എല്ലാത്തിനും കാരണം തമ്മിലടി ; തോല്‍വി ചോദിച്ചുവാങ്ങിയതെന്നും നേതാക്കളുടെ വിമര്‍ശനം

By Web TeamFirst Published Sep 27, 2019, 7:37 PM IST
Highlights

ഘടകകക്ഷിയെ നിയന്ത്രിക്കുന്നതിന് യുഡിഎഫിന് പരിമിതിയില്ലേ എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. തമ്മിലടി തുടർന്നാല്‍ കേരള കോൺഗ്രസ്സിനെ യുഡിഎഫിൽ നിന്ന് പുറത്താക്കണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. 
 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മിന്നും ജയം നേടിയ യുഡിഎഫിനെ ഞെട്ടിച്ചുകൊണ്ടാണ്  പാലായിലെ ഫലം പുറത്തുവന്നത്. ജോസ് ടോമിന്‍റെ തോൽവിക്ക് കാരണം കേരള കോൺഗ്രസ്സിലെ ചേരിപ്പോരാണെന്ന കുറ്റപ്പെടുത്തലുമായി  മുന്നണി നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തുകയും ചെയ്തു. ഘടകകക്ഷിയെ നിയന്ത്രിക്കുന്നതിന് യുഡിഎഫിന് പരിമിതിയില്ലേ എന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. തമ്മിലടി തുടർന്നാല്‍ കേരള കോൺഗ്രസ്സിനെ യുഡിഎഫിൽ നിന്ന് പുറത്താക്കണമെന്ന് കെ മുരളീധരൻ ആവശ്യപ്പെട്ടു. 

പാലായിലേതിന് പിന്നാലെ അഞ്ചിടങ്ങളിലെ കൂടി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സിക്സറിടിക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. എന്നാല്‍,  അനായാസം അതിർത്തി കടത്തേണ്ട ആദ്യ ബാൾ തന്നെ കളഞ്ഞുകുളിച്ച അവസ്ഥയിലാണ് ഇപ്പോള്‍ മുന്നണി. 

തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയാണെന്നാണ് ഫലപ്രഖ്യാപനത്തിനു ശേഷം മുല്ലപ്പള്ളി പ്രതികരിച്ചത്. പാലായിലേത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം സാങ്കേതികമായ ഒരു പരാജയം മാത്രമാണ്. യുഡിഎഫിന്‍റെ അടിത്തറയില്‍ വിള്ളലുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read Also: തമ്മിലടിയെ പഴിച്ച് മുല്ലപ്പള്ളിയും, 'ഘടക കക്ഷിയെ നിയന്ത്രിക്കുന്നതിന് പരിധിയുണ്ട്'

തോല്‍വിക്ക് കാരണം തമ്മിലടിയാണെന്ന് വിമര്‍ശിച്ച കെ മുരളീധരന്‍,  ഈ പരാജയം കെ എം മാണിയുടെ ആത്മാവിനേറ്റ മുറിവ് കൂടിയാണെന്നും അഭിപ്രായപ്പെട്ടു. കോൺഗ്രസ് മികച്ച രീതിയിൽ പ്രവർത്തിച്ചുവെങ്കിലും കേരള കോൺഗ്രസിലെ തമ്മിലടി ജനങ്ങളുടെ മനസ് മടുപ്പിച്ചെന്നാണ് മുരളിയുടെ ആരോപണം. 

Read Also:തുറന്നടിച്ച് കെ മുരളീധരനും: 'തോൽവിക്ക് കാരണം തമ്മിലടി, ഇത് മാണിയുടെ ആത്മാവിനേറ്റ മുറിവ്'

ഇത് ചോദിച്ചുവാങ്ങിയ തോല്‍വിയാണ് എന്നായിരുന്നു എന്‍ കെ പ്രേമചന്ദ്രന്‍റെ പ്രതികരണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിട്ടും കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫിനായില്ലെന്നാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. 

Read Also:'എങ്ങനെ തമ്മിലടിച്ചാലും വോട്ടര്‍ സഹിക്കുമെന്ന അഹന്ത വേണ്ട'; കേരള കോൺഗ്രസിനെ പഴിച്ച് യുഡിഎഫ് നേതാക്കള്‍

പാലായിൽ തോറ്റത് ജോസ് ടോം മാത്രമല്ല, യുഡിഎഫിന്‍റെ ആത്മവിശ്വാസം കൂടിയാണ്.  ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും തകർപ്പൻ വിജയം നേടിയതിന്‍റെ ആത്മവിശ്വാസം മുഴുവൻ പാലായിൽ കളഞ്ഞു യുഡിഎഫ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ പോളിംഗ് ദിനം വരെ നീണ്ട ജോസ്-ജോസഫ് പോരിൽ പലപ്പോഴും കാഴ്ചക്കാരായ കോൺഗ്രസ് ഫലം വന്നപ്പോൾ ഇരുപക്ഷത്തിനുമെതിരെ ആഞ്ഞടിച്ചു. 

രണ്ടിലതർക്കത്തെ മറികടന്നും മുന്നണി വിജയം നേടുമെന്നായിരുന്നു,മുമ്പെങ്ങുമില്ലാത്ത വിധം പാലായില്‍ മുമ്പില്‍  നിന്ന് നയിച്ച കോൺഗ്രസിന്‍റെ പ്രതീക്ഷ. ശബരിമല മുതൽ കിഫ്ബി-കിയാ‌ൽ അടക്കമുള്ള അഴിമതികളും മാറിമാറി പ്രയോഗിച്ചിട്ടും കൈപ്പിടിയിലെ സീറ്റ് പോയതിലാണ് യുഡിഎഫിന്‍റെ ഞെട്ടൽ. 

Read Also:'യോജിച്ച് നിന്നില്ലെങ്കിൽ പുറത്ത് കളയണം, ജോസിന് പക്വതയില്ല', ആഞ്ഞടിച്ച് പി ജെ ജോസഫ്

ജോസ്- ജോസഫ് പോരിൽ കോൺഗ്രസ്സിൻറെ ട്രപ്പീസ് കളി ഇനിയെങ്കിലും നിർത്തണമെന്ന അഭിപ്രായക്കാർ പാർട്ടിയിലുണ്ട്. പക്ഷേ അഞ്ചിടത്ത് കൂടി അങ്കം വരാനിരിക്കെ വാക്കുകൾക്കപ്പുറത്ത് കേരളാ കോണ്‍ഗ്രസ് എമ്മിനോട് കടുപ്പിക്കാൻ യുഡിഎഫ് നേതൃത്വത്തിന് പരിമിതികളേറെയാണ്

 പാലാ പിടിച്ച എൽഡിഎഫ് ഇനി വർദ്ധിതവീര്യത്തോടെ അഞ്ചിടത്തുമിറങ്ങും. അത് കൊണ്ട് തന്നെ ഇനിയുള്ള പോര് കടക്കാൻ യുഡിഎഫിന് ഇരട്ടി അധ്വാനം നിർബന്ധം. 

Read Also:പാലാ പഴയ പാലായല്ല; കേരളാ കോണ്‍ഗ്രസ് മറന്നുപോയതും മാറിയ സമവാക്യവും!

click me!