'തന്‍റെ കാലത്തും ഇതുതന്നെ, ശ്രീജേഷിനോടുള്ള സർക്കാര്‍ സമീപനം നിരാശപ്പെടുത്തി'; വിമര്‍ശിച്ച് അഞ്ജു ബോബി ജോർജ്

By Web TeamFirst Published Aug 10, 2021, 12:52 PM IST
Highlights

ശ്രീജേഷിനുള്ള പാരിതോഷികം പ്രഖ്യാപിക്കാൻ സർക്കാർ മടിക്കുന്നതെന്തിനാണ്- ചോദ്യവുമായി ഒളിംപ്യന്‍ അഞ്ജു ബോബി ജോർജ് 
 

ദില്ലി: ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിനോടുള്ള സംസ്ഥാന സർക്കാരിന്‍റെ സമീപനം നിരാശപ്പെടുത്തിയെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോർജ്. 'പാരിതോഷികം പ്രഖ്യാപിക്കാൻ സർക്കാർ മടിക്കുന്നതെന്തിനാണ്. തന്റെ കാലത്തും ഇതു തന്നെയായിരുന്നു സമീപനം' എന്നും അഞ്ജു ബോബി ജോർജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടോക്കിയോയില്‍ വെങ്കലം നേടിയ ഇന്ത്യന്‍ പുരുഷ ഹോക്കി ടീമംഗമാണ് പി ആര്‍ ശ്രീജേഷ്. ഇന്ത്യയുടെ മെഡല്‍ നേട്ടത്തില്‍ നിര്‍ണായകമായത് ഗോള്‍പോസ്റ്റിന് കീഴെ ശ്രീജേഷിന്‍റെ മിന്നും സേവുകളായിരുന്നു. 

പ്രതികരിക്കാനില്ലെന്ന് ശ്രീജേഷ് 

ഒളിംപിക്‌സ് വെങ്കലനേട്ടം സ്വന്തമായി ദിവസങ്ങളായിട്ടും സംസ്ഥാന സര്‍ക്കാര്‍ പി ആര്‍ ശ്രീജേഷിനുള്ള പാരിതോഷികം പ്രഖ്യാപിക്കാന്‍ വൈകുന്നത് വലിയ വിമര്‍ശനം നേരിടുകയാണ്. അതേസമയം മറ്റ് സംസ്ഥാനങ്ങള്‍ താരങ്ങള്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാല്‍ വിവാദത്തിൽ പ്രതികരിക്കാനില്ലെന്നാണ് ശ്രീജേഷിന്‍റെ പ്രതികരണം. ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോടാണ് ശ്രീജേഷ് ഇക്കാര്യം പറഞ്ഞത്. 

സംസ്ഥാന സര്‍ക്കാരിനെതിരെ ആക്ഷേപം ശക്തമായിരിക്കുന്നതിനിടെ ഒളിംപിക്‌ മെഡലുമായി ശ്രീജേഷ് ഇന്ന് നാട്ടിലെത്തും. വൈകിട്ട് അഞ്ച് മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കും. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ഒളിംപിക് അസോസിയേഷന്‍, ഹോക്കി അസോസിയേഷന്‍ എന്നിവയുമായി ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. കായിക മന്ത്രി വി അബ്‌ദുറഹ്‌മാന്‍ നേരിട്ടെത്തും. ജന്‍മനാടായ കിഴക്കമ്പലത്തും ശ്രീജേഷിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. അതേസമയം ശ്രീജേഷിനുള്ള പാരിതോഷികം ഇന്ന് സംസ്ഥാനം പ്രഖ്യാപിച്ചേക്കും.

ടോക്കിയോയില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ ടീം വെങ്കലം അണിഞ്ഞത്. നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടിയത്. ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷ് പുറത്തെടുത്ത മിന്നും മികവിലായിരുന്നു ഇന്ത്യയുടെ വെങ്കല നേട്ടം. ജര്‍മനിക്കെതിരായ പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മലയാളി താരം മെഡല്‍ സമ്മാനിക്കുകയായിരുന്നു. 

'ഒരേയൊരു ശ്രീജേഷേ നമുക്കുള്ളു, തിരസ്‌കരിക്കരുത്'; സംസ്ഥാനം പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ ടോം ജോസഫ്

അഭിമാനതാരത്തെ വരവേല്‍ക്കാന്‍ കേരളം; ശ്രീജേഷ് വൈകിട്ട് കൊച്ചിയില്‍, വമ്പന്‍ സ്വീകരണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!