
ടൊറന്‍റോ: യുവ്‌രാജ് സിംഗ് അങ്ങനെയാണ്. എപ്പോള്‍ എന്താണ് ചെയ്യുകയെന്ന് ആര്‍ക്കും ഒരു പിടിയും തരില്ല. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിനിടെ താരം നടത്തിയ രസകരമായ ഇടപെടലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിന് ശേഷം കാനഡ ഗ്ലോബല്‍ ടി-20 ലീഗില്‍ ടൊറന്‍റോ നാഷണല്‍സിന് വേണ്ടി കളിക്കുകയാണ് യുവ്‌രാജ്. ലീഗില്‍ എഡ്‌മൊന്റോണ്‍ റോയല്‍സുമായുള്ള ടൊറന്‍റോ നാഷണല്‍സിന്‍റെ മത്സരത്തിനിടെയാണ് രസകരമായ സംഭവമുണ്ടായത്.
മഴമൂലം വൈകിയാണ് മത്സരം ആരംഭിച്ചത്. എഡ്‌മൊന്റോണ്‍ റോയല്‍സിനു വേണ്ടി കളിക്കുന്ന ഓസ്ട്രേലിയന്‍ താരം ബെന്‍ കട്ടിങ് ആ സമയം ഇന്‍റര്‍വ്യൂ നല്‍കുകയായിരുന്നു. എറിന്‍ ഹോളണ്ടായിരുന്നു അവതാരക.
പെട്ടെന്ന് ഗ്രൗണ്ടില്‍ നിന്നും ഓടിയെത്തിയ യുവി ഇരുവരുടേയും ഇടയില്‍ കയറിയ ശേഷം 'എപ്പോഴാണ് നിങ്ങളുടെ വിവാഹം. സമയം പോകുകയാണ്. വിവാഹത്തിന് വേണ്ടി തയ്യാറാകൂ' എന്ന് പറഞ്ഞ ശേഷം ഓടിപ്പോയി. ബെന്‍ കട്ടിങ്ങും എറിന്‍ ഹോളണ്ടും വര്‍ഷങ്ങളായി പ്രണയത്തിലാണ്. ഈ വര്‍ഷം മേയിലായിരുന്നു ഇരുവരുടേയും എന്‍ഗേജ്മെന്‍റ്. അതാണ് ഇന്‍റര്‍വ്യൂ നടക്കുന്നതിനിടെ യുവി തമാശയായി ചോദിച്ചത്. എതായാലും യുവ്‌രാജിന്‍റെ ഈ തമാശ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.