിക്ക് മുന്നിൽ ദേശീയ പതാക പ്രദർശിപ്പിക്കുകയും ചെയ്തതായി ബേക്കറി ഉടമ പറഞ്ഞു.
ഇതിന് പുറമെ തങ്ങളുടെ രാജ്യസ്‌നേഹം വ്യക്തമാക്കി കൊണ്ട് ബേക്കറി അധികൃതർ പരസ്യ പ്രസ്താവനയിറക്കുകയും ചെയ്തിട്ടുണ്ട്. പേരിലെ കറാച്ചിക്ക് പാക്കിസ്ഥാൻ നരഗമായ കറാച്ചിയുമായി യാതൊരു ബന്ധവുമില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. ബേക്കറിയുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അധികൃതർ വിശദീകരണവുമായി എത്തിയത്.
ഇന്ത്യാ വിഭജന സമയത്ത് ഇന്ത്യയിലേക്ക് കുടിയേറി താമസിച്ച ഖാന്‍ചന്ദ് രാംനനി എന്നയാളാണ് കറാച്ചി ബേക്കറി ആരംഭിച്ചത്. 1953ല്‍ ആരംഭിച്ച ബ്രാന്‍ഡിന് ഹൈദരാബാദിലും തെലങ്കാനയിലും ശാഖകളുണ്ട്. ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ച സ്നേഹവും സ്വീകാര്യതയും ഇന്ത്യയിലും വിദേശത്തും ഒരുപോലെ ബേക്കറിയുടെ വളര്‍ച്ചക്ക് കാരണമായി. ഹൃദയം കൊണ്ട് കറാച്ചി ബേക്കറിയുടെ അന്തസത്ത ഇന്ത്യനാണ്, അതെന്നും അങ്ങനെ തന്നെ നിലനില്‍ക്കുമെന്നും വിശദീകരണക്കുറിപ്പില്‍ പറയുന്നു. മറ്റെന്തെങ്കിലും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതൊഴിവാക്കണമെന്നും ബേക്കറി അധികൃതര്‍ ആവശ്യപ്പെട്ടു.
ഫ്രൂട്ട് ബിസ്കറ്റ്, പ്ലം കേക്ക് എന്നിവയ്ക്ക് പ്രശസ്തമാണ് കറാച്ചി ബേക്കറി. ആദ്യത്തെ കറാച്ചി ബേക്കറി സ്ഥാപിക്കപ്പെട്ടത് ഹൈദരാബാദിലെ മൗസം ജാഹി മാര്‍ക്കറ്റിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam