
പുണെ: തനിക്ക് രാജ്യം നല്‍കിയ പദ്മഭൂഷണ്‍ പുരസ്‌ക്കാരം തിരികെ നല്‍കുമെന്ന് അണ്ണ ഹസാരെ. അഴിമതിക്കെതിരെയുള്ള ലോക്പാല്‍- ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല ഉപവാസസമരം നടത്തുകയാണ് അണ്ണ ഹസാരെ. സമരം അഞ്ചുദിവസം പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക തുടങ്ങി.
നേരത്തെ ഹസാരെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ്ണ ഉത്തരവാദിത്തം നരേന്ദ്രമോദിക്കായിരിക്കുമെന്ന് ഹസാരെ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയേട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എരിതീയില്‍ എണ്ണ ഒഴിച്ച ആളായിട്ടാകില്ല മറിച്ച്, സാഹചര്യങ്ങളെ കൃത്യതയോടെ ഉപയോഗപ്പെടുത്തിയ വ്യക്തി എന്ന നിലയിലായിരിക്കും ജനങ്ങൾ എന്നെ ഒർക്കുക. എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം ജനം, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നൽകും'- ഹസാരെ പറഞ്ഞു.
'ലോക്പാൽ വഴി, ജനങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെങ്കില്‍ മോദിക്കെതിരെ പോലും അന്വേഷണം നടത്താവുന്നതാണ്. അതുപോലെ തന്നെ ആരെങ്കിലും തെളിവുകള്‍ നല്‍കിയാല്‍ ലോകായുക്ത വഴി, മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കീഴിലുള്ള മറ്റു മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ അന്വേഷണം നടത്താം. അതുകൊണ്ടാണ് ഒരു പാര്‍ട്ടിക്കും ഇതിനോട് താത്പര്യമില്ലാത്തത്. 2013ല്‍ പാര്‍ലമെന്റ് ലോക്പാല്‍ പാസാക്കിയിട്ടുണ്ട്. പക്ഷേ സര്‍ക്കാര്‍ ഇനിയും അത് രൂപീകരിച്ചിട്ടില്ല,’ അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.
81-കാരനായ ഹസാരെയുടെ രക്തസമ്മര്‍ദവും ശരീരത്തിലെ പഞ്ചസാരയുടെ അളവും വര്‍ധിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തൂക്കവും നാലുകിലോ കുറഞ്ഞിട്ടുണ്ട്. ഗാന്ധിജിയുടെ 71-ാം രക്തസാക്ഷിത്വദിനമായ ജനവരി 30 മുതലാണ് പുണെയ്ക്കടുത്ത് തന്റെ വാസസ്ഥലമായ റാളെഗന്‍ സിദ്ധിയില്‍ ഹസാരെ ഉപവാസം തുങ്ങിയത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുതകുന്ന സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും ഹസാരെ ഉന്നയിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam