മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ ഡി ഗുകേഷ്, തോൽവിക്കൊടുവില്‍ രോഷം അടക്കാനാവാതെ ലോക ഒന്നാം നമ്പര്‍ താരം

Published : Jun 02, 2025, 09:05 AM ISTUpdated : Jun 02, 2025, 10:41 AM IST
മാഗ്നസ് കാള്‍സനെ വീഴ്ത്തി ഇന്ത്യയുടെ ഡി ഗുകേഷ്, തോൽവിക്കൊടുവില്‍ രോഷം അടക്കാനാവാതെ ലോക ഒന്നാം നമ്പര്‍ താരം

Synopsis

ക്ലാസിക്കൽ ഫോർമാറ്റിൽ ഗുകേഷിന്‍റെ മികവിനെ ഇടക്കിടെ വിമർശിക്കുന്ന താരമായ കാൾസൺ തോൽവിക്ക് പിന്നാലെ ചെസ് ബോർഡിൽ ആഞ്ഞടിച്ചാണ് മത്സരവേദി വിട്ടത്.

ഓസ്‌ലോ: നോ‍ർവേ ഓപ്പണ്‍ ചെസിന്‍റെ ആറാം റൗണ്ടിൽ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാൾസനെ വീഴ്ത്തി ഇന്ത്യയുടെ ലോക ചാമ്പ്യൻ ഡി ഗുകേഷ്. ലോക മുൻ ചാമ്പ്യനായ കാൾസനെതിരെ ക്ലാസിക്കൽ ടൈം കൺട്രോൾ മത്സരത്തിൽ കാള്‍സനെതിരെ ഗുകേഷിന്‍റെ ആദ്യ ജയമാണിത്. വെളുത്ത കരുക്കളുമായി കളിച്ച ഗുകേഷിനെതിരെ മത്സരത്തിന്‍റെ ആദ്യഘട്ടം മുതല്‍ കാള്‍സനാണ് ആധിപത്യം പുലര്‍ത്തിയിരുന്നതെങ്കിലും അന്ത്യഘട്ടത്തിൽ കാൾസന് സംഭവിച്ച വലിയ പിഴവ് മത്സരത്തില്‍ വഴിത്തിരിവായി.

ക്ലാസിക്കൽ ഫോർമാറ്റിൽ ഗുകേഷിന്‍റെ മികവിനെ ഇടക്കിടെ വിമർശിക്കുന്ന താരമായ കാൾസൺ തോൽവിക്ക് പിന്നാലെ ചെസ് ബോർഡിൽ ആഞ്ഞടിച്ചാണ് മത്സരവേദി വിട്ടത്. ക്ലാസിക്കല്‍ ഗെയിമില്‍ സമയത്തിന്‍റെ സമ്മര്‍ദ്ദം ഉണ്ടാകുമ്പോള്‍ ഗുകേഷ് പലപ്പോഴും പതറാറുണ്ടെന്ന് കാള്‍സൻ മുമ്പ് വിമര്‍ശിച്ചിരുന്നു. മത്സരശേഷം രോഷാകുലനായി ചെസ് ബോര്‍ഡില്‍ ആഞ്ഞടിച്ച് അതിവേഗം പുറത്തേക്ക് പോയ കാള്‍സൻ കാറില്‍ കയറി പോവുകയായിരുന്നു. നേരത്തെ ടൂര്‍ണമെന്‍റിന്‍റെ ആദ്യ റൗണ്ടില്‍ കറുത്ത കരുക്കളുമായി കളിച്ചപ്പോള്‍ കാള്‍സനെതിരെ ഗുകേഷ് തോല്‍വി വഴങ്ങിയിരുന്നു. ഇതിനുശേഷം കാള്‍സനിട്ട സോഷ്യല്‍ മീഡിയ പോസ്റ്റ് രാജാവിനെതിരെയാണ് നിങ്ങള്‍ കളിക്കുന്നത്, അതുകൊണ്ട് ഒരു ചുവടും പിഴക്കകരുത് എന്നായിരുന്നു. ക്ലാസിക്കല്‍ ചെസിലെ രാജാവ് താന്‍ മാത്രമാണെന്ന കാള്‍സന്‍റെ പ്രഖ്യാപനമായാണ് ആരാധകര്‍ ഈ പോസ്റ്റിനെ കണ്ടത്.

തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ ഒരു ഇന്ത്യൻ താരത്തോട് കാൾസന്‍ തോല്‍വി വഴങ്ങുന്നത്. കഴിഞ്ഞവര്‍ഷം ആര്‍ പ്രഗ്നാനന്ദയും കാള്‍സനെ സ്വന്തം തട്ടകത്തില്‍ അട്ടിമറിച്ചിരുന്നു. കളിയുടെ ഭൂരിഭാഗം സമയവും ആധിപത്യം പുലര്‍ത്തിയ കാള്‍സന് നൊടിയിടയിലാണ് മത്സരം കൈവിട്ടുപോയത്. കാള്‍സന്‍ ആക്രമിക്കുമ്പോള്‍ പ്രതിരോധത്തിലൂന്നി കളിച്ച ഗുകേഷ് കിട്ടിയ അവസരം മുതലെടുത്ത് ജയിച്ചു കയറി. ക്ലാസിക്കല്‍ ചെസില്‍ അപൂര്‍വമായി മാത്രമാണ് കാള്‍സന് തോല്‍വിയും പിഴവും പറ്റാറുള്ളതെന്നും അതുകൊണ്ട് തന്നെ ഈ തോല്‍വി അദ്ദേഹത്തെ തളര്‍ത്തുമെന്നും മുന്‍ ചെസ് താരം സൂസൻ പോള്‍ഗാര്‍ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
Read more Articles on
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി