Asianet News MalayalamAsianet News Malayalam

പാലാ പഴയ പാലായല്ല; കേരളാ കോണ്‍ഗ്രസ് മറന്നുപോയതും മാറിയ സമവാക്യവും!

കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന ഒരു തെരഞ്ഞെടുപ്പ് ഫലമാണ് ഇക്കുറി പാലായിലേത്. വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി വളര്‍ച്ച മുരടിച്ച് തളര്‍ച്ചയിലേക്കാണോ വീഴുന്നത്, കാത്തിരുന്ന് കാണാം...!

what happened to kerala congress m in pala by election
Author
Thiruvananthapuram, First Published Sep 27, 2019, 6:15 PM IST

രാഷ്ട്രീയത്തില്‍ ഒന്നും സ്ഥിരമല്ലെന്നാണ് പറയാറുള്ളത്.  അങ്ങനെ നോക്കിയാല്‍ രാഷ്ട്രീയകക്ഷികള്‍ തമ്മിലുള്ള ശത്രുതയും  സൗഹൃദവുമൊക്കെ ആപേക്ഷികമാണ്. രാഷ്ട്രീയത്തെ കണക്കുകളുടെയോ കണക്കുകൂട്ടലുകളുടെയോ കള്ളികളില്‍ ഒതുക്കാനും കഴിയില്ല. എപ്പോഴാണ് എങ്ങനെയാണ് സമവാക്യങ്ങള്‍ മാറിമറിയുക എന്ന് ആര്‍ക്കാണ് പറയാനാവുക!!

അങ്ങനെ മാറിമറിഞ്ഞൊരു സമവാക്യമാണ് പാലായില്‍ ഇക്കുറി കണ്ടത്. 54 വര്‍ഷമായി, എങ്ങനെയൊക്കെ കണക്കുകൂട്ടിയാലും അവിടുത്തെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ഉത്തരം  കേരളാ കോണ്‍ഗ്രസ് എം എന്നു തന്നെയായിരുന്നു. കെ എം മാണി അല്ലാതെയൊരു നേതാവിനെ പാലാക്കാര്‍ നിയമസഭയിലേക്ക് അയച്ചതേയില്ല. ബാര്‍ കോഴ വിവാദത്തിന്‍റെ നിഴലില്‍ നിന്നപ്പോഴും മാണിയെ പാലാ കൈവിട്ടില്ല. അങ്ങനെയുള്ള പാലായെ അനാഥമാക്കി മാണി അരങ്ങൊഴിഞ്ഞതോടെ പിന്‍ഗാമി ആര് എന്നതായി പാലാക്കാര്‍ക്കു മുമ്പിലെ ചോദ്യം. മാണിയുടെ സന്തത സഹചാരിയായിരുന്ന ജോസ് ടോമും, മാണിയോട് മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും പരാജയമേറ്റുവാങ്ങിയ മാണി സി കാപ്പനും തെരഞ്ഞെടുപ്പ് ഗോദായിലിറങ്ങിയതോടെ കാര്യങ്ങള്‍ മുമ്പെങ്ങുമില്ലാത്ത വിധം സങ്കീര്‍ണമായി. അതിലേക്ക് വഴിവച്ചതാവട്ടെ കേരളാ കോണ്‍ഗ്രസ് എമ്മിലെ ചേരിതിരിവുകളും.

Read Also: 'എങ്ങനെ തമ്മിലടിച്ചാലും വോട്ടര്‍ സഹിക്കുമെന്ന അഹന്ത വേണ്ട'; കേരള കോൺഗ്രസിനെ പഴിച്ച് യുഡിഎഫ് നേതാക്കള്‍

കെ എം മാണിയ്ക്കു ശേഷം പാര്‍ട്ടിയെ നയിക്കേണ്ടതാര് എന്ന ചോദ്യത്തിലുടക്കിയാണ് ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും ഉണ്ടായത്. അധികാരത്തര്‍ക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം ശക്തമായി പ്രതിഫലിച്ചതോടെ പ്രശ്നപരിഹാരത്തിന് അരയും തലയും മുറുക്കി യുഡിഎഫ് രംഗത്തെത്തി. പിന്നീട് നടന്ന രാഷ്ട്രീയനാടകങ്ങള്‍ക്കൊടുവില്‍ ജോസ് കെ മാണി വിഭാഗക്കാരനായ ജോസ് ടോം സ്ഥാനാര്‍ത്ഥിയായി. പക്ഷേ, വടംവലിയില്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില ജോസഫ് കൊണ്ടുപോയി. തന്നെ ചെയര്‍മാനായി അംഗീകരിക്കാതെ ചിഹ്നം വിട്ടുനല്‍കില്ലെന്ന് ജോസഫും ആരുടെയും ഔദാര്യം വേണ്ടെന്ന് ജോസ് കെ മാണിയും നിലപാട് കടുപ്പിച്ചതോടെ ജോസ് ടോമിന് കൈതച്ചക്ക കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചിഹ്നം എന്തായാലെന്താ ജയം യുഡിഎഫിനൊപ്പം തന്നെയെന്ന് പറ‌ഞ്ഞ് ജോസ് ടോം തന്‍റെ ആത്മവിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു. 

എന്നാല്‍, ഉള്‍പ്പാര്‍ട്ടി പോര് അവിടംകൊണ്ടൊന്നും അവസാനിച്ചില്ല. യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനെത്തിയ ജോസഫിനെ കൂവിവിളിച്ച് ജോസ് പക്ഷം നയം വ്യക്തമാക്കി. പിന്നാലെ, ജോസ് പക്ഷത്തെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ജോസഫ് പക്ഷം രംഗത്തുവന്നു. ഇത്തരക്കാര്‍ക്കൊപ്പം പ്രചാരണത്തിനിറങ്ങില്ലെന്നും ഉറപ്പിച്ച് പറഞ്ഞു. വീണ്ടും സമവായചര്‍ച്ചകള്‍, അനുനയശ്രമങ്ങള്‍. ഒടുവില്‍ എന്തായാലും ജോസ് ടോമിനു വേണ്ടി വോട്ടുതേടി പി ജെ ജോസഫും കൂട്ടരും പാലായിലെത്തി. അങ്ങനെ,യുഡിഎഫിലെ കരുത്തരായ നേതാക്കളെല്ലാം ആഞ്ഞുപിടിച്ചു ശ്രമിച്ചിട്ടും തെരഞ്ഞെടുപ്പു ഫലം വിപരീതമായെന്നു മാത്രം. 

നിയമസഭയില്‍ കെ എം മാണിയുടെ പിന്‍ഗാമിയാകാന്‍ വേണ്ടി ജോസ് ടോം അടുപ്പത്തു വച്ച വെള്ളം തിളച്ചില്ല. മൂന്നു നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തിനു മുമ്പേ എംഎല്‍എ കുപ്പായം തയ്പ്പിച്ച മാണി സി കാപ്പന്‍ ഇക്കുറി ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. 

Read Also: 2016ല്‍ കെ എം മാണിയെ വിറപ്പിച്ചു, ഇപ്പോള്‍ ചിരിച്ചു; പാലായില്‍ താരമായി മാണി സി കാപ്പന്‍

കണക്കുകളുടെ കളി

കെ എം മാണി എങ്ങോട്ടോ അങ്ങോട്ടു തന്നെ എന്നതാണ് പാലാ എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ള നയം. 1965 മുതല്‍ അതങ്ങനെ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഏറിയ കാലവും യുഡിഎഫിലേക്കായിരുന്നു പാലായ്ക്ക് ചായ്‍വ്. ഇക്കുറിയും കണക്കുകള്‍ പ്രകാരം സ്ഥിതിഗതികള്‍ യുഡിഎഫിന് അനുകൂലം എന്നായിരുന്നു അവസാനനിമിഷം വരെയുള്ള പ്രതീക്ഷ.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പാലായില്‍ ലഭിച്ചത് 33,472 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു. അതിന്‍റെ ആത്മവിശ്വാസം കുറച്ചൊന്നുമല്ല യുഡിഎഫിനുണ്ടായിരുന്നത്. ഭൂരിപക്ഷം കുറഞ്ഞാലും വിജയമല്ലാതൊരു സാധ്യത മുന്നിലുണ്ടെന്ന് യുഡിഎഫുകാരാരും കണക്കുകൂട്ടിയിരുന്നില്ല. 

what happened to kerala congress m in pala by electionബാര്‍ കോഴയില്‍ തട്ടി മാണി പ്രഭാവത്തിനു മങ്ങലേറ്റ 2016ലെ തെരഞ്ഞെടുപ്പില്‍ 4703 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഇവിടെ വിജയിച്ചത്. അതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് വെറും 374 വോട്ടുകള്‍ക്ക് കെ എം മാണിയെ വിജയിപ്പിച്ച ചരിത്രമുണ്ട് പാലായ്ക്ക്. 1970ലാണ് കോണ്‍ഗ്രസ് നേതാവ് എം എം ജേക്കബ്ബിനെതിരെ അങ്ങനെയൊരു വിജയം മാണിയും കേരളാ കോണ്‍ഗ്രസും നേടിയത്. അന്ന് ഇടതു പാളയത്തിലായിരുന്നു മാണിയും കൂട്ടരും.

തങ്ങളുടെ ശക്തിദുര്‍ഗത്തില്‍ ഇങ്ങനെയൊരു പരാജയം യുഡിഎഫ് സ്വപ്നേപി നിരൂപിച്ചിരിക്കില്ല എന്ന് സാരം, കേരളാ കോണ്‍ഗ്രസും കോണ്‍ഗ്രസും ഒന്നിച്ചുനിന്നിരുന്നെങ്കില്‍ ജോസ് ടോമിന്‍റെ വിജയം  ആര്‍ക്കും തടുക്കാനാവുമായിരുന്നില്ല എന്നു തന്നെയാണ് രാഷ്ട്രീയവിദഗ്ധരില്‍ നിന്നുള്ള വിലയിരുത്തല്‍. ഈ കണക്കിലെ കളിയില്‍ പിഴവ് വന്നത് കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കം കൊണ്ടാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരനും അടക്കമുള്ള നേതാക്കള്‍ കുറ്റപ്പെടുത്തുന്നതിന് കാരണവും മറ്റൊന്നല്ല.

Read Also: തുറന്നടിച്ച് കെ മുരളീധരനും: 'തോൽവിക്ക് കാരണം തമ്മിലടി, ഇത് മാണിയുടെ ആത്മാവിനേറ്റ മുറിവ്'

തുനിഞ്ഞിറങ്ങിയിട്ടും പാളിപ്പോയ കോണ്‍ഗ്രസ് നീക്കം

കേരളാ കോണ്‍ഗ്രസില്ലാതെ പാലായില്‍ കോണ്‍ഗ്രസ് ഒന്നുമല്ല. അഥവാ കെ എം മാണിയുടെ നിഴലിലാണ് പാലായില്‍ തെരഞ്ഞെടുപ്പുകളെ കോണ്‍ഗ്രസ് നേരിട്ടിരുന്നത്. അതിനു മാറ്റം വന്നത് ഇത്തവണയാണ്. മാണിയില്ലാത്ത പാലായില്‍ സര്‍വ്വസന്നാഹങ്ങളുമായാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. കേരളാ കോണ്‍ഗ്രസ് എമ്മിനെ ചേര്‍ത്തുപിടിച്ച് പാലായിലെ ജനങ്ങളിലേക്ക് കോണ്‍ഗ്രസ് ആഴത്തില്‍ ഇറങ്ങിച്ചെന്നു.

കോണ്‍ഗ്രസ് വോട്ടു മറിച്ചെന്നൊക്കെയുള്ള, തെരഞ്ഞെടുപ്പ് ഫലാനന്തരം ഉയരുന്ന പറച്ചിലുകളെ വെറും വെറുതെ എന്നു മാത്രമേ പറയാനാവൂ. ഇങ്ങനെയൊരു പഴിദോഷം തങ്ങള്‍ക്കുണ്ടാവരുതെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടുതന്നെ ആവുംവിധം പരിശ്രമിച്ച് ജോസ് ടോമിനു വേണ്ടി വോട്ടു ചോദിച്ചിട്ടുണ്ട് ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍.  തെരഞ്ഞെടുപ്പിന്‍റെ ഓരോ ഘട്ടത്തിലും ഉയര്‍ന്നുകേട്ട, കേരളാ കോണ്‍ഗ്രസിലെ അസ്വാരസ്യങ്ങളെ തങ്ങളാലാവും വിധം പരിഹരിക്കാനും അവ പ്രചാരണത്തില്‍ പ്രതിഫലിക്കാതിരിക്കാനും കോണ്‍ഗ്രസ് പരിശ്രമിച്ചിട്ടുമുണ്ട്. what happened to kerala congress m in pala by election

എന്നിട്ടും എന്തേ.....

കണക്കുകള്‍ അനുകൂലമായിട്ടും യുഡിഎഫ് കിണഞ്ഞു പരിശ്രമിച്ചിട്ടും പാലായില്‍ ജോസ് ടോം പച്ചതൊടാഞ്ഞതെന്തു കൊണ്ടെന്ന് ചോദിച്ചാല്‍ ഉത്തരം ഒന്നേയുള്ളു, കേരളാ കോണ്‍ഗ്രസ് എമ്മിനോടുള്ള ജനരോഷം. മാണിക്കു ശേഷം ആര് നയിക്കണം എന്നതിനെച്ചൊല്ലി പാര്‍ട്ടിയിലുണ്ടായ ചക്കളത്തിപ്പോരാണ് പാലാക്കാരെ വെറുപ്പിച്ചത്.

കാലാകാലങ്ങളായി യുഡിഎഫിന് വോട്ടു ചെയ്ത പലരും മാറിച്ചിന്തിച്ചത് ഈ അധികാരവടംവലി കണ്ട് മനംമടുത്തിട്ടാണെന്നാണ് പാലായിലെ ജനസംസാരം. ജോസ് ടോമിന് രണ്ടില ഇല്ലാതെ പോയതും തിരിച്ചടിയായി. അമിത ആത്മവിശ്വാസം ജോസ് കെ മാണി വിഭാഗത്തെ തുണച്ചില്ല എന്നതാണ് സത്യം. കേരളാ കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങള്‍ തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് മാണി സി കാപ്പനും കൂട്ടരും ഓരോ തവണ പറയുമ്പോഴും യുഡിഎഫ് ചിരിച്ചു തള്ളി. മാണിയെന്ന വികാരം മാത്രം മതി പാലാക്കാര്‍ യുഡിഎഫിനൊപ്പം നില്‍ക്കാന്‍ എന്നായിരുന്നു നേതാക്കളുടെ ധാരണ. അത് വെറും തെറ്റിദ്ധാരണയാണെന്ന് മനസ്സിലാക്കാന്‍ നേതാക്കള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം വരെ കാത്തിരിക്കേണ്ടി വന്നെന്ന് മാത്രം!

ജനാധിപത്യത്തെ വിലകുറച്ചു കാണരുതെന്ന മുന്നറിയിപ്പു കൂടിയാണ് പാലായിലെ ജനങ്ങള്‍ ഈ വിധിയെഴുത്തിലൂടെ കേരളാ കോണ്‍ഗ്രസിനും യുഡിഎഫിനും നല്‍കുന്നത്. സഹതാപതരംഗത്തിന്‍റെയും കുടുംബവാഴ്ചയുടെയും കാലം അസ്തമിച്ചെന്ന ഓര്‍മ്മിപ്പിക്കല്‍ കൂടിയാണ് അത്.

ഇനിയെന്ത്....

തെര‍ഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ കേരളാ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി യുഡിഎഫ് നേതാക്കള്‍ രംഗത്തുവന്നു കഴിഞ്ഞു. പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങള്‍ പാലായിലെ യുഡിഎഫ് വിജയത്തിന് വിഘാതമായി എന്നാണ് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ഘടകകക്ഷികളെ നിയന്ത്രിക്കുന്നതിന് യുഡിഎഫിന് പരിമിതികളുണ്ട് എന്നും അദ്ദേഹം കടുപ്പിച്ചു പറഞ്ഞു.

Read Also: തമ്മിലടിയെ പഴിച്ച് മുല്ലപ്പള്ളിയും; 'ഘടക കക്ഷിയെ നിയന്ത്രിക്കുന്നതിന് പരിധിയുണ്ട്'

ഈ തെരഞ്ഞെടുപ്പ് പരാജയം കൊണ്ടൊന്നും ജോസ് -ജോസഫ് തര്‍ക്കത്തിന് പരിഹാരമുണ്ടാകാന്‍ പോകുന്നില്ലെന്ന് പകല്‍ പോലെ വ്യക്തമാണ്. ജോസ് കെ മാണിയും പി ജെ ജോസഫും ഇരുവഴിക്ക് തന്നെയേ പാകാന്‍ സാധ്യതയുള്ളു. അപ്പോള്‍പ്പിന്നെ പ്രശ്നബാധിതമായ ഈ ഘടകക്ഷിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന ചോദ്യം മുന്നണിയില്‍ ഉയരുമെന്നുറപ്പ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലും ഇവരെക്കൊണ്ട് കാര്യമായ ഗുണമുണ്ടായില്ലെന്ന വസ്തുത യുഡിഎഫ് മറക്കാനുമിടയില്ല. അങ്ങനെനോക്കുമ്പോള്‍ കേരള രാഷ്ട്രീയചരിത്രത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന ഒരു തെരഞ്ഞെടുപ്പ് ഫലമാണ് ഇക്കുറി പാലായിലേത്. 

വളരുന്തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി വളര്‍ച്ച മുരടിച്ച് തളര്‍ച്ചയിലേക്കാണോ വീഴുന്നത്, കാത്തിരുന്ന് കാണാം...!

Read Also: 'യോജിച്ച് നിന്നില്ലെങ്കിൽ പുറത്ത് കളയണം, ജോസിന് പക്വതയില്ല', ആഞ്ഞടിച്ച് പി ജെ ജോസഫ്

Follow Us:
Download App:
  • android
  • ios