Asianet News MalayalamAsianet News Malayalam

'എങ്ങനെ തമ്മിലടിച്ചാലും വോട്ടര്‍ സഹിക്കുമെന്ന അഹന്ത വേണ്ട'; കേരള കോൺഗ്രസിനെ പഴിച്ച് യുഡിഎഫ് നേതാക്കള്‍

  • വിമര്‍ശനങ്ങളെല്ലാം കേരള കോണ്‍ഗ്രസിന്
  • തമ്മിലടി വിനയായെന്ന് വിമര്‍ശനം
  • തിരുത്തിയില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഓര്‍മപ്പെടുത്തല്‍
Udf leaders criticising kerala congress leaders in pala by election lose
Author
Pala, First Published Sep 27, 2019, 2:33 PM IST

കോട്ടയം: പാലായിലെ യുഡിഎഫ് തോല്‍വിക്ക് പിന്നാലെ കേരളാ കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ഘടകക്ഷി നേതാക്കള്‍.  ജനങ്ങളെ കോമാളിയാക്കിയുള്ള  രാഷ്ട്രീയ കളികളാണ് തോല്‍വിയിലേക്ക് നയിച്ചതെന്ന തരത്തിലാണ് ഒളിഞ്ഞും തെളിഞ്ഞുമുള്ള നേതാക്കളുടെ വിമര്‍ശനങ്ങള്‍.

കൺവന്‍ഷന്‍ മുതൽ എല്ലാം അലങ്കോലപ്പെടുത്തിയിട്ട്, ജനങ്ങള്‍ വിഡ്ഢികളെന്ന് കരുതരുതെന്നായിരുന്നു ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണിന്‍റെ വിമര്‍ശനം. പിജെ ജോസഫിനെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ കൂകി വിളിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഷിബു ബേബി ജോണിന്‍റെ വിമര്‍ശനം.

യുഡിഎഫ് ചോദിച്ചുവാങ്ങിയ തോൽവിയെന്നായിരുന്നു  എന്‍.കെ.പ്രേമചന്ദ്രന്‍ എംപിയുടെ വിമര്‍ശനം. യുഡിഎഫിന്‍റെ സംഘടനാദൗര്‍ബല്യത്തിനുള്ള തിരിച്ചടിയാണിത്. ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ ഇനിയും തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയിട്ടും കേരളാ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്നങ്ങള്‍ തീര്‍ക്കാനോ, തെരഞ്ഞെടുപ്പിനെ ബാധിക്കാതെ ഒതുക്കി നിര്‍ത്താനോ യുഡിഎഫിനാവാത്തതും പ്രമേചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.

പിജെ ജോസഫിനെ കൂവിയത് അവമതിപ്പുണ്ടാക്കിയെന്ന് കോൺഗ്രസ് വക്താവ് ജോസഫ് വാഴയ്ക്കന്‍ അഭിപ്രായപ്പെട്ടു. ഇതും വിരള്‍ ചൂണ്ടുന്നത് കേരളാ കോണ്‍ഗ്രസിനുള്ളിലെ വിഴുപ്പലക്കല്‍ തന്നെ. ഞെട്ടിക്കുന്ന തോൽവിക്ക് ശേഷമെങ്കിലും യുഡിഎഫ് നേതാക്കളുടെ മനോഭാവം മാറണമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് വിഎം.സുധീരന്‍ പറയുമ്പോള്‍ അതും ചെന്നു കൊള്ളുന്നത് കേരള കേണ്‍ഗ്രസില്‍ തന്നെയാണ്.

എന്ത് തമ്മിലടി നടത്തിയാലും പുതിയ വോട്ടര്‍മാര്‍ സഹിക്കുമെന്ന അഹന്ത തിരുത്താനുള്ള മുന്നറിയിപ്പെന്ന് പന്തളം സുധാകരന്‍ പറഞ്ഞപ്പോള്‍ അമിത ആത്മവിശ്വാസമാണ് തോൽവിക്ക് കാരണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പ്രതികരിച്ചു. രണ്ടിലയ്ക്കായുള്ള തമ്മിലടി മുതല്‍ അനിശ്ചിതത്വത്തില്‍ നിന്നുകൊണ്ടായിരുന്നു കേരളാ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ചിഹ്നം വോട്ടിങ് മെഷീനിലെ സ്ഥാനം തുടങ്ങി തമ്മിലടിയുടെ അലയൊലികള്‍ അവസാനം വരെ നിലനിന്നു. ഇതുതന്നെയാണ് വിമര്‍ശനങ്ങളെല്ലാം കേരളാ കോണ്‍ഗ്രസില്‍ കേന്ദ്രീകരിക്കാപ്പെടാനും കാരണം.

Follow Us:
Download App:
  • android
  • ios