
ദില്ലി: മീറ്റൂ ക്യാംപെയിനിന്റെ കാലമാണിത്. തങ്ങൾക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറയാൻ എല്ലാവരും തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ദേശീയ പുരസ്കാര ജേതാവായ നാനാ പടേക്കറിനെതിരെ നടി തനുശ്രീ ദത്ത നടത്തിയ ലൈംഗിക ആരോപണമാണ് ഏറ്റവും ഒടുവിലായി പുറത്ത് വന്നത്. ആ പട്ടികയിലേക്ക് പ്രശസ്ത എഴുത്തുകാരനായ ചേതൻ ഭഗത്തിന്റെ പേരും എത്തിച്ചേർന്നിരിക്കുകയാണ്.
ചേതൻ ഭഗത്തും മറ്റൊരു യുവതിയുമായുള്ള ചാറ്റ് സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ട് ട്വിറ്ററിൽ പ്രസിദ്ധപ്പെടുത്തിയാണ് ഷീന എന്നസ്ത്രീ ആരോപണമുന്നയിച്ചിരിക്കുന്നത്. തന്നോട് പ്രണയസല്ലാപത്തിലേർപ്പെടാൻ ചേതൻ ഭഗത് ആവശ്യപ്പെട്ടതായി യുവതി ആരോപിക്കുന്നു. സ്ക്രീൻ ഷോട്ടിൽ നിന്നും ഇത് വ്യക്തമാകുന്നുണ്ട്. വിവാഹിതനായ ഒരാളിൽ നിന്ന് ഇത്തരമൊരു ആവശ്യം കേട്ടപ്പോൾ താൻ അമ്പരന്നു എന്നാണ് തന്റെ സുഹൃത്തായ യുവതി പറഞ്ഞതെന്ന് ട്വിറ്റർ കുറിപ്പിൽ പറയുന്നു.
ചേതൻ ഭഗത്തിന്റെ ശ്രദ്ധയെ ക്ഷണിച്ചുകൊണ്ടാണ് യുവതിയുടെ ട്വിറ്റർ പോസ്റ്റ്. അങ്ങനെയൊരു സംഭാഷണം വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതായി ചേതൻ ഭഗത് സമ്മതിക്കുന്നുണ്ട്. ഒപ്പം വിശദീകരണക്കുറിപ്പും നൽകിയിട്ടുണ്ട്. ''അത്തരമൊരു സംഭാഷണം അനുഷ എന്ന യുവതിയുമായി വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചു പോയിട്ടുണ്ട്. ഞാനതിൽ ഖേദമറിയിക്കുന്നു. ആ സ്ക്രീൻ ഷോട്ടുകൾ യഥാർത്ഥമാണ്. വളരെ ആഴത്തിലുള്ള ഒരു സൗഹൃദം എനിക്കവരോട് തോന്നിയിരുന്നു. വളരെ അടുത്തിടപഴകാൻ സാധിക്കുന്ന, കുസൃതിക്കാരിയായ ഒരു മനുഷ്യജീവിയെ ആണ് ഞാനവരിൽ കണ്ടത്. വളരെ പ്രത്യകതയുള്ള ഒരു വ്യക്തിയായിരുന്നു എനിക്ക് അവർ. പ്രണയ സല്ലാപത്തിലേർപ്പെടാനുള്ള ആവശ്യം സംഭാഷണത്തിന്റെ തുടർച്ചയായി വന്നു ചേർന്നതാണ്. സ്വകാര്യ സംഭാഷണങ്ങൾ ആരോടും പങ്ക് വയ്ക്കുന്ന ആളല്ല ഞാൻ. ഒരിക്കൽ ഞാൻ അനുഷയോട് ക്ഷമ ചോദിക്കുന്നു. എന്നോട് ക്ഷമിച്ചു എന്ന് ഞാൻ വിശ്വസിക്കുന്നു.'' ചേതൻ ഭഗത്തിന്റെ വിശദീകരണ മറുപടിയുടെ പ്രസക്തഭാഗങ്ങൾ ഇപ്രകാരമാണ്.
തന്റെ ഭാര്യയോടും ചേതൻ ഭഗത് ക്ഷമ പറയുന്നു. ഈ സംഭവത്തിൽ വിരോധാഭാസമായി കാണാവുന്ന ഘടകം കൂടിയുണ്ട്. രണ്ട് ദിവസം മുമ്പാണ് തനുശ്രീ ദത്തയെ അനുകൂലിച്ചു കൊണ്ട് ചേതൻ ഭഗത് രംഗത്ത് വന്നത് നാനാ പടേക്കർക്കെതിരെയുള്ള ആരോപണം ഗുരുതരമായി കാണണം എന്ന് തന്നെയായിരുന്നു ചേതൻ ഭഗതിന്റെ നിലപാട്. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ആരോപണത്തിന് മറുപടിയും ക്ഷമാപണവും നല്‍കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam