റിസര്‍വ് ബാങ്കിന്‍റെ സ്വയംഭരണത്തില്‍ കൈകടത്തില്ല: വിശദീകരണവുമായി കേന്ദ്രം

By Web TeamFirst Published Oct 31, 2018, 1:46 PM IST
Highlights

റിസർവ് ബാങ്ക് ആക്ടിലെ സെക്ഷൻ 7 പ്രകാരം പൊതുജനതാത്പര്യാർഥമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് ആർബിഐയ്ക്ക് നേരിട്ട് നിർദേശങ്ങൾ നൽകാൻ കഴിയും. എന്നാല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഇടപെടൽ. ഇതിൽ പ്രതിഷേധിച്ച് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ രാജി നൽകിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
 

ദില്ലി: ആര്‍ബിഐ ഗവര്‍ണറും കേന്ദ്രധനമന്ത്രാലയവും തമ്മില്‍ ഭിന്നത രൂക്ഷമാകുന്നെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ
റിസർവ് ബാങ്കിന്‍റെ സ്വയംഭരണത്തിൽ കൈകടത്തില്ലെന്ന് കേന്ദ്രം. മൈക്രോഫിനാൻസ് അടക്കമുള്ള ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങളുടെ ലിക്വിഡിറ്റി സംബന്ധിച്ചും, ചെറുകിട വ്യവസായസ്ഥാപനങ്ങൾക്ക് വായ്പാസഹായം കൂട്ടുന്നത് സംബന്ധിച്ചുമുള്ള കർശനചട്ടങ്ങളിൽ ഇളവ് വരുത്താൻ കേന്ദ്രസർക്കാർ ആര്‍ബിഐക്ക് രണ്ടുകത്തുകള്‍ ഇന്നലെ നല്‍കിയിരുന്നു.

ഇതിന് പിന്നാലെ കേന്ദ്രധനമന്ത്രാലയവും ആർബിഐ ഗവർണറും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്‍റെ സ്വയംഭരണത്തില്‍ കൈകടത്തില്ലെന്നും എല്ലാ സ്ഥാപനങ്ങളും പൊതുതാല്‍പര്യം സംരക്ഷിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി. കൂടിയാലോചന പുതിയ കാര്യമല്ലെന്നാണ് ധനമന്ത്രാലയം പറഞ്ഞത്.

റിസർവ് ബാങ്ക് ആക്ടിലെ സെക്ഷൻ 7 പ്രകാരം പൊതുജന താല്പര്യാര്‍ത്ഥമുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിന് ആർബിഐയ്ക്ക് നേരിട്ട് നിർദേശങ്ങൾ നൽകാൻ കഴിയും. എന്നാല്‍ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു ഇടപെടൽ. ഇതിൽ പ്രതിഷേധിച്ച് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ രാജി നൽകിയേക്കുമെന്നാണ് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

റിസർവ് ബാങ്കിന്‍റെ അധികാരത്തിൽ ഇനിയും കേന്ദ്രസർക്കാർ കൈ വച്ചാൽ ഇന്ന് ഒരു മോശം വാർത്ത കേൾക്കാമെന്നാണ് മുൻ കേന്ദ്രധനമന്ത്രിയായിരുന്ന പി.ചിദംബരം ഇന്ന് രാവിലെ ട്വീറ്റ് ചെയ്തത്. 1991ൽ രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധിയിൽ ഉഴലുമ്പോൾ പോലും പ്രയോഗിക്കാത്ത അധികാരങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്നത് എന്തടിസ്ഥാനത്തിലാണെന്നും പി.ചിദംബരം ചോദിച്ചിരുന്നു.

 

click me!