ഓണ്‍ലൈന്‍ ബാഡ്മിന്റണ്‍ പരിശീലന സെഷനിടെ സ്ക്രീനില്‍ നഗ്നചിത്രങ്ങള്‍

By Web TeamFirst Published Apr 24, 2020, 6:37 PM IST
Highlights

ഈ സമയം ഇന്‍ഡോനേഷ്യന്‍ പരിശീലകനായ സാന്റോസോ ആയിരുന്നു സെഷന്‍ നയിച്ചിരുന്നത്. ആദ്യ തവണ ചിത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോഴെ ഗോപീചന്ദ് സെഷന്‍ ലോഗൗട്ട് ചെയ്ത് പോയി.

ഹൈദരാബാദ്: രാജ്യത്തെ ബാഡ്മിന്റണ്‍ പരിശീലകര്‍ക്കായി സൂം ആപ്പിലൂടെ നടത്തിയ ഓണ്‍ലൈന്‍ ബാഡ്മിന്റണ്‍ പരിശീലന സെഷനിടെ സ്ക്രീനില്‍ നഗ്നചിത്രങ്ങള്‍ പൊങ്ങിവന്നതിനെത്തുടര്‍ന്ന് സെഷന്‍ അവസാനിപ്പിച്ച് പ്രമുഖര്‍ തടിയൂരി. സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയും(സായ്) ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയും(ബായ്) സംയുക്തമായി രാജ്യത്തെ എഴുന്നോറളം ബാഡ്മിന്റണ്‍ പരിശീലകര്‍ക്കായി നടത്തിയ ഓണ്‍ലൈന്‍ പരിശീലന സെഷനിടെയാണ് സംഭവവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

പി വി സിന്ധുവിന്റെയും സൈന നെഹ്‌വാളിന്റെയും പരിശീലകനായ പി ഗോപീചന്ദ്, വിദേശ പരിശീലകരായ അഗസ് ഡ്വി സാന്റോസോ, നാമ്രിഹ് സുറോടോ എന്നിവരാണ് പരിശീലന സെഷന് നേതൃത്വം നല്‍കിയിരുന്നത്.  എന്നാല്‍ സ്ക്രീനില്‍ നഗ്ന ചിത്രങ്ങള്‍ പോപ് അപ് ചെയ്തുവന്നതിനെത്തുടര്‍ന്ന ഗോപീചന്ദ് സെഷനില്‍ നിന്ന് ലോഗൗട്ട് ചെയ്തു. വനിതകളടക്കമുള്ള പരിശീലകര്‍ ക്ലാസില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് പൊടുന്നനെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് നഗ്നചിത്രങ്ങള്‍ സ്ക്രീനില്‍ പൊങ്ങിവന്നത്(പോപ് അപ്).

ഈ സമയം ഇന്‍ഡോനേഷ്യന്‍ പരിശീലകനായ സാന്റോസോ ആയിരുന്നു സെഷന്‍ നയിച്ചിരുന്നത്. ആദ്യ തവണ ചിത്രം സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടപ്പോഴെ ഗോപീചന്ദ് സെഷന്‍ ലോഗൗട്ട് ചെയ്ത് പോയി.വിവിധ തലങ്ങളിലുള്ള പരിശീലകരുടെ മികവുയര്‍ത്താനായി 39 വിഷയയങ്ങളില്‍ ആഴ്ചയില്‍ അ‍ഞ്ച് ദിവസം വീതം ഓണ്‍ലൈന്‍ പരിശീലന സെഷന്‍ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്.

അതെന്റെ കടമയാണ്, അവരെന്റെ കുടുംബാംഗവും; വീട്ടുജോലിക്കാരിയുടെ മരണാനന്തര കര്‍മങ്ങള്‍ ചെയ്ത് ഗൗതം ഗംഭീര്‍

എന്നാല്‍ ഇത്തരത്തില്‍ വലിയൊരു പരിശീലന സെഷന്‍ നടത്തുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കേണ്ടിയിരുന്നുവെന്ന് സെഷനില്‍ പങ്കെടുത്ത ഒരു പരിശീലകന്‍ പറഞ്ഞു.  വനിതാ പരിശീലകര്‍ക്ക് പുറമെ കളിക്കാരുടെ രക്ഷിതകാക്കളും കുട്ടികളും പരിശീലന സെഷനില്‍ പങ്കെടുത്തിരുന്നുവെന്നും ഇദ്ദേഹം വ്യക്തമാക്കി. അതേസയം, ഓണ്‍ലൈന്‍ പരിശീലന സെഷനുകള്‍ക്ക് സൂം ആപ്പ് ഉപയോഗിക്കരുതെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം ലംഘിച്ചതാണ് വിനയായതെന്ന് ചില പരിശീലകര്‍  അഭിപ്രായപ്പെട്ടു.

എന്നാല്‍ സൂം സെഷന്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും പെട്ടെന്നുണ്ടായ സാങ്കേതിക തകരാറുകളാണ് ഇത്തരമൊരു നാണക്കേടിന് കാരണമായതെന്നും സായ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. രാജ്യത്തെ വിവിധ കായിക സംഘടനകളുമായി ചേര്‍ന്ന് 16 വിഭാഗങ്ങളിലായാണ് ലോക്ക്ഡൗണ്‍ കാലത്ത് സായ് ഓണ്‍ലൈന്‍ പരിശീലന സെഷനുകള്‍ നടത്തുന്നത്.വ്യാഴാഴ്ച വൈകിട്ടാണ് ബാഡ്മിന്റണ്‍ പരിശീലകര്‍ക്കുള്ള ക്ലാസ് നടത്തിയത്.  സംഭവത്തെക്കുറിച്ച് സായിയുടെ സാങ്കേതിക വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

click me!