
ഇടുക്കി:ഇടുക്കി കല്ലാറിൽ ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ വൃദ്ധയ്ക്ക് അധികൃതർ മതിയായ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് പരാതി. അടിമാലി താലൂക്ക് ആശുപത്രിയിൽ കഴിയുന്ന വൃദ്ധയ്ക്ക് മരുന്ന് വാങ്ങാനുള്ള പണം പോലും റവന്യൂ അധികൃതർ നൽകുന്നില്ലെന്നാണ് ആക്ഷേപം. അടിമാലി കല്ലാർ സ്വദേശിയാണ് സാവിത്രി. കല്ലാറിൽ ഓഗസ്റ്റ് 9ന് പുലർച്ചെയുണ്ടായ ഉരുൾപൊട്ടൽ സാവിത്രിയുടെ വീട് തകർത്തു. ഭിത്തിയിടിഞ്ഞ് വീണ് ഗുരുതരമായി പരിക്കേറ്റ സാവിത്രിയെയും ഭർത്താവ് കുഞ്ഞപ്പനെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
സാവിത്രിയുടെ ഒടിഞ്ഞ് തൂങ്ങിയ വലത് കൈ ശസ്ത്രക്രിയ്ക്ക് ശേഷം പ്ലാസ്റ്ററിട്ടു. നട്ടെല്ലിനും പരിക്കുണ്ട്. സ്കാൻ ചെയ്താലെ നട്ടെല്ലിന്‍റെ പരിക്ക് എങ്ങിനെയെന്ന് മനസ്സിലാക്കി തുടർചികിത്സ നിശ്ചയിക്കാനാകൂ. അടിമാലി താലൂക്ക് ആശുപത്രിയിൽ സ്കാൻ സംവിധാനമില്ല. സ്വകാര്യ സ്ഥാപനത്തിൽ സ്കാൻ ചെയ്യാൻ ഇവരുടെ കയ്യിൽ പണവുമില്ല.
പ്രതിദിനം ആയിരം രൂപയിൽ അധികം സാവിത്രിയുടെ മരുന്നിന് തന്നെ വേണം. ആനവിരട്ടിയിലെ വില്ലേജ് ഓഫീസർ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് നൽകിയത് രണ്ടായിരം രൂപ. തുടർ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ കൊണ്ടുപോകാൻ നിർദ്ദേശം നൽകിയെന്നും പണം നൽകാനാവില്ലെന്നുമാണ് റവന്യൂ അധികൃതരുടെ നിലപാട്. പരിക്കേറ്റ കുഞ്ഞപ്പൻ അടിമാലി ആശുപത്രിയിൽ കഴിയുമ്പോള്‍ സാവിത്രിയെ മാത്രം ചികിത്സയ്ക്കായി കോട്ടയത്ത് കൊണ്ടുപോകുന്നതെങ്ങിനെയെന്നാണ് കുടുംബത്തിന്റെ ആശങ്ക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam