
പയ്യന്നൂര്‍: ലഹരിവിരുദ്ധ സന്ദേശവുമായി കായിക വകുപ്പ് നേതൃത്വം നല്‍കുന്ന 'കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്‌പോര്‍ട്‌സ്' പ്രയാണത്തിന് ആവേശോജ്ജ്വലമായ വരവേല്‍പ്പ് നല്‍കി കണ്ണൂരുകാര്‍. ലഹരിയെ അകറ്റിനിര്‍ത്തി ആരോഗ്യകരമായ ഒരു ഭാവിക്കായി ഓടാനും നടക്കാനും ഒട്ടേറെപ്പേര്‍ മുന്നോട്ടെത്തി. രാവിലെ 6:30ന് മാത്തില്‍ നിന്ന് പെരുമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് (പയ്യന്നൂര്‍) വരെയുള്ള 10 കിലോമീറ്റര്‍ മിനി മാരത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തപ്പോള്‍ ആവേശം വാനോളമുയര്‍ന്നു. യുവജനങ്ങളും കായികപ്രേമികളും അടക്കം നിരവധിപ്പേര്‍ മാരത്തോണില്‍ പങ്കാളികളായി. ഫിനിഷിംഗ് പോയിന്റിലെത്തിയ വിജയികള്‍ക്ക് കൈനിറയെ സമ്മാനങ്ങളും ലഭിച്ചു.
തുടര്‍ന്ന് പെരുമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലെ ഷേണായി സ്‌ക്വയറിലേക്ക് നടന്ന 2 കിലോമീറ്റര്‍ വാക്കത്തോണും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വാക്കത്തോണ്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ലഹരിയെ കുടഞ്ഞെറിയാന്‍ ശേഷിയുള്ളൊരു കായിക സമൂഹത്തെ സൃഷ്ടിക്കുകയാണ് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് പയ്യന്നൂരില്‍ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങില്‍ മന്ത്രി പറഞ്ഞു. രാസലഹരി രൂക്ഷമായിരിക്കുന്ന അവസ്ഥയാണിപ്പോള്‍. ശക്തമായ ലഹരി വിരുദ്ധ പ്രചാരണം തുടരേണ്ടതുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് രാസലഹരി കേരളത്തിലെത്തുന്നത് തടയണം. മന്ത്രി പറഞ്ഞു.
ലഹരിയുടെ ഉറവിടം തകര്‍ക്കപ്പെടേണ്ടതുണ്ട്. ലഹരി ശൃംഖലയെ ഒറ്റക്കെട്ടായി നശിപ്പിക്കണം. അതിനാവശ്യം സജീവമായ കളിക്കളങ്ങളാണ്. എല്ലാ ജില്ലകളിലും കളിക്കളങ്ങള്‍ കണ്ടെത്തി കായിക സ്‌നേഹികള്‍ക്ക് കൈമാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ മധുസൂദനന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് അംഗം ഡോ. ബിനീഷ് പി.പി, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എം.ആര്‍. രഞ്ജിത്ത്, സ്‌പോര്‍ട്‌സ് കൌണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ കെ.സി. ലേഖ, ഗോപന്‍, രഞ്ജു സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം സതീശന്‍ മാസ്റ്റര്‍, കങ്ങോല്‍ ആലപ്പറമ്പ് പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
സുരക്ഷയാണ് മുഖ്യം: ലഹരി വിരുദ്ധ പോരാട്ടത്തില്‍ അണിചേര്‍ന്ന് സിആര്‍പിഎഫും
കണ്ണൂര്‍: യുവ തലമുറയെ കാര്‍ന്നുതിന്നുന്ന വിഷ ലഹരിക്കെതിരെ കായികക്ഷമതയിലൂടെ പ്രതിരോധം തീര്‍ക്കുക എന്ന ലക്ഷ്യവുമായി മുന്നേറുന്ന കായിക വകുപ്പിന്റെ 'കിക്ക് ഡ്രഗ്സ് സേ യെസ് ടു സ്‌പോര്‍ട്‌സ്' കാമ്പെയ്നില്‍ സജീവ പങ്കാളിത്തവുമായി കേന്ദ്ര റിസര്‍വ് പോലീസ് സേന (സിആര്‍പിഎഫ്). കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോമുള്ള സിആര്‍പിഎഫ് ട്രെയിനിങ് സെന്ററില്‍ നിന്നുള്ള അമ്പതോളം സൈനികരാണ് ലഹരി വിരുദ്ധ യാത്രയില്‍ പങ്കാളികളായത്. രാജ്യത്തിന് വേണ്ടി പോരാടുക എന്ന ലക്ഷ്യത്തിനൊപ്പം നിന്നുകൊണ്ട് സിആര്‍പിഎഫ്, ലഹരി എന്ന സാമൂഹിക വിപത്തിനെതിരെയും പോരാടാന്‍ പ്രതിജ്ഞാബദ്ധരാണ് സൈനികര്‍ പറഞ്ഞു. കായിക വകുപ്പുമായി സഹകരിച്ച് സിആര്‍പിഎഫ് നടത്തിയ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ യുവജനങ്ങളെ ലഹരിയുടെ ദോഷങ്ങളെക്കുറിച്ച് ബോധവാന്മാരാക്കാനും അവരെ കായിക വിനോദങ്ങളിലേക്ക് തിരികെ കൊണ്ടുവരാനും സഹായകമാകും.