അവസാന നിമിഷം അഭിഷേകിന്‍റെ നാടകീയ ഗോൾ, പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ

Published : Oct 01, 2026, 03:33 PM IST
Indian Hockey Team

Synopsis

മത്സരത്തിന്‍റെ ആദ്യ പകുതിയിൽ പൂർണ്ണ ആധിപത്യം ഇന്ത്യയ്ക്കായിരുന്നു. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ഇന്ത്യ നേടിയ പെനാൽറ്റി കോർണറുകളിൽ നിന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് രണ്ട് പെനൽറ്റി സ്ട്രൈക്കുകൾ ഗോളാക്കി മാറ്റി.

നാഗോയ: ആവേശം കൊടുമുടി കയറിയ മത്സരത്തില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി ഫൈനലിലെത്തി. മൂന്ന് ഗോളുകൾക്ക് മുന്നിട്ടുനിന്ന ശേഷം പാകിസ്ഥാൻ നടത്തിയ അവിശ്വസനീയ തിരിച്ചുവരവിൽ സമനിലയിലായ പോരാട്ടത്തിനൊടുവിൽ, മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിൽ അഭിഷേക് നേടിയ തകർപ്പൻ ഗോളിൽ 4-3 എന്ന സ്കോറിനാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. പാകിസ്ഥാനെതിരെ തോൽവി അറിയാതെയുള്ള ഇന്ത്യയുടെ 21ാം മത്സരമാണിത്. ശനിയാഴ്ച നടക്കുന്ന സ്വർണ മെഡൽ പോരാട്ടത്തിൽ മലേഷ്യ - ദക്ഷിണ കൊറിയ രണ്ടാം സെമിയിലെ വിജയികളെയാണ് ഇന്ത്യ നേരിടുക. വനിതാ വിഭാഗത്തിലും ഇന്ത്യ ഫൈനലിലെത്തിയിട്ടുണ്ട്. 1982നുശേഷം ആദ്യമായാണ് ഏഷ്യൻ ഗെയിംസില്‍ ഇന്ത്യ പുരുഷ-വനിതാ വിഭാഗങ്ങളില്‍ ഫൈനലിലെത്തുന്നത്.

മത്സരത്തിന്‍റെ ആദ്യ പകുതിയിൽ പൂർണ്ണ ആധിപത്യം ഇന്ത്യയ്ക്കായിരുന്നു. തുടക്കത്തിൽ തന്നെ ആക്രമിച്ചു കളിച്ച ഇന്ത്യ നേടിയ പെനാൽറ്റി കോർണറുകളിൽ നിന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് രണ്ട് പെനൽറ്റി സ്ട്രൈക്കുകൾ ഗോളാക്കി മാറ്റി. 23-ാം മിനിറ്റിൽ സുഖ്ജീത് സിങ് ഫീൽഡ് ഗോളിലൂടെ ലീഡ് 3-0 ആക്കി ഉയർത്തിയപ്പോൾ മത്സരം ഇന്ത്യ ഏകപക്ഷീയമായി സ്വന്തമാക്കുമെന്നാണ് കരുതിയത്.

എന്നാൽ, വിജയം ഉറപ്പിച്ചതോടെ ഇന്ത്യയുടെ അലസത മുതലാക്കി പാകിസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചെത്തി. രണ്ടാം ക്വാർട്ടറിന്‍റെ അവസാന നിമിഷത്തിൽ അബു മഹ്മൂദിലൂടെ (30-ാം മിനിറ്റ്) ആദ്യ ഗോൾ മടക്കിയ പാകിസ്ഥാൻ, മൂന്നാം ക്വാർട്ടറിൽ ഹന്നാൻ ഷാഹിദിലൂടെയും (45-ാം മിനിറ്റ്) നാലാം ക്വാർട്ടറിൽ വഹീദ് റാണയിലൂടെയും (49-ാം മിനിറ്റ്) ഗോളുകൾ നേടി സ്കോർ 3-3 എന്ന നിലയിൽ സമനിലയിലാക്കി. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുമെന്ന് തോന്നിച്ച നിമിഷങ്ങളിലാണ് ഇന്ത്യൻ മുന്നേറ്റ താരം അഭിഷേക് ടീമിന്‍റെ രക്ഷകനായത്. 60-ാം മിനിറ്റിൽ പാക് ഡിഫൻസിനെ വെട്ടിച്ച് അഭിഷേക് തൊടുത്ത ഷോട്ട് എതിർ താരത്തിന്‍റെ സ്റ്റിക്കിൽ തട്ടി ദിശമാറി വലയിൽ പതിച്ചതോടെ ഇന്ത്യ ഫൈനൽ ഉറപ്പിച്ചു.

3-0 എന്ന ശക്തമായ ലീഡ് നേടിയ ശേഷം ഇന്ത്യ കളിയിലെ ശ്രദ്ധ കുറച്ചതും പ്രതിരോധത്തിലെ പിഴവുകളും വരാനിരിക്കുന്ന ഫൈനൽ മത്സരത്തിന് മുൻപ് തിരുത്തേണ്ടതുണ്ടെന്ന് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് മത്സരശേഷം വ്യക്തമാക്കി. പോരാട്ടവീര്യം വീണ്ടെടുത്ത് ജയം പിടിച്ചെടുക്കാനായത് ഫൈനലിന് മുൻപ് വലിയ ആത്മവിശ്വാസമാണ് ടീമിന് നൽകുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് സുവര്‍ണദിനം, ആർച്ചറിയിലും ഷൂട്ടിംഗിലുമടക്കം 4 സ്വര്‍ണം; മെഡല്‍ പട്ടികയില്‍ വമ്പന്‍ കുതിപ്പ്
ആൻസി സോജനെതിരായ സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി കേരള അത്‌ലറ്റിക്സ് അസോസിയേഷൻ