അയോധ്യയില്‍ കൂറ്റന്‍ രാമപ്രതിമ നിർമിക്കും, ഉടന്‍‍ ക്ഷേത്ര നിർമ്മാണം നടത്തുമെന്നും യോഗി

By Web TeamFirst Published Nov 7, 2018, 1:52 PM IST
Highlights

അയോധ്യയിൽ രാമപ്രതിമ നിർമ്മിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ട് സ്ഥലങ്ങൾ ഇതിനായി പരിശോധിച്ചു. ഭരണഘടനാ തത്വങ്ങൾ പാലിച്ച് ക്ഷേത്ര നിർമ്മാണം നടത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ദില്ലി: അയോധ്യയിൽ രാമപ്രതിമ നിർമ്മിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രണ്ട് സ്ഥലങ്ങൾ ഇതിനായി പരിശോധിച്ചു. ഭരണഘടനാ തത്വങ്ങൾ പാലിച്ച് ക്ഷേത്ര നിർമ്മാണം നടത്തുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

പൂജാ വിഗ്രഹം അമ്പലത്തിൽ സ്ഥാപിക്കും. എല്ലാവർക്കും കാണാനുള്ള ഒരു പ്രതിമയ്ക്കും വ്യവസ്ഥ ചെയ്യും. രാമപ്രതിമ അയോധ്യയിൽ പണിയുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹിന്ദു ഏകീകരണത്തിനുള്ള ബിജെപി ശ്രമത്തിൻറെ ഭാഗം കൂടിയാണ് അയോധ്യയിലെ നീക്കങ്ങൾ.

ഫൈസാബാദി ജില്ലയുടെ പേര് അയോധ്യയെന്നാക്കുന്നു. ദശരഥന്‍റെ പേരിൽ മെഡിക്കൽ കോളേജും. ശ്രീരാമന്‍റെ പേരിൽ വിമാനത്താവളവും. ഒരു പടികൂടി കടന്നാണ് ഉത്തരേന്ത്യയിൽ ദീപാവലി ദിനത്തിൽ ക്ഷേത്രനിർമ്മാണം നടക്കും എന്ന പ്രഖ്യാപനവും യോഗി നടത്തുന്നത്. എന്നാൽ നിയമം ഉണ്ടാകുമോ, ഒത്തുതീർപ്പിനു ശ്രമിക്കുമോ, കോടതിവിധിക്ക് കാത്തിരിക്കുമോ എന്നൊന്നും യുപി മുഖ്യമന്ത്രി വിശദീകരിച്ചില്ല. 

ഭരണഘടനയ്ക്ക് അനുസൃതമായിട്ടാവും നിർമ്മാണം എന്ന് ഉറപ്പ് പറയുന്നു. കൂറ്റൻ രാമപ്രതിമ നിർമ്മിക്കുന്നതിന് രണ്ട് സ്ഥലങ്ങൾ പരിശോധിക്കുകയാണെന്നും യോഗി ആദിത്യനാഥ് അറിയിച്ചു. ഈ മാസം ഇരുപത്തിയഞ്ചിന് അയോധ്യയിൽ സമ്മേളനം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സന്ന്യാസിമാരെ അനുനയിപ്പിക്കാനാണ് ഈ പ്രഖ്യാപനങ്ങൾ. 

വിശ്വഹിന്ദു പരിഷത്ത് എല്ലാ ലോകസഭാ സീറ്റിലും ക്ഷേത്ര നിർമ്മാണത്തിന് പിന്തുണ തേടി യോഗങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണവിരുദ്ധ വികാരം ബിജെപി നേരിടുന്നു. 

ഹിന്ദു ഏകീകരണത്തിലൂടെയേ ഇത് മറികടക്കാൻ കഴിയൂ എന്നാണ് വിലയിരുത്തൽ. അയോധ്യ വീണ്ടും ശ്രദ്ധാകേന്ദ്രമാകുമ്പോൾ നിയസഭാ തെരഞ്ഞെടുപ്പുകളിലും ഇതിൻറെ പ്രകമ്പനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

click me!