പള്ളി ആർക്കും വിട്ടുകൊടുക്കില്ല; ഉറച്ച നിലപാടുമായി ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ

By Web TeamFirst Published Dec 20, 2018, 12:24 PM IST
Highlights

മൂവാറ്റുപുഴ മുൻസിഫ് കോടതി ഉത്തരവ് പ്രകാരമാണ് റമ്പാൻ പ്രാർഥനയ്ക്കായി പള്ളിയിലെത്തിയതെന്നും കോതമംഗലം പള്ളി ഓർത്തഡോക്സ് വിഭാഗക്കാർ ആർക്കും വിട്ടുകൊടുക്കില്ലെന്നും തോമസ് പ്രഥമൻ കാതോലിക്കാ ബാവ.

കോതമംഗലം: കോതമംഗലം മാർത്തോമാ ചെറിയ പള്ളിയിൽ നടന്ന ഓർത്തഡോക്സ്-യാക്കോബായ വിശ്വാസിസംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഉറച്ച നിലപാടുമായി ഓർത്തഡോക്സ് സഭ. പള്ളി ആർക്കും വിട്ടുകൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മലങ്കര ഓർത്തഡോക്സ് സഭയുടെ തലവൻ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവ വ്യക്തമാക്കി. 

പള്ളിയിൽ ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നുംം കാതോലിക്കാ ബാവ പറഞ്ഞു. ചില കയ്യേറ്റക്കാർ വെറുതെ സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണ്. ഞങ്ങളുടെ ഇടവക പള്ളി ആർക്കും ഒരു കാരണവശാലും വിട്ടുകൊടുക്കില്ല. അതിന് വേണ്ട നടപടികൾ ആലോചിക്കുകയാണ്. കോടതി പറഞ്ഞാൽ കേൾക്കാത്ത ആളുകളാണ് ഇവിടെയുള്ളത്. 

ഒത്തുതീർപ്പിന് തയ്യാറാണെന്ന് നേരത്തേ സുപ്രീംകോടതി നിർദേശപ്രകാരം യാക്കോബായ സഭയോട് പറഞ്ഞതാണ്. എന്നാൽ യാക്കോബായ വിഭാഗം സമവായത്തിന് തയ്യാറായിരുന്നില്ല. കോടതിവിധി മാത്രമേ അനുസരിക്കൂ എന്നാണ് അന്ന് യാക്കോബായ വിഭാഗം പറഞ്ഞത്. പിന്നീട് മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ വിധി വന്നപ്പോൾ അത് അനുസരിക്കാനും യാക്കോബായ വിഭാഗം തയ്യാറാകുന്നില്ല. പ്രശ്നം തീരണമെന്നും തീർക്കണമെന്നും സർക്കാർ കരുതുന്നുണ്ട്. അതിന് പൊലീസ് സംരക്ഷണവും തരുന്നുണ്ട്. എന്നാൽ ചിലർ അനാവശ്യമായി പ്രശ്നമുണ്ടാക്കുകയാണ്. - കാതോലിക്കാ ബാവ പറഞ്ഞു.

Read More: കോതമംഗലം പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ സംഘര്‍ഷം; റമ്പാനെ തിരിച്ചയച്ചു

ഇന്ന് രാവിലെയാണ് കോടതി വിധി പ്രകാരം കോതമംഗലം ചെറിയ പള്ളിയിൽ പ്രാർഥിക്കാൻ വരുന്നുണ്ടെന്ന കാര്യം തോമസ് പോൾ റമ്പാൻ പൊലീസിനെ അറിയിച്ചത്. ഫാദർ തോമസ് പോൾ റമ്പാന് മൂവാറ്റുപുഴ മുൻസിഫ് കോടതി പ്രാർഥന നടത്താൻ പൊലീസ് സംരക്ഷണം അനുവദിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിനെ റമ്പാൻ സമീപിച്ചപ്പോൾ ക്രമസമാധാനപ്രശ്നമുണ്ടാകുമെന്ന് കാട്ടി നോട്ടീസ് നൽകുകയാണ് ചെയ്തത്. മുൻസിഫ് കോടതി ഉത്തരവിട്ട സംരക്ഷണം നൽകാതെ ഇത്തരമൊരു നോട്ടീസ് നൽകിയതിന് ഹൈക്കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റമ്പാന് പൊലീസ് സംരക്ഷണമൊരുക്കിയത്. 

എന്നാൽ രാവിലെ പള്ളിയിലെത്തിയ റമ്പാന് നേരെ യാക്കോബായ വിശ്വാസികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടർന്ന് പൊലീസ് കൂട്ട അറസ്റ്റ് തുടങ്ങിയെങ്കിലും പ്രശ്നം നിയന്ത്രണാതീതമാവുമെന്ന് കണ്ട് റമ്പാനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. 

 

click me!