
കുവൈത്ത് സിറ്റി: സന്ദർശക വിസയിലെത്തി നിശ്ചിത സമയം കഴിഞ്ഞും കുവൈത്തിൽ തുടരുന്നവരിൽ നിന്ന് ഓരോ ദിവസവും പത്ത് ദീനാർ വീതം പിഴ ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. പരമാവധി ആയിരം ദീനാറാണ് പിഴയായി ഈടാക്കുക.
കൊമേഴ്സ്യൽ സന്ദർശക വിസ, ഭാര്യയും കുട്ടികളും ഒഴികെയുള്ളവരുടെ സന്ദർശക വിസ എന്നിവക്ക് ഒരുമാസത്തെ കാലാവധി മാത്രമാണ് ഇപ്പോൾ കുവൈത്തിൽ ഉള്ളത്. യൂറോപ്യൻ പൗരന്മാരുടെ ടൂറിസ്റ്റ് വിസക്കും കുവൈത്തിൽ ഇഖാമയുള്ള വിദേശികളുടെ ഭാര്യ, കുട്ടികൾ എന്നിവരുടെ സന്ദർശക വിസക്കും മൂന്നുമാസത്തെ കാലാവധിയുണ്ട്. സ്പോൺസറുടെ ശമ്പളം അടിസ്ഥാനമാക്കിയാണ് സന്ദർശക വിസയുടെ കാലാവധി തീരുമാനിക്കുന്നത്.
വിദേശികൾക്ക് രക്ഷിതാക്കളെ സന്ദർശക വിസയിൽ കൊണ്ടുവരണമെങ്കിൽ കുറഞ്ഞത് 500 ദീനാർ ശമ്പളം വേണം. അതേസമയം, ഭാര്യയെയും കുട്ടികളെയും കൊണ്ടുവരാൻ 250 ദീനാർ മതി. സഹോദരങ്ങളുടെ സന്ദർശന വിസക്ക് പരമാവധി 30 ദിവസമാണ് കാലപരിധി. സ്പോൺസറുടെ ജോലിയും സാഹചര്യങ്ങളും സന്ദർശനത്തിന്റെ ഉദ്ദേശ്യവും അനുസരിച്ച് എമിഗ്രേഷൻ മാനേജർക്ക് വിസ കാലാവധി വെട്ടിക്കുറക്കാൻ അവകാശമുണ്ടാവും. ഭാര്യ, കുട്ടികൾ, രക്ഷിതാക്കൾ എന്നിവരുടെയെല്ലാം വിസ കാലാവധി എമിഗ്രേഷൻ മാനേജറുടെ വിവേചനാധികാര പരിധിയിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam