തിരുവനന്തപുരം: പാലായിലെ യുഡിഎഫ് തോല്‍വിക്കു കാരണം  കേരളാ കോണ്‍ഗ്രസിലെ തമ്മിലടിയാണെന്ന്  കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു.   കേരളാ കോണ്‍ഗ്രസിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ തെരഞ്ഞെടുപ്പില്‍ ആദ്യാവസാനം നിലനിന്നത് യുഡിഎഫിന്‍റെ വിജയത്തിന് വിഘാതം സൃഷ്ടിച്ചു എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. ജനവിധി അംഗീകരിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. 

Read Also: 'യോജിച്ച് നിന്നില്ലെങ്കിൽ പുറത്ത് കളയും, ജോസിന് പക്വതയില്ല', ആഞ്ഞടിച്ച് പി ജെ ജോസഫ്

പാലായിലേത് യുഡിഎഫിനെ സംബന്ധിച്ചിടത്തോളം സാങ്കേതികമായ ഒരു പരാജയം മാത്രമാണ്. യുഡിഎഫിന്‍റെ അടിത്തറയില്‍ യാതൊരു വിള്ളലുമുണ്ടായിട്ടില്ല. ഒരു ഘടകക്ഷിയെ നിയന്ത്രിക്കുന്നതിന് യുഡിഎഫിന് പരിധികളുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് തര്‍ക്കത്തിലെ ഇടപെടലിനെക്കുറിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Read Also:തോൽവിയല്ല, കാര്യങ്ങൾ പഠിക്കാനുള്ള പ്ലാറ്റ് ഫോം; നിഷ ജോസ് കെ മാണി

കേരളാ കോണ്‍ഗ്രസിലെ ചേരിപ്പോര് പാലായിലെ വോട്ടര്‍മാരെ കോപാകുലരാക്കി എന്നതാണ് യാഥാര്‍ത്ഥ്യം. ഇടതുപക്ഷമുന്നണിക്കും സിപിഎമ്മിനും ഈ വിജയത്തില്‍ ഒരു മേനിയും അവകതാശപ്പെടാനില്ല. ഈ സര്‍ക്കാരിനെതിരെ ശകത്മായ പ്രതിഷേധം ഇപ്പോഴും സംസ്ഥാനത്തുടനീളമുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുഴുവന്‍ മന്ത്രിമാരും ഉദ്യോഗസ്ഥസംഘവും പാലായില്‍ താമസിച്ച് നഗ്നമായ അധികാരദുര്‍വിനിയോഗമാണ് നടത്തിയത്. മൂന്നു ദിവസം സെക്രട്ടേറിയറ്റിന് അവധി പ്രഖ്യാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയും സംഘവും പാലായില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.

Read Also:തുറന്നടിച്ച് കെ മുരളീധരനും: 'തോൽവിക്ക് കാരണം തമ്മിലടി, ഇത് മാണിയുടെ ആത്മാവിനേറ്റ മുറിവ്'

കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ആത്മവീര്യം  ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തേതു പോലെ തന്നെ ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. വരാന്‍ പോകുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളിലും യഥാര്‍ത്ഥ ജനവിധിക്കായി കേരളം കാത്തിരിക്കുന്നു. ഈ പോരാട്ടത്തില്‍ സിപിഎമ്മിനെയും ബിജെപിയെയും യുഡിഎഫ് വെല്ലുവിളിക്കുന്നു. പാലായില്‍ ബിജെപി വോട്ടുകള്‍ സിപിഎമ്മിലേക്ക് മറിഞ്ഞു. 7000 വോട്ടുകളാണ് ഇത്തവണ ബിജെപിയുമായി സിപിഎം കച്ചവടം നടത്തിയിരിക്കുന്നത്. ബിജെപി വോട്ട് മാറിച്ചെയ്തിട്ടുണ്ടെന്ന് മാണി സി കാപ്പന്‍ സമ്മതിച്ചിട്ടുമുണ്ട്. ബിജെപിയുടെ വോട്ടു വാങ്ങിയിട്ടു പോലും എല്‍ഡിഎഫിന് ഇത്തവണ കഴിഞ്ഞ തവണത്തേതിലും 44 വോട്ടുകള്‍ കുറഞ്ഞിരിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

Read Also:രാമപുരം കയ്യിൽ നിന്ന് പോയി, തുടക്കത്തിലേ ഞെട്ടി: പാലായിൽ യുഡിഎഫിന് പിഴച്ചതെവിടെ?