
കുമളി: കുമളി സ്വദേശിയായ പതിനേഴുകാരിക്കൊപ്പം നാടുവിട്ട യുവാവ് പിടിയില്‍. കാട്ടില്‍ യുവതിയുമൊത്ത് ഒളിച്ച് ജീവിക്കുകയായിരുന്ന മേലുകാവ് വൈലാറ്റിൽ അപ്പുക്കുട്ടൻ എന്ന് വിളിക്കുന്ന ജോർജ് എന്ന ഇരുപത്തിയൊന്നുകാരനാണ് പിടിയിലായത്. മൂന്നാഴ്ച അടൂർമല വനത്തിനുള്ളിൽ കഴിഞ്ഞ കമിതാക്കൾ ചൊവ്വാഴ്ച പുലർച്ചെ മലയിറങ്ങുവാനുള്ള ശ്രമത്തിനിടെ പിടിയിലായത്.
ആറിന് പള്ളിയിലേക്കെന്നു പറഞ്ഞു വീട്ടിൽനിന്നു പോയ പെണ്‍കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. അടുപ്പമുണ്ടായിരുന്ന മേലുകാവ് സ്വദേശിയുടെ കൂടെയാണ് പെണ്‍കുട്ടി പോയതെന്ന വീട്ടുകാരുടെ പരാതിയെ തുടർന്ന് കുമളി പോലീസ് യുവാവിന്റെ മേലുകാവിലെ വീട്ടിലും മറ്റും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനിടെ വിനോദ സഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലെ വനത്തിൽ ഇരുവരും ഒളിച്ച് കഴിയുന്നതായി പോലീസിനു സൂചന ലഭിച്ചു. ഇതോടെ മുപ്പതിലധികം വരുന്ന പോലീസ് സംഘം സ്ഥലത്ത് മൂന്നാഴ്ചയായി തെരച്ചിൽ നടത്തിവരികയായിരുന്നു. മരം കയറുവാൻ വിദഗ്ധനായ യുവാവ് കരിക്ക്, മാങ്ങ, തേങ്ങ തുടങ്ങിയവ സമീപത്തെ പുരയിടങ്ങളിൽനിന്നു മോഷ്ടിച്ചു ഭക്ഷിച്ചാണ് ജീവൻ നിലനിർത്തിയിരുന്നത്. ചെങ്കുത്തായ മല നിരകളായ പൂഞ്ചിറയിലെ പ്രദേശങ്ങൾ വ്യക്തമായി അറിയാവുന്നയാളാണ് യുവാവ്.
പാറയിടുക്കുകളിലും വലിയ മരച്ചുവട്ടിലുമാണ് ഇവർ കഴിഞ്ഞിരുന്നത് ചൊവ്വാഴ്ച പുലർചെ അഞ്ചരയോടെ രണ്ട് ചാക്കുകെട്ടുമായി അടൂർ മലയിൽനിന്നു കോളപ്ര ഭാഗത്തേക്കു വരുന്ന വഴി ഇവർ പോലീസിന്റെ മുന്നിൽപ്പെട്ടു. എന്നാൽ പോലീസിനെ കണ്ടയുടൻ ഇരുവരും രണ്ടു വഴിക്ക് ഓടി മറഞ്ഞു. പെണ്‍കുട്ടി ശരംകുത്തി ഭാഗത്തുള്ള ഒരു വീട്ടിൽ എത്തി മുട്ടിവിളിച്ച് കുടിക്കുവാൻ വെള്ളം ആവശ്യപ്പെട്ടു. പെണ്‍കുട്ടി തീർത്തും അവശനിലയിലായിരുന്നു.
വീട്ടുകാർ പെണ്‍കുട്ടിക്ക് ഭക്ഷണം നൽകി വിശ്രമിക്കുവാനുള്ള സൗകര്യം ചെയ്തു കൊടുത്തു. പിന്നീട് നാട്ടുകാരോടു വിവരം പറഞ്ഞു. നാട്ടുകാർ പെണ്‍കുട്ടിയെ തടഞ്ഞുവച്ച് പോലീസിൽ അറിയിച്ചു. കുടയത്തൂർ വഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
പോലീസ് ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതിനെ തുടർന്നാണ് നാട്ടുകാർക്കും ഇവരെ തിരിച്ചറിയാൻ കഴിഞ്ഞത്. ചിങ്ങവനം, കാഞ്ഞാർ സ്റ്റേഷനുകളിലായി നിരവധി പീഡന കേസുകളിൽ പ്രതിയാണ് യുവാവെന്നു പോലീസ് പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam