
കറാച്ചി: പാരിസ് ഒളിംപിക്സിലെ സ്വർണമെഡൽ നേട്ടത്തിന് പിന്നാലെ തനിക്ക് വാഗ്ദാനം ചെയ്ത പാരിതോഷികങ്ങളിൽ പലതും കിട്ടിയില്ലെന്ന് അർഷാദ് നദീം. ഭൂമി വാഗ്ദാനം ചെയ്തവരെല്ലാം വ്യജമായിരുന്നുവെന്നും പാകിസ്ഥാന്‍റെ ഒളിംപിക് ചാമ്പ്യൻ പറഞ്ഞു. നിലവിലെ ചാമ്പ്യനായിരുന്ന ഇന്ത്യയുടെ നീരജ് ചോപ്ര ഉൾപ്പടെയുളളവരെ പിന്നിലാക്കിയായിരുന്നു പാരീസ് ഒളിംപിക്സിൽ അർഷാദ് നദീം ചരിത്രനേട്ടം സ്വന്തമാക്കിയത്.
92.97 മീറ്റർ ദൂരത്തേക്ക് ജാവലിൻ പായിച്ച അർഷാദ് പാകിസ്ഥാന്‍റെ ആദ്യ വ്യക്തിഗത ഒളിംപിക്സ് സ്വർണ മെഡൽ ജേതാവാണ്. അതുല്യനേട്ടത്തിന് പിന്നാലെ അർഷാദിന് പാകിസ്ഥാനിൽ കിട്ടിയത് ഗംഭീര സ്വീകരണമാണ് രാജ്യത്ത് ലഭിച്ചത്. രാജ്യത്തിന്‍റെ അഭിമാനം ഉയർത്തിയ താരത്തിന് പാക്ക് ഭരണകൂടവും വിവിധ പ്രവിശ്യകളിലെ സർക്കാരുകളും സ്വകാര്യ കമ്പനികളും വ്യക്തികളുമെല്ലാം നിരവധി പാരിതോഷികം പ്രഖ്യാപിച്ചു.
ഇതിൽ ക്യാഷ് അവാർഡുകൾ പലപ്പോഴായി കിട്ടിയെങ്കിലും മറ്റ് വാഗ്ദാനങ്ങളെല്ലാം വ്യാജമായിരുന്നുവെന്ന് അർഷാദ് നദീം ജിയോ ന്യൂസിനോട് പറഞ്ഞു. പാരിസ് ഒളിംപിക്സിലെ സ്വർണ നേട്ടത്തിന് എനിക്ക് നൽകുമെന്ന് പലരും പ്രഖ്യാപിച്ച സമ്മാനങ്ങൾ വ്യാജമായിരുന്നു. സ്ഥലം നൽകുമെന്ന വാഗ്ദാനങ്ങളാണ് ഇതിൽ കൂടുതൽ. പലരും സ്ഥലം വാഗ്ദാനം ചെയ്തെങ്കിലും ഇന്നുവരെ ഒരു പ്ലോട്ട് പോലും കിട്ടിയിട്ടില്ല. അതെല്ലാം വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും അർഷാദ് നദീം പറഞ്ഞു. പാരിതോഷികങ്ങള്‍ കിട്ടിയില്ലെങ്കിലും സെപ്റ്റംബറില്‍ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനായുള്ള കഠിനായ തയാറെടുപ്പുകളിലാണ് താനെന്നും അര്‍ഷാദ് നദീം വ്യക്തമാക്കി.
സെപ്റ്റംബറില്‍ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിന് മുമ്പ് ഓഗസ്റ്റ് 16ന് പോളണ്ടിലെ സൈലേഷ്യയില്‍ നടക്കുന്ന ഇന്ത്യൻ താരം നീരജ് ചോപ്രയുമായി നദീം മത്സരിക്കും. പാരീസ് ഒളിംപിക്സിനുശേഷമുള്ള ഇരുവരുടെയും ആദ്യ നേര്‍ക്കുനേര്‍ ഏറ്റുമുട്ടലായിരിക്കും ഇത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക