
മഹാരാഷ്ട്ര: ട്രെയിൻ യാത്രക്കിടെ പ്രസവ വേദന അനുഭവപ്പെട്ട യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. കോലാപൂരിലെ റായ്ബാഗ് സ്വദേശിയായ യല്ലേവ മയൂരി ഗയ്ക്‍വാദ് എന്ന 23കാരിയാണ് യാത്രാമധ്യേ തന്റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. യല്ലേവ രണ്ടുവര്‍ഷത്തിനിടെ തന്റെ രണ്ടുകുഞ്ഞുങ്ങൾക്ക് ജന്മം നല്‍കിയത് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ തന്നെയാണ്.
തന്റെ മൂന്നാമത്തെ പ്രസവത്തിനായി കോലാപൂരില്‍നിന്ന് റായ്ബാഗിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു യല്ലേവയും ഭര്‍ത്തൃസഹോദരിയും. ഹരിപ്രിയ എക്സ്പ്രസിലായിരുന്നു യാത്ര. ഇതിനിടയില്‍ ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെടുകയും തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ പ്രസവത്തിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു.
ജനറൽ കമ്പാർട്ട്മെന്റിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്. പ്രസവ വേദന കൊണ്ട് പുളഞ്ഞ യല്ലേവക്ക് യാത്രക്കാർ സീറ്റ് ഒഴിഞ്ഞ് കൊടുത്തു. ഉടൻ തന്നെ റെയിൽവേ അധികൃതർ ആംബുലൻസിൽ വിവരം അറിയിക്കുകയും അടുത്തുള്ള റായ്ബാഗ് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ പ്രസവ വേദന കലശലായതോടെ അധികൃതര്‍ കമ്പാര്‍ട്മെന്റില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു. ബെഡ്ഷീറ്റുകള്‍ കൊണ്ടു മറച്ച് അവിടം പ്രസവമുറിയാക്കി മാറ്റി. ഭർത്തൃസഹോദരിയും വനിത യാത്രക്കാരും ചേർന്നാണ് പ്രസവമെടുത്തത്.
ശേഷം റായ്ബാഗിലെത്തിയ ട്രെയിനിൽ നിന്ന് അമ്മയെയും കുഞ്ഞിനെയും ആംബുലൻസിലേക്ക് മാറ്റി. ഇതിനായി ട്രെയിന്‍ അര മണിക്കൂര്‍ നിര്‍ത്തിയിടാന്‍ സ്റ്റേഷന്‍ മാസ്റ്റര്‍ അനുമതി നല്‍കുകയും ചെയ്തു. റായ്ബാഗിലെ താലൂക്ക് ആശുപത്രിയില്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഹെല്‍ത്ത് ഓഫീസര്‍ ആര്‍ എച്ച് രംഗന്നാവര്‍ അറിയിച്ചു. വീട്ടു ജോലിക്കാരിയായ യല്ലേവയുടെ ഭർത്താവ് കെട്ടിട നിർമ്മാണ തൊഴിലാളിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam