ഭോപ്പാലില്‍ വാഹനാപകടം; മലയാളികളായ ദേശീയ കയാക്കിംഗ് താരങ്ങള്‍ക്ക് ദാരുണാന്ത്യം

Published : Nov 09, 2025, 05:14 PM IST
Kayaking Stars

Synopsis

ഭോപ്പാലിലുണ്ടായ ബൈക്ക് അപകടത്തിൽ ദേശീയ കയാക്കിംഗ് താരങ്ങളായ രണ്ട് മലയാളി നാവികസേനാ ഉദ്യോഗസ്ഥർ മരിച്ചു. ആലപ്പുഴ സ്വദേശികളായ ഐ എ അനന്തകൃഷ്ണൻ, വിഷ്ണു രഘുനാഥ് എന്നിവരാണ് മരിച്ചത്

ആലപ്പുഴ: കനോയിംഗ് - കയാക്കിംഗ് ദേശീയതാരങ്ങളായ നാവികസേനാ ഉദ്യോഗസ്ഥര്‍ ഭോപ്പാലില്‍ വാഹനാപകടത്തില്‍ മരിച്ചു. ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡ് ഇത്തിപ്പറമ്പില്‍ വീട്ടില്‍ അജിത്ത് രവി, രഞ്ജിനി ദമ്പതികളുടെ മകന്‍ ഐ എ അനന്തകൃഷ്ണന്‍ (അനന്തു -19), കൈനകരി തോട്ടുവാത്തല പഴയാറ്റില്‍ രഘുനാഥ് - ജീജാമോള്‍ ദമ്പതികളുടെ മകന്‍ വിഷ്ണു രഘുനാഥ് (ഉണ്ണി - 26) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്ക് ഭോപ്പാല്‍ നേവല്‍ ബേസിന് സമീപമുണ്ടായ ബൈക്ക് അപകടത്തില്‍ ഇരുവരും മരണപ്പെട്ടു എന്നാണ് നാവികസേനയില്‍ നിന്ന് കുടുംബങ്ങള്‍ക്ക് നല്‍കിയ വിവരം.

അനന്തകൃഷ്ണന്‍ മൂന്ന് മാസം മുമ്പാണ് നേവിയില്‍ പെറ്റി ഓഫീസറായി നിയമിതനായത്. 2024ലെ കനോയിംഗ് - കയാക്കിംഗ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ പുരുഷന്മാരുടെ അയ്യായിരം മീറ്റര്‍ സിംഗില്‍ വിഭാഗം കനോയിംഗില്‍ അനന്തകൃഷ്ണനായിരുന്നു ചാമ്പ്യന്‍. കേരളം ചരിത്രത്തില്‍ ആദ്യമായാണ് ഈ വിഭാഗത്തില്‍ വിജയിച്ചത്. ഈ നേട്ടമാണ് നാവികസേനയിലേക്ക് അനന്തകൃഷ്ണന് വഴിതെളിച്ചത്. ഭോപ്പാലില്‍ ഒരു മാസം മുമ്പ് നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പിലടക്കം സ്വര്‍ണമെഡല്‍ നേടിയ വിഷ്ണു രഘുനാഥ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി നാവികസേനാ ഉദ്യോഗസ്ഥനാണ്.

വിഷ്ണു നെഹ്‌റുട്രോഫി ജലമേളയില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മുന്‍ തുഴച്ചില്‍ താരമായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ നാളെ രാവിലെ 8.15ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. നാവികസേനയുടെ ആദരവ് അര്‍പ്പിച്ച ശേഷം ഉച്ചയോടെ മൃതദേഹങ്ങള്‍ ആലപ്പുഴയിലെ വീടുകളിലെത്തിക്കും. ആലപ്പുഴ സായിയില്‍ തുഴച്ചില്‍ താരമായ അര്‍ജ്ജുനാണ് അനന്തകൃഷ്ണന്റെ സഹോദരന്‍. വിഷ്ണുവിന്റെ സഹോദരി ലക്ഷ്മി.

PREV
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം