
ദില്ലി: സയ്യിദ് ഷൂജ എന്ന അമേരിക്കൻ ഹാക്കർ തുറന്നുവിട്ട വിവാദം തുടരുകയാണ്. കോൺഗ്രസും ബിജെപിയും സയിദ് ഷൂജയെച്ചൊല്ലി പരസ്പരം ഏറ്റുമുട്ടുന്നു. മറ്റ് പാർട്ടികളും വിവാദത്തിൽ പക്ഷംപിടിക്കുന്നു. വാക്പോരും ആരോപണ പ്രത്യാരോപണങ്ങളും മുറുകുകയാണ്. ലണ്ടനിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുടെ സംഘടന സംഘടിപ്പിച്ച പരിപാടിയിലാണ് ഇന്ത്യൻ വോട്ടിംഗ് മെഷീനുകൾ പലതവണ ഹാക്ക് ചെയ്തിട്ടുണ്ടെന്ന് സയ്യിദ് ഷൂജ വെളിപ്പെടുത്തിയത്.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിലും വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തിയെന്ന് സയിദ് ഷൂജ അവകാശപ്പെടുന്നു. എസ് പി, ബി എസ് പി പാർട്ടികൾ വോട്ടിംഗ് മെഷീൻ ഹാക്ക് ചെയ്യാനായി തന്നെ സമീപിച്ചിട്ടുണ്ടെന്നും സയിദ് ഷൂജ ലണ്ടനിൽ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വെളിപ്പെടുത്തി.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
തീർന്നില്ല, ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും സയിദ് ഷൂജ നടത്തി. മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണം കൊലപാതകം ആയിരുന്നുവെന്ന് സയിദ് ഷൂജ പറയുന്നു. 2014ല്‍ ആണ് വാഹനാപകടത്തിൽ ഗോപിനാഥ് മുണ്ടെ മരിക്കുന്നത്. എന്നാൽ ആ മരണത്തിന് കാരണം വോട്ടിങ് മെഷീനിലെ കൃത്രിമം സംബന്ധിച്ച് മുണ്ടെക്ക് അറിവുള്ളത് കൊണ്ട് ആയിരുന്നു എന്നാണ് ഹാക്കറുടെ വെളിപ്പെടുത്തൽ.
2014 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം തന്നെ വധിക്കാൻ ശ്രമം നടന്നതായി മുമ്പും സയിദ് ഷൂജ വെളിപ്പെടുത്തിയിരുന്നു. ലണ്ടനിൽ മാധ്യമപ്രവർത്തകരുടെ ചടങ്ങിൽ പങ്കെടുക്കുന്നതിന് ഏതാനും ദിവസം മുമ്പുപോലും വധശ്രമം ഉണ്ടായതായി ഇയാൾ പറയുന്നു. 2014 ലെ പൊതു തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് യന്ത്രങ്ങൾ ഹാക്ക് ചെയ്തതിനെപ്പറ്റി അറിവുണ്ടായിരുന്ന തന്‍റെ സഹപ്രവർത്തകരെ വെടിവച്ച് കൊലപ്പെടുത്തിയതിന് ശേഷം വർഗ്ഗീയ കലാപത്തിൽ കൊല്ലപ്പെട്ടവരായി ചിത്രീകരിച്ചുവെന്നാണ് സയിദ് ഷൂജയുടെ മറ്റൊരു വെളിപ്പെടുത്തൽ.
പക്ഷേ ആരാണീ വിവാദ ഹാക്കർ സയിദ് ഷൂജ?
അമേരിക്കൻ ഹാക്കറെന്നാണ് അറിയപ്പെടുന്നതെങ്കിലും സയ്യിദ് ഷൂജ അമേരിക്കാരനല്ല. ഹൈദരാബാദ് സ്വദേശിയായ സൈബർ സെക്യൂരിറ്റി വിദഗ്ധനാണ് ഇദ്ദേഹമെന്നും ജീവന് ഭീഷണിയുള്ളതുകൊണ്ട് അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടിയിരിക്കുകയാണ് എന്നുമാണ് വിവരം. ഇന്ത്യൻ മാധ്യമപ്രവത്തകർ ലണ്ടനിൽ സംഘടിപ്പിച്ച പരിപാടിയിലും സയ്യിദ് ഷൂജ വീഡിയോ കോൺഫറൻസ് വഴിയാണ് പങ്കെടുത്തത്. തിരിച്ചറിയപ്പെടാതിരിക്കാനായി ഷൂജ മുഖത്ത് ഒരു മാസ്കും കണ്ണടയും ധരിച്ചിരുന്നു.
2009 മുതൽ 2014 വരെ ഇന്ത്യയിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങൾ വികസിപ്പിച്ച ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ജോലി ചെയ്തിട്ടുണ്ടെന്നും സയ്യിദ് ഷൂജ പറയുന്നു. 2,200 ഓളം ജോലിക്കാരുള്ള സ്ഥാപനമാണ് ECIL. അവരിൽ ഭൂരിഭാഗവും സോഫ്റ്റ്‍വെയർ വിദഗ്ധരുമാണ്. വോട്ടിംഗ് യന്ത്രങ്ങൾ വികസിപ്പിക്കുന്ന വിഭാഗത്തിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ സാങ്കേതിക വിദഗ്ധരിൽ ആരും സയ്യിദ് ഷൂജ പറയുന്ന സാഹചര്യങ്ങളുമായി ബന്ധപ്പെട്ടവരല്ല എന്നാണ് ECIL വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
(ഇവയെല്ലാം സയ്യിദ്ഷൂജ എന്ന പേരിൽ അറിയപ്പെടുന്ന ഹാക്കർ നടത്തുന്ന അവകാശവാദങ്ങളാണ്. ECILൽ ഇങ്ങനെയൊരാൾ ജോലി ചെയ്തിരുന്നോ എന്നും ഇതുവരെ സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam