അപ്പീല്‍ ജയിച്ച് അവിനാശ് സാബ്‍‍ലേ ഫൈനലില്‍; നിരാശപ്പെടുത്തി അന്നു റാണി

By Web TeamFirst Published Oct 2, 2019, 9:47 AM IST
Highlights

ഹീറ്റ്സിനിടെ രണ്ട് തവണ ട്രാക്കിൽ വീണ സാബ്‍‍ലെയ്‌ക്ക് ഫൈനലിൽ അവസരം നൽകണമെന്ന ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് തീരുമാനം

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിൽ ഇന്ത്യയുടെ അവിനാശ് സാബ്‍‍ലേ ഫൈനലില്‍. ഹീറ്റ്സിനിടെ രണ്ട് തവണ ട്രാക്കിൽ വീണ സാബ്‍‍ലേയ്‌ക്ക് ഫൈനലിൽ അവസരം നൽകണമെന്ന ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് തീരുമാനം. 

എത്യോപ്യന്‍ താരത്തിന്‍റെ പിഴവില്‍ ട്രാക്കിൽ വീണിട്ടും പിന്മാറാതെ പൊരുതിയ സാബ്‍‍ലേ ദേശീയ റെക്കോര്‍ഡ് തിരുത്തിയിരുന്നു. ഹീറ്റ്സില്‍ ഏഴാം സ്ഥാനത്താണ് സാബ്‍‍ലെ ഫിനിഷ് ചെയ്തത്. വെള്ളിയാഴ്‌ചത്തെ ഫൈനലിന് നേരത്തേ യോഗ്യത നേടിയ 16 പേര്‍ക്ക് പുറമേ  പതിനേഴാമനായി സാബ്‌ലേയെ മത്സരിപ്പിക്കാനാണ് തീരുമാനം.

അതേസമയം ജാവലിന്‍ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിക്ക് എട്ടാം സ്ഥാനത്ത് എത്താനേയായുള്ളൂ. 66.56 മീറ്റര്‍ പിന്നിട്ട ഓസ്‌ട്രേലിയയുടെ കെസ്‌ലി ലീ ബര്‍ബെറിനാണ് ഈ വിഭാഗത്തില്‍ സ്വര്‍ണം. ചൈനീസ് താരങ്ങളാണ് വെള്ളിയും വെങ്കലവും സ്വന്തമാക്കിയത്. ആദ്യ ത്രോ കഴിഞ്ഞ് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന അന്നു പിന്നീട് നിരാശപ്പെടുത്തുകയായിരുന്നു. 

ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ജാവലിന്‍ താരമെന്ന നേട്ടത്തിലെത്തിയിരുന്നു നേരത്തെ അന്നു റാണി. സ്വന്തം ദേശീയ  റെക്കോര്‍ഡ് തിരുത്തിയാണ് അന്നു ഫൈനലിലെത്തിയത്. 62.43 മീറ്ററാണ് സെമിയില്‍ അന്നു റാണി പിന്നിട്ടത്.  

click me!