
ദില്ലി: 2022ലെ കോമൺവെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറാനുള്ള ഇന്ത്യന്‍ നീക്കത്തോട് യോജിക്കില്ലെന്ന് ഒളിംപിക് സ്വര്‍ണമെഡൽ ജേതാവും ഷൂട്ടിംഗ് ഇതിഹാസവുമായ അഭിനവ് ബിന്ദ്ര. ഷൂട്ടിംഗ് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഇന്ത്യ ഗെയിംസ് ബഹിഷ്കരിക്കണമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ബിന്ദ്രയുടെ പ്രതികരണം.
ബഹിഷ്കരണം രാജ്യത്തെ അപ്രസക്തമാക്കുകയും മറ്റ് കായികതാരങ്ങളെ ശിക്ഷിക്കുകയും ചെയ്യുന്നതിന് തുല്യമാണ്. ഗെയിംസില്‍ നിന്ന് പിന്മാറുന്നതിന് പകരം ഷൂട്ടിംഗ് മത്സരയിനമാക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണ് ഇന്ത്യ ചെയ്യേണ്ടതെന്നും ബിന്ദ്ര പറഞ്ഞു. ഷൂട്ടിംഗ് ഒഴിവാക്കുന്നത് ഇന്ത്യയുടെ മെഡൽ സാധ്യതകളെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമാണ് ബിന്ദ്ര.