ഐ.ഒ.എ തിരഞ്ഞെടുപ്പ്: ഐസ് ഹോക്കി അസോസിയേഷൻ അംഗത്വ തർക്കം തള്ളി; പി.ടി. ഉഷയുടെ നാമനിർദ്ദേശം അംഗീകരിച്ചു

Published : Nov 15, 2026, 02:01 PM IST
PT Usha

Synopsis

ഡിസംബർ 5-ന് നടക്കാനിരിക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പി.ടി. ഉഷയ്ക്ക് വഴിതെളിഞ്ഞു. ഐസ് ഹോക്കി അസോസിയേഷൻ പ്രതിനിധിയായി പി.ടി. ഉഷയെ നാമനിർദ്ദേശം ചെയ്തതിനെതിരെയുള്ള പരാതികൾ ഐ.ഒ.എ ഇലക്ടറൽ ഓഫീസർ തള്ളി.

ദില്ലി: ഡിസംബർ 5-ന് നടക്കാനിരിക്കുന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിലവിലെ പ്രസിഡന്‍റ് പി.ടി. ഉഷയ്ക്ക് വഴിതെളിഞ്ഞു. ഐസ് ഹോക്കി അസോസിയേഷൻ ഓഫ് ഇന്ത്യ പ്രതിനിധിയായി പി.ടി. ഉഷയെയും അസോസിയേഷൻ സെക്രട്ടറി ജനറൽ ഹർജീന്ദർ സിങ്ങിനെയും ഇലക്ടറൽ കോളേജിലേക്ക് നാമനിർദ്ദേശം ചെയ്തതിനെതിരെയുള്ള പരാതികൾ ഐ.ഒ.എ ഇലക്ടറൽ ഓഫീസർ തള്ളി. ഇതോടെ ഇരുവരുടെയും നാമനിർദ്ദേശങ്ങൾ ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു.

പി.ടി. ഉഷയ്ക്ക് ദേശീയ ഐസ് ഹോക്കി ഫെഡറേഷനിൽ അംഗത്വമില്ലെന്ന് ആരോപിച്ച് ഐ.എച്ച്.എ.ഐയിലെ ഒരു വിഭാഗം നവംബർ 13-നാണ് കരട് ഇലക്ടറൽ കോളേജിനെതിരെ പരാതി നൽകിയത്. ഹർജീന്ദർ സിങ്ങിന്‍റെ പേര് ഉൾപ്പെടുത്തിയതിനെയും ഇവർ ചോദ്യം ചെയ്തിരുന്നു.

പരാതി തള്ളിയത് രേഖകൾ പരിശോധിച്ച ശേഷം

പരാതിയുടെ അടിസ്ഥാനത്തിൽ ഇലക്ടറൽ ഓഫീസർ ഐസ് ഹോക്കി അസോസിയേഷനോട് വിശദീകരണം തേടുകയും നവംബർ 14-ന് നേരിട്ടുള്ള ഹിയറിങ്ങിന് വിളിക്കുകയും ചെയ്തു. ഹിയറിങ്ങിൽ ഹാജരായ ഹർജീന്ദർ സിങ്ങും ശ്രീനിവാസ് കോട്‌നിയും ഉഷയും ഹർജീന്ദറും അസോസിയേഷനിലെ സജീവ അംഗങ്ങളാണെന്ന് വ്യക്തമാക്കി. നവംബർ 14-ന് നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലവും അനുബന്ധ രേഖകളും വിശദീകരണങ്ങളും ഇവർ സമർപ്പിച്ചു.

ഒരു പ്രത്യേക കായിക ഇനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യക്തിക്ക് ആ കായിക ഇനത്തിന്‍റെ ദേശീയ ഫെഡറേഷനിൽ മാത്രമേ അംഗത്വം എടുക്കാൻ സാധിക്കൂ എന്നുണ്ടോ, അതോ മറ്റ് ഫെഡറേഷനുകളിലും അംഗമാകാമോ എന്ന കാര്യത്തിൽ ഇലക്ടറൽ ഓഫീസർ ഐ.ഒ.എയുടെ വ്യക്തത തേടിയിരുന്നു. മറ്റൊരു ഫെഡറേഷനിൽ അംഗത്വമുള്ളത് മറ്റൊരു അസോസിയേഷനെ പ്രതിനിധീകരിക്കുന്നതിന് അയോഗ്യതയല്ലെന്ന് ഐ.ഒ.എ മറുപടി നൽകി. ഐ.ഒ.എ ഭരണഘടനയിലോ 2025-ലെ ദേശീയ കായിക ഭരണ നിയമത്തിലോ ഇത്തരം അംഗത്വങ്ങളെ വിലക്കുന്ന വ്യക്തമായ വ്യവസ്ഥകളില്ലെന്ന് അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസർ ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ഈ വർഷം സെപ്റ്റംബറിൽ അംഗീകരിച്ച ഐ.ഒ.എ ഭരണഘടനയുടെ ആർട്ടിക്കിൾ 10.4 പ്രകാരം, ഓരോ യൂണിറ്റും അല്ലെങ്കിൽ ദേശീയ കായിക ഫെഡറേഷനും നാമനിർദ്ദേശം ചെയ്യുന്ന പ്രതിനിധികൾ അതത് സംഘടനയിലെ അംഗങ്ങളായിരിക്കണം. സമർപ്പിക്കപ്പെട്ട രേഖകളും വാദങ്ങളും പരിശോധിച്ച ശേഷമാണ് ഇലക്ടറൽ ഓഫീസർ പരാതികൾ തള്ളി ഇരുവരുടെയും നാമനിർദ്ദേശങ്ങൾ സ്വീകരിച്ചത്.

വീണ്ടും പ്രസിഡന്‍റാകാൻ ഉഷയുടെ നീക്കം

നേരത്തെ സ്പോര്‍ട്സ് പേഴ്സണ്‍ ഓഫ് മെറിറ്റ്(എസ്ഒഎം) വിഭാഗത്തിൽ നാല് വനിതാ പ്രതിനിധികളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെടാൻ പി.ടി. ഉഷയ്ക്ക് സാധിച്ചിരുന്നില്ല. തുടർന്ന്, പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാനുള്ള സാധ്യത നിലനിർത്തുന്നതിനായി വ്യാഴാഴ്ചയാണ് ഐസ് ഹോക്കി അസോസിയേഷൻ തങ്ങളുടെ രണ്ട് പ്രതിനിധികളിൽ ഒരാളായി ഉഷയെ ഐ.ഒ.എ ജനറൽ ബോഡിയിലേക്ക് നാമനിർദ്ദേശം ചെയ്തത്. നേരത്തെ, മുൻ ഐ.ഒ.എ പ്രസിഡന്‍റ് നരീന്ദർ ബത്രയും ഉഷയുടെ നാമനിർദ്ദേശത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

ഐസ് ഹോക്കി അസോസിയേഷനും സ്കീ ആൻഡ് സ്നോബോർഡ് ഇന്ത്യയും ചേർന്ന് നാമനിർദ്ദേശം ചെയ്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഹർപാൽ സിങ്ങിന്റെ കാര്യത്തിലും ബത്ര എതിർപ്പ് ഉന്നയിച്ചിരുന്നു. ഉഷയുടെ യഥാർത്ഥ അംഗത്വ അപേക്ഷ, ഐ.എച്ച്.എ.ഐയിൽ അംഗത്വം നൽകിയ തീയതി, അംഗത്വ വിഭാഗം, ഏത് ഭരണഘടനാ വ്യവസ്ഥ പ്രകാരമാണ് അംഗത്വം നൽകിയത് എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബത്ര ഇലക്ടറൽ ഓഫീസർ സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് കത്ത് നൽകിയിരുന്നു.ഡിസംബർ 5-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടർ പട്ടിക ഇലക്ടറൽ ഓഫീസർ ഇന്ന് വൈകുന്നേരത്തോടെ പ്രസിദ്ധീകരിക്കും.

PREV
Read more Articles on
click me!

Recommended Stories

ഐഒഎ തെരഞ്ഞെടുപ്പിൽ പി ടി ഉഷയുടെ നീക്കത്തിൽ അമ്പരന്ന് എതിർചേരി, ദില്ലിയിൽ അനൗദ്യോഗിക യോഗം
ഐഒഎ തെരഞ്ഞെടുപ്പിൽ നാടകീയ നീക്കം; ഐസ് ഹോക്കി ഫെഡറേഷൻ പ്രതിനിധിയായി പി.ടി. ഉഷ ജനറൽ അസംബ്ലിയിലേക്ക്