Latest Videos

രാജ്യത്തെ പത്ത് കോടിയോളം പേർക്ക് മോദി നേരിട്ട് കത്തെഴുതുന്നു; കാരണം ഇതാണ്

By Web TeamFirst Published Oct 26, 2018, 3:48 PM IST
Highlights

ഒരു പ്രശ്നം പരിഹരിക്കേണ്ടത് അതിന്റെ വേരുകളിൽ ഇറങ്ങി ചെന്നാണെന്നതാണ്  പ്രധാനമന്ത്രിയുടെ പോളിസിയെന്ന് നീതി ആയോഗിന്റെ അംഗമായ വിനോദ് കെ പോള്‍  പറഞ്ഞതിന് പിന്നാലെയാണ് മോദിയുടെ തീരുമാനം.

ദില്ലി : ഇന്ത്യയിൽ തുടങ്ങിവെച്ച ഏറ്റവും വലിയ  ആരോ​ഗ്യ പദ്ധതിയായ ആയുഷ്മാൻ ഭാരതിനെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് പ്രധാനമന്ത്രി നേരിട്ട്  കത്തെഴുതുന്നു. പദ്ധതി നടപ്പിലായി മാസങ്ങൾ കഴിഞ്ഞിട്ടും പദ്ധതിയെ കുറിച്ചോ അത് എന്തിനുള്ളതാണെന്നോ  രാജ്യത്തെ 50 കോടിയോളം വരുന്ന ജനസമൂഹത്തിന്  അറിയില്ല. ഇതാണ്  കേന്ദ്ര സർക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ‌ ഒന്ന്.  അത് പരിഹരിക്കുകയാണ് കത്തെഴുതലിലൂടെ പ്രധാനമന്ത്രി ലക്ഷ്യം വെക്കുന്നത്. 

ഒരു പ്രശ്നം പരിഹരിക്കേണ്ടത് അതിന്റെ വേരുകളിൽ ഇറങ്ങി ചെന്നാണെന്നതാണ്  പ്രധാനമന്ത്രിയുടെ പോളിസിയെന്ന് നീതി ആയോഗിന്റെ അംഗമായ വിനോദ് കെ പോള്‍  പറഞ്ഞതിന് പിന്നാലെയാണ് മോദിയുടെ തീരുമാനം. 2011ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഭാ​ഗവാക്കാകാൻ അർഹരായവരെ കണ്ടെത്തുന്നത്. ഈ സെൻസസ് പ്രകാരം ഇന്ത്യയിലെ 40 ശതമാനത്തോളം ജനങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കേണ്ടതുണ്ടെന്ന് വിനോദ് പറഞ്ഞു. പദ്ധതിപ്രകാരം രാജ്യത്തെ ആരോഗ്യമേഖലയിലെ ചെലവുകുറയുമെന്നും അത്തരം സേവനങ്ങളിലേക്കുള്ള ഒരു  ചുവടുവെപ്പ് കൂടിയാണ് ഈ ആയുഷ്മാൻ ഭാരതെന്നും ഇതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


എന്താണ് ആയുഷ്മാൻ ഭാരത് പദ്ധതി ?

ലോകത്തിൽ വെച്ചേറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആയുഷ്മാന്‍ ഭാരതെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവർക്ക് ഒരു രൂപ പോലും നൽകേണ്ടി വരില്ല. 10 കോടി ദരിദ്ര കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപയുടെ ചികില്‍സാ സഹായം ഉറപ്പാക്കുന്നത് കൂടിയാണ് ആയുഷ്മാന്‍ ഭാരത്. അതിനായി 1200 കോടി രൂപയാണ് ബജറ്റില്‍ സർക്കാർ വകയിരുത്തിയത്. ഇൻഷുറൻസ് കമ്പനികളുടെ ശൃംഖല (ഇ.എച്ച്.സി.പി.) മുഖേനയായിരിക്കും പദ്ധതി നടപ്പാക്കുക. സ്വകാര്യ, സർക്കാർ ആശുപത്രികളിൽ പണമില്ലാതെ ചികിത്സ തേടാനുള്ള സൗകര്യം ഇ.എച്ച്.സി.പി. ഒരുക്കും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പും ശേഷവുമുള്ള രോഗനിർണയം, മരുന്നുവിതരണം തുടങ്ങി 1350-ഓളം നടപടികൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും.
 

click me!