അർഷാദ് നദീം വീണു; ജാവലിനിൽ ചരിത്ര സ്വർണം എറിഞ്ഞിട്ട് ശ്രീലങ്കയുടെ റുമേഷ് പതിരഗെ

Published : Sep 29, 2026, 09:55 AM IST
Rumesh Pathirage

Synopsis

കനത്ത മഴയും മോശം കാലാവസ്ഥയും കാരണം കടുത്ത വെല്ലുവിളി നിറഞ്ഞ മത്സരത്തിലാണ് റുമേഷ് ചരിത്ര വിജയം നേടിയത്

നാഗോയ: ഏഷ്യൻ ഗെയിംസ് പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ പാകിസ്ഥാന്‍റെ ഒളിമ്പിക് ചാമ്പ്യൻ അർഷാദ് നദീമിന് വീണ്ടും നിരാശ. ഈ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മെഡൽ പട്ടികയിൽ ഇടംപിടിക്കാൻ നദീമിന് കഴിഞ്ഞില്ല. എന്നാൽ, ചരിത്ര നേട്ടത്തോടെ ശ്രീലങ്കയുടെ റുമേഷ് തരംഗ പതിരഗെ ഏഷ്യൻ ഗെയിംസ് ജാവലിനിൽ സ്വർണം സ്വന്തമാക്കുന്ന ആദ്യ ലങ്കൻ താരമായി മാറി. 88.55 മീറ്റർ ദൂരം കണ്ടെത്തിയാണ് 23-കാരനായ റുമേഷ് സ്വർണം കരസ്ഥമാക്കിയത്.

കനത്ത മഴയും മോശം കാലാവസ്ഥയും കാരണം കടുത്ത വെല്ലുവിളി നിറഞ്ഞ മത്സരത്തിലാണ് റുമേഷ് ചരിത്ര വിജയം നേടിയത്. തുടക്കത്തിൽ പതറിയ റുമേഷ് ആദ്യ ശ്രമത്തിൽ 73.53 മീറ്ററും തുടർന്ന് 83.34 മീറ്ററുമാണ് എറിഞ്ഞത്. പകുതി വഴിയിൽ ഇന്ത്യയുടെ യഷ്വീർ സിംഗിനും രോഹിത് യാദവിനും പിന്നിലായിരുന്ന റുമേഷ്, പിന്നീട് മിന്നും തിരിച്ചുവരവ് നടത്തി. നാലാം ശ്രമത്തിൽ 88.33 മീറ്റർ കണ്ടെത്തി ഒന്നാമതെത്തിയ താരം, തന്‍റെ അവസാന ശ്രമത്തിൽ 88.55 മീറ്റർ എറിഞ്ഞ് സ്വർണം ഉറപ്പിക്കുകയായിരുന്നു.

റുമേഷ് പത്തിരഗെയെ സംബന്ധിച്ച് ഇത് സ്വപ്നസമാനമായ സീസണാണ്. ഈ വർഷം കോമൺവെൽത്ത് ഗെയിംസിലും സ്വർണം നേടിയ റുമേഷ്, ഡയമണ്ട് ലീഗ് ഫൈനലും അഞ്ച് മത്സരങ്ങളും ജയിച്ച് ആധിപത്യം പുലർത്തിയിരുന്നു. ജൂണിൽ റോമിൽ കുറിച്ച 92.62 മീറ്ററാണ് ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച ദൂരവും ശ്രീലങ്കൻ ദേശീയ റെക്കോർഡും.

നിരാശപ്പെടുത്തി അർഷാദ് നദീം

മറുവശത്ത്, സീസണിലെ തന്‍റെ മികച്ച ദൂരമായ 80.29 മീറ്റർ കണ്ടെത്തിയെങ്കിലും നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ അർഷാദ് നദീമിന് സാധിച്ചുള്ളൂ. ആദ്യ ശ്രമത്തിൽ 76.69 മീറ്റർ എറിഞ്ഞ നദീമിന്റെ രണ്ടാമത്തെയും അവസാന മൂന്ന് ശ്രമങ്ങളും ഫൗളിൽ കലാശിച്ചു. തന്റെ ഫോം വീണ്ടെടുക്കാൻ ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിലെ മോശം പ്രകടനത്തിന് ശേഷം ലൊസാനെ ഡയമണ്ട് ലീഗിൽ നിന്ന് പിന്മാറുകയും ദക്ഷിണാഫ്രിക്കയിൽ പ്രത്യേക പരിശീലനം നടത്തുകയും ചെയ്തിരുന്നെങ്കിലും ഏഷ്യൻ ഗെയിംസിലും പോഡിയത്തിലെത്താൻ ഒളിമ്പിക് ചാമ്പ്യന് കഴിഞ്ഞില്ല. നീരജ് ചോപ്രയുടെ അഭാവത്തിലും ഇന്ത്യയുടെ യഷ്‌വീർ സിംഗ് വെള്ളിയും രോഹിത് യാദവ് വെങ്കലവും നേടി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'കേരളത്തിൽ ജോലി ലഭിച്ചാൽ സ്വീകരിക്കും', സർക്കാർ വാഗ്ദാനത്തിൽ സന്തോഷമെന്ന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവ് വിദർശ വിനോദ്
ഏഷ്യൻ ഗെയിംസ് ഒമ്പതാം ദിനം അത്‌ലറ്റിക്സിൽ മെഡൽ കൊയ്ത്തുമായി ഇന്ത്യ, ജാവലിനിൽ ഇരട്ട മെഡൽ, ശ്രീശങ്കറിന് വെള്ളി