ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ ഭീഷണി; നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ തടിയൂരി യുവാവ്

By Web TeamFirst Published Oct 15, 2018, 2:48 PM IST
Highlights

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സുരേഷ് ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വ്യാജ അക്കൗണ്ടാണെന്ന് തിരിച്ചറിയാതെ ഇയാള്‍ പെണ്‍കുട്ടിയുമായി ചാറ്റ് തുടങ്ങി. വൈകാതെ തമ്മില്‍ കാണാമെന്ന് ഉറപ്പും നല്‍കി

രാജ്‌കോട്ട്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് അഞ്ചംഗ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി. ഗുജറാത്ത് സ്വദേശിയായ സുരേഷ് ഛബ്രിയയാണ് സോഷ്യല്‍ മീഡിയ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിന്റെ ചതിയില്‍ അകപ്പെട്ടത്. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സുരേഷ് ഫേസ്ബുക്കിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. വ്യാജ അക്കൗണ്ടാണെന്ന് തിരിച്ചറിയാതെ ഇയാള്‍ പെണ്‍കുട്ടിയുമായി ചാറ്റ് തുടങ്ങി. വൈകാതെ തമ്മില്‍ കാണാമെന്ന് ഉറപ്പും നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടത് പ്രകാരം സുരേഷ് ഒരു പാര്‍ക്കിലേക്കെത്തുകയായിരുന്നു. 

ഇവിടെയെത്തിയപ്പോഴാണ് താന്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് ഇയാള്‍ തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയുടെ സഹോദരങ്ങളാണെന്ന് അവകാശപ്പെട്ടെത്തിയ നാല്‍വര്‍ സംഘം സുരേഷിനോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. സമ്മതമല്ലെന്ന് അറിയിച്ചതോടെ സംഘം ഇയാളെ ഭീഷണിപ്പെടുത്താനും മര്‍ദ്ദിക്കാനും തുടങ്ങി. 

രക്ഷയില്ലാതായപ്പോള്‍ വിവാഹത്തിന് സമ്മതിച്ച സുരേഷിന്റെ വീട്ടുകാരെയും സംഘം ബന്ധപ്പെട്ടു. 12 ലക്ഷം രൂപ വിവാഹാവശ്യത്തിനായി നല്‍കണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടു. വീട്ടുകാര്‍ ഇക്കാര്യം പൊലീസില്‍ അറിയിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. സംഘം ആവശ്യപ്പെട്ട പ്രകാരം പണം നല്‍കാമെന്ന് സമ്മതിക്കാന്‍ സുരേഷിന്റെ വീട്ടുകാരോട് പൊലീസ് നിര്‍ദേശിച്ചു. 

ആദ്യഗഡുവായി നാല്‍പതിനായിരം രൂപ നല്‍കാനെന്ന് പറഞ്ഞ് സംഘത്തെ വീട്ടുകാര്‍ വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെ വച്ച് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. നീതു റാവല്‍, ഷാനു, അഫ്‌സല്‍, ആസിഫ്, ഹരികൃഷ്ണന്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. 

click me!