ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കാതെ പുരഷോത്തം റായ് വിടവാങ്ങി

By Web TeamFirst Published Aug 28, 2020, 10:29 PM IST
Highlights

ശനിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുക്കാനിരിക്കെയാണ് പുരുഷോത്തം റായിയുടെ അപ്രതീക്ഷിത വിയോഗം

ബംഗ്ലൂര്‍: ഈ വര്‍ഷത്തെ ദ്രോണാചാര്യ പുരസ്കാര ജേതാവും അത്‌ലറ്റിക്സ് പരിശീലകനുമായ പുരുഷോത്തം റായ്(79) അന്തരിച്ചു. ശനിയാഴ്ച രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് ദ്രോണാചാര്യ പുരസ്കാരം ഏറ്റുവാങ്ങുന്ന ചടങ്ങില്‍ വെര്‍ച്വലായി പങ്കെടുക്കാനിരിക്കെയാണ് പുരുഷോത്തം റായിയുടെ അപ്രതീക്ഷിത വിയോഗം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി താരങ്ങളെ നേരില്‍ കാണാതെ വെര്‍ച്വല്‍ ചടങ്ങിലൂടെയാണ് രാഷ്ട്രപതി ഇത്തവണ താരങ്ങള്‍ക്ക് കായിക പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്.

2001ല്‍ പരിശീലകനായി സായിയില്‍ നിന്ന് വിരമിച്ച പുരുഷോത്തം റായിയ്ക്ക് രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം ഈ വര്‍ഷമാണ് ദ്രോണാചാര്യ പുരസ്കാരം ലഭിച്ചത്. പുരസ്കാരത്തിനായി റായ് സ്വയം നാമനിര്‍ദേശം ചെയ്യുകയായിരുന്നു. സമഗ്രസംഭാവനക്കുള്ള വിഭാഗത്തിലാണ് റായിയെ ദ്രോണാചാര്യ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സാധാരണഗതിയില്‍ സംസ്ഥാന അസോസിയേഷനുകളോ കായികവകുപ്പോ ആണ് പുരസ്കാരത്തിനായി നാമനിര്‍ദേശം ചെയ്യാറുള്ളതെങ്കിലും ഇത്തവണ വ്യക്തിപരമായി കളിക്കാര്‍ക്കും പരിശീലകര്‍ക്കും പുരസ്കാരങ്ങള്‍ക്കായി സ്വയം നാമനിര്‍ദേശം ചെയ്യാന്‍ കായികമന്ത്രാലയം അനുമതി നല്‍കിയിരുന്നു.

ഒരു സംസ്ഥാന അസോസിയേഷന്റെയും പിന്തുണയില്ലാതെ ലഭിച്ച പുരസ്കാര നേട്ടത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് റായ് പുരസ്കാര നേട്ടത്തിനുശേഷം പ്രതികരിച്ചിരുന്നു. ഡെക്കാത്തലണ്‍ താരമായിരുന്ന റായ് മൂന്ന് പതിറ്റാണ്ട് നീണ്ട പരിശീലക കരിയറില്‍ അശ്വിനി ചിന്നപ്പ, പ്രമീള അയ്യപ്പ, റോസ കുട്ടി, എംകെ ആശ, ജെയ്സി തോമസ്, എസ് ഡി ആഷന്‍, ഇ ബി ഷൈല, മുരളിക്കുട്ടന്‍ എന്നിവരെ രാജ്യാന്തര താരങ്ങളായി വാര്‍ത്തെടുത്തിരുന്നു.

click me!