
അബുജ: ഒരേസമയം 10 എതിരാളികള്‍ക്കെതിരെ ചെസ് കളിച്ച് 10 പേരെയും തോല്‍പ്പിച്ച് വിസ്മയമായി നൈജീരന്‍ ചെസ് മാസ്റ്ററ്‍ ടുണ്ടെ ഒനാകോയ. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഫണ്ട് ശേഖരണാര്‍ത്ഥം നൈജീരിയന്‍ ചെസ് പ്ലേയേഴ്സ് ഫൗണ്ടേഷന്‍റെ സഹകരണത്തോടെ ഒനാകോയ സ്ഥാപിച്ച ചെസ് ഇന്‍ സ്ലംസ് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശന മത്സരത്തിലാണ് 10 എതിരാളികള്‍ക്കെതിരെ ഒരേസമയം ചെസ് കളിച്ച് തോല്‍പ്പിച്ച് ഒനാകോയ അമ്പരപ്പിച്ചത്.
രണ്ട് ടേബിളുകളിലായി 10 പേരെയും മുഖാമുഖം ഇരുത്തിയശേഷം ഒനാകോയ ഓരോരുത്തരുടെയും അടുത്തെത്തി ഓരോ നീക്കങ്ങള്‍ നടത്തി നീങ്ങി പോകുന്ന രീതിയിലായിരുന്നു മത്സരം. എതിരാളികള്‍ മറു നീക്കം നടത്തുന്നതൊന്നും ശ്രദ്ധിക്കാതെ തന്‍റെ നീക്കങ്ങളിലൂടെ മാത്രം മുന്നേറിയ ഒനാകോയ ഒടുവില്‍ 10 പേരെയും തറപറ്റിച്ച് കാഴ്ചക്കാരെ അമ്പരപ്പിച്ചു.
സമൂഹമാധ്യമങ്ങളില്‍ ഒനാകോയ തന്നെയാണ് ഇതിന്‍റെ വീഡിയോയും പങ്കുവെച്ചത്. രണ്ട് മണിക്കൂര്‍ നീണ്ട പോരാട്ടത്തിനുശേഷമാണ് ഒനാകോയ വിജയം നേടിയത്. നൈജീരിയയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി ഒനാകോയ തന്നെയാണ് ചെസ് ഇന്‍ സ്ലംസ് എന്ന സന്നദ്ധ സംഘടന സ്ഥാപിച്ചത്.