
മുംബൈ: മഹാരാഷ്ട്രയില്‍ ചരിത്രപരമായ തീരുമാനവുമായി സര്‍ക്കാര്‍. ഇനി മുതല്‍ സംസ്ഥാനത്തെ വനിതാ ജയിലുകളിലെ അന്തേവാസികള്‍ക്ക് വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യാം. തടവുകാര്‍ക്ക് ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത് പോലെ തന്നെയാണ് പുതിയ സൗകര്യവും ലഭ്യമാക്കുക.
ജയില്‍ അധികൃതര്‍ നിശ്ചയിക്കുന്ന ദിവസം അഞ്ച് മിനുറ്റ് നേരത്തേക്ക് വനിതാ തടവുകാര്‍ക്ക് വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്യാം. ഇതിന് അഞ്ച് രൂപയാണ് കോള്‍ ചാര്‍ജ്ജ്. വീട്ടിലേക്ക് മാത്രമേ വിളിക്കാനാകൂ. എന്തെല്ലാമാണ് സംസാരിക്കുന്നതെന്ന് നിരീക്ഷിക്കാന്‍ പ്രത്യേക ഡ്യൂട്ടിയില്‍ പൊലീസുകാരും കൂടെ കാണും. നേരത്തേ തടവുകാര്‍ക്കായി കോയിന്‍ ബൂത്ത് സംവിധാനം ഒരുക്കിനല്‍കിയിരുന്നു. ഇതും അഞ്ച് മിനുറ്റ് നേരത്തേക്ക് ഉപയോഗിക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്.
രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരത്തിലൊരു പുരോഗമനപരമായ തീരുമാനം തടവുകാര്‍ക്ക് വേണ്ടിയെടുക്കുന്നത്. ആദ്യഘട്ടത്തില്‍ യേര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ ഇതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. വൈകാതെ സംസ്ഥാനമാകെയുള്ള വനിതാജയിലുകളിലും തുറന്ന ജയിലുകളിലും സൗകര്യമൊരുക്കാനാണ് തീരുമാനം.
ഇതിന് പുറമെ വിചാരണ പൂര്‍ത്തിയാകാത്ത തടവുകാര്‍ക്ക് കോടതി നടപടികള്‍ നേരിടാൻ വീഡിയോ കോണ്‍ഫറൻസിംഗ് ഏര്‍പ്പെടുത്താനും സംസ്ഥാന സര്‍ക്കാരും ജയില്‍ വകുപ്പും ആലോചിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam